വയനാട്: ടൗൺഷിപ്പിലെ വിള്ളലുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രി കെ. രാജനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ ജനീഷ്. കടുത്ത വേനലിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴേക്കും മന്ത്രിക്ക് വല്ല മാനസിക പ്രശ്നമുണ്ടായോ എന്നും, മന്ത്രി മായ്ച്ചു കളഞ്ഞാൽ പോകുന്നതല്ല വിള്ളലെന്നും ജനീഷ് പരിഹസിച്ചു.
തെരഞ്ഞെടുപ്പിന് മുമ്പേ ടൗൺഷിപ്പ് ഉദ്ഘാടനം ചെയ്ത് പ്രഹസനം നടത്തി. ഏതെങ്കിലും വീട്ടുകാർക്ക് അവരുടെ വീട്ടിൽ കേറി താമസിക്കാൻ പറ്റിയോ എന്നും ജനീഷ് ചോദിച്ചു. ചെറുതായി വെള്ളം കിനിഞ്ഞ ഭാഗത്ത് പെൻസിൽ കൊണ്ട് വരച്ചതാണെന്നാണ് മന്ത്രി സന്ദർശനത്തിന് ശേഷം പറഞ്ഞത്. ഭൂകമ്പത്തെ പോലും പ്രതിരോധിക്കുന്ന വിധത്തിലുള്ളതാണ് എന്നായിരുന്നല്ലോ സർക്കാരിൻ്റെ അവകാശവാദം എന്നും ജനീഷ് കുമാർ പറഞ്ഞു.
മന്ത്രി കെ. രാജനെതിരെ വയനാട് ടൗൺഷിപ്പിലെ വിള്ളൽ കണ്ടെത്തിയ വീടിൻ്റെ ഉടമസ്ഥൻ നൗഫലും രംഗത്തെത്തി. മേൽക്കൂരയിൽ നോക്കിയാൽ വിള്ളൽ കൃത്യമായി മനസിലാകുമെന്നും, മന്ത്രി മാർക്ക് ചെയ്തത് മാത്രം മായ്ക്കാൻ ശ്രമിച്ചുവെന്നും വിള്ളൽ വന്ന ഭാഗം തൊട്ടില്ലെന്നും നൗഫൽ ആരോപിച്ചു. വീടുടമയായ തന്നോട് മന്ത്രി ഒന്നും ചോദിച്ചില്ല. വിള്ളൽ ഉണ്ടെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ തനിക്ക് ഭീഷണി എന്നും നൗഫൽ വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് ടൗൺഷിപ്പിൽ ആദ്യഘട്ടം കൈമാറാനുള്ള രണ്ട് വീടുകളിൽ വിള്ളൽ കണ്ടെത്തിയെന്ന പരാതി വന്നത്. നിർമാണം പൂർത്തിയാക്കുന്ന 178 വീടുകളിൽ ഉൾപ്പെട്ട 7, 8 നമ്പർ വീടുകളിലാണ് വിള്ളൽ കണ്ടെത്തിയതെന്ന് വീട്ടുടമ നൗഫൽ ആരോപിക്കുകയായിരുന്നു. വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതായി വീട്ടുടമസ്ഥൻ നൗഫൽ പറഞ്ഞിരുന്നു.
വിള്ളലുമായി ബന്ധപ്പെട്ട് ഉണ്ടായ ആരോപണങ്ങൾ വിവാദങ്ങൾക്ക് വഴിവെച്ചതോടെയാണ് മന്ത്രി കെ. രാജൻ ഇന്ന് ടൗൺഷിപ്പിലെത്തിയത്. തുടർന്ന് പരിശോധനയ്ക്ക് ശേഷം നിർമാണം പൂർത്തിയാക്കിയ വീട്ടിൽ വിള്ളൽ കണ്ടെത്തിയെന്ന വാർത്ത ശരിയല്ലെന്ന് കെ. രാജൻ വ്യക്തമാക്കുകയും ചെയ്തു.
ചെറുതായി വെള്ളം കിനിഞ്ഞ ഭാഗത്ത് പെൻസിൽ കൊണ്ട് വരച്ചതാണ്. നിരവധി പരിശോധനകൾ നടത്തിയ ശേഷം പൂർണമായും പ്രശ്നങ്ങൾ ഇല്ലെന്നുറപ്പിച്ച് മാത്രമേ ദുരന്തബാധിതർക്ക് വീടുകൾ കൈമാറൂ. ദുരന്തബാധിതർ കൂടി കണ്ട് വീടുകൾക്ക് കുഴപ്പമില്ലെന്ന് ഉറപ്പിച്ചാണ് വീടുകൾ കൈമാറുകയെന്നും മന്ത്രി പറഞ്ഞിരുന്നു.
വീട് കൈമാറി കഴിഞ്ഞാലും അഞ്ച് വർഷത്തേക്ക് വീടുകൾക്കുണ്ടാകുന്ന കേടുപാടുകൾ ഊരാളുങ്കൽ കമ്പനി പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു. നികത്തും വരെ ഓരോ വീടിൻ്റേതുമായി കമ്പനിക്ക് നൽകാനുള്ള ഒരു നിശ്ചിതസംഖ്യ സർക്കാർ പിടിച്ചുവയ്ക്കും. അഞ്ച് വർഷത്തിന് ശേഷം ആരുടെയും പരാതി അവരുടെ വീടുകളിലില്ലെങ്കിൽ മാത്രം പിടിച്ചുവച്ച പണം റിലീസ് ചെയ്യും. അത്രയും ഉത്തരവാദിത്തത്തോടെയാണ് ഈ വീടുകളുടെ നിർമാണം സർക്കാർ പൂർത്തിയാക്കുന്നതെന്നും മന്ത്രി പറഞ്ഞു.