തിരുവനന്തപുരം: ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ ഒ.ജെ.ജനീഷ് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത്. വർക്കിങ് പ്രസിഡൻ്റ സ്ഥാനത്തേക്ക് ബിനു ചുള്ളിയിൽ തെരഞ്ഞടുക്കപ്പെട്ടു. അബിൻ വർക്കിയെയും കെ.എം. അഭിജിത്തിനെയും ദേശീയ സെക്രട്ടറിമാരാക്കാനാണ് ദേശീയ നേതൃത്വത്തിൻ്റെ തീരുമാനം. പാർട്ടി വലിയ ഉത്തരവാദിത്വമാണ് ഏൽപ്പിച്ചിരിക്കുന്നത് എന്നും പ്രതിസന്ധിയുടെ കാലഘട്ടത്തിൽ യൂത്ത് കോൺഗ്രസിനെ നയിക്കുക പ്രയാസമേറിയ കാര്യമാണെന്നും ഒ.ജെ. ജനീഷ് പറഞ്ഞു.
വിവാദങ്ങൾക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രാജിവെച്ച ഒഴിവിലേക്കാണ് ഒ. ജെ. ജനീഷിനെ തെരഞ്ഞെടുത്തിരിക്കുന്നത്. യൂത്ത് കോൺഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ടു കിട്ടിയ നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ച് അഭിമുഖം നടത്തിയ ശേഷമായിരുന്നു ദേശീയ നേതൃത്വത്തിൻ്റെ തീരുമാനം. തൃശൂരിൽ നിന്നുള്ള യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ഉപാധ്യക്ഷനാണ് ഒ.ജെ.ജനീഷ്. ജില്ലയിൽ കെഎസ്‌യു, യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കെ.എം. അഭിജിത്ത് അല്ലെങ്കിൽ ഒ.ജെ. ജനീഷ് എന്നിങ്ങനെ രണ്ട് പേരുകളായിരുന്നു ഷാഫി പറമ്പിൽ പക്ഷത്ത് നിന്ന് ഉയർന്ന നിർദേശം. എന്നാൽ ഇതിൽ എതിർപ്പുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഒടുവിൽ ഷാഫിയുടെ ആവശ്യം തന്നെ ദേശീയ നേതൃത്വം അംഗീകരിച്ചു.
അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി ഒ.ജെ. ജനീഷ് രംഗത്തെത്തി. പാർട്ടി വലിയ ഉത്തരവാദിത്വമാണ് ഏൽപ്പിച്ചിരിക്കുന്നതെന്ന് ഒ.ജെ. ജനീഷ് പറയുന്നു. പ്രതിസന്ധിയുടെ കാലഘട്ടത്തിൽ യൂത്ത് കോൺഗ്രസിനെ നയിക്കുക പ്രയാസമേറിയ കാര്യമാണ്. ചുമതല 100% ആത്മാർഥതയോട് കൂടി നിർവഹിക്കും. യൂത്ത് കോൺഗ്രസിനെ നയിക്കുക എന്നുള്ള കാര്യം വളരെ അഭിമാനത്തോടുകൂടിയാണ് നോക്കിക്കാണുന്നതെന്നും ഒ.ജെ. ജനീഷ് പറഞ്ഞു.