കണ്ണൂർ: കണ്ണൂർ പയ്യാമ്പലം ഗസ്റ്റ് ഹൗസ് പരിസരത്തെ സീ പാത്ത് വേയിലെ ശിലാഫലകവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തം. ഉമ്മൻചാണ്ടിയുടെ പേരിലുള്ള ശിലാഫലകം മാറ്റി മുഹമ്മദ് റിയാസിൻ്റെ പേരെഴുതിയ ഫലകം സ്ഥാപിച്ചെന്നാണ് പരാതി.
കണ്ണൂർ പയ്യാമ്പലം ഗസ്റ്റ് ഹൗസ് പരിസരത്തെ സീ പാത്ത് വേയുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. സ്ഥലത്തെത്തിയ കോൺഗ്രസ് പ്രവർത്തകർ മാറ്റിവെച്ച ശിലാഫലകം പുനസ്ഥാപിക്കുകയും ചെയ്തു.
കണ്ണൂർ പയ്യാമ്പലത്തെ സീ പാത്ത് വേ യും സീ വ്യൂ പാർക്കും കേന്ദ്രീകരിച്ചാണ് വിവാദം ഉണ്ടായത്. 2015 മെയ് 15 ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയായിരുന്നു പാർക്ക് ഉദ്ഘാടനം ചെയ്തത്. പ്രവേശന കവാടത്തിന് സമീപം ഉദ്ഘാടനശേഷം ശിലാഫലകവും സ്ഥാപിച്ചിരുന്നു.
2022 മാർച്ച് 6 ന് പാത് വേ യും പാർക്കും നവീകരിച്ച് സന്ദർശകർക്കായി തുറന്നുകൊടുത്തു. ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസാണ് നവീകരിച്ച പാർക്ക് ഉദ്ഘാടനം ചെയ്തത്. ഈ ഉദ്ഘാടനത്തിൻ്റെ ഭാഗമായി ശിലാഫലകം സ്ഥാപിക്കാനാണ് പഴയ ഫലകം മാറ്റിയതെന്ന് കോൺഗ്രസ് ആരോപിച്ചു. നവീകരിച്ച് ഉദ്ഘാടനം ചെയ്ത ശിലാഫലകം സ്ഥാപിക്കുമ്പോൾ പഴയത് നിലനിർത്തണമായിരുന്നു എന്നാണ് കോൺഗ്രസിൻ്റെ വാദം.
കഴിഞ്ഞ ദിവസമാണ് പാർക്കിലെ കൗണ്ടറിന് സമീപം പഴയ ഫലകം മാറ്റിവെച്ച നിലയിൽ കോൺഗ്രസ് പ്രവർത്തകർ കണ്ടത്. ഇതോടെയാണ് ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജിൻ്റെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരുമെത്തി ഉമ്മൻചാണ്ടിയുടെ പേരുള്ള ശിലാഫലകം പുനസ്ഥാപിച്ചത്. സംഭവത്തിൽ പാർക്കിൻ്റെ ചുമതലയുള്ള ഡിടിപിസിക്ക് കോൺഗ്രസ് പരാതി നൽകും.