ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി കോഴ്സുകൾക്ക് കേരള സർവകലാശാലയിൽ അംഗീകാരമില്ലാത്ത സംഭവത്തിൽ വിമർശനവുമായി ഓപ്പൺ സർവകലാശാല. കേരള സർവകലാശാലയുടെ നടപടി കോടതി വിധികൾക്കെതിരാണെന്ന് വിസി ഡോ. വി.പി. ജഗദിരാജ് പറഞ്ഞു. വിഷയത്തിൽ കേരള സർവകലാശാല വിസിയ്ക്ക് കത്തയച്ചിട്ടുണ്ടെന്നും ഉടൻ ഉത്തരവിറക്കാമെന്ന് കേരള സർവകലാശാല വിസി ഉറപ്പ് നൽകിയെന്നും വിസിഡോ. വി.പി. ജഗദിരാജ് പറഞ്ഞു.
ആവശ്യമെങ്കിൽ നിയമനടപടിയ്ക്ക് പോകാൻ കഴിയും. പ്രവേശന നടപടികളിൽ വിദ്യാർഥികളോട് യോഗ്യതാ സർട്ടിഫിക്കറ്റ് ചോദിക്കാൻ പാടില്ലെന്ന് തീരുമാനമുണ്ട്. പരസ്പരം അംഗീകരിച്ച രീതിയാണിതെന്നും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വിസി പറഞ്ഞു. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്ന എല്ലാ പ്രോഗ്രാമുകൾക്കും കേരളത്തിലെ മറ്റു സർവകലാശാലകൾ നടത്തുന്ന പ്രോഗ്രാമുകൾക്കുള്ള തുല്യ അംഗീകാരം ഉണ്ട്. യുജിസി റെഗുലേഷൻസ് 2020ന്റെ റെഗുലേഷൻ 22 പ്രകാരം റെഗുലർ മോഡിലൂടെ ലഭിക്കുന്ന ഡിഗ്രിയും ഓപ്പൺ & ഡിസ്റ്റൻസ് മോഡിലൂടെ ലഭിക്കുന്ന ഡിഗ്രിയും തുല്യമാണെന്നും വിസി പ്രൊഫ. ഡോ. ജഗതി രാജ് വി.പി. പറഞ്ഞു.
ചില യൂണിവേഴ്സിറ്റികൾ ഓപ്പൺ സർവകലാശാലയുടെ പിജി പഠിച്ചിറങ്ങിയ കുട്ടികളിൽ നിന്നും ഇക്ക്വലൻസി സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതിൻ്റെ പശ്ചാത്തലത്തിലാണ് വിസി കാര്യങ്ങളിൽ വ്യക്തത വരുത്തിയത്. യുജിസിയുടെ മേൽ സൂചിപ്പിച്ച റെഗുലേഷൻ കൂടാതെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പ്രകാരവും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പോലുള്ള യുജിസി അംഗീകരിച്ചിട്ടുള്ള വിദൂര വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്ന ഡിഗ്രികൾ മറ്റു സർവകലാശാലകളും സ്ഥാപനങ്ങളും അംഗീകരിക്കണം എന്ന് നിഷ്കർഷിച്ചിട്ടുണ്ടെന്നും വിസി പറഞ്ഞു.
ബിഎഡ് പോലുള്ള കോഴ്സുകൾക്ക് പിജിക്ക് വെയിറ്റേജ് മാർക്ക് നൽകാറുണ്ട്. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്നും പിജി പഠിച്ചിറങ്ങുന്നവർക്കും മറ്റു സർവകലാശാലകളിലെ പിജി സർട്ടിഫിക്കറ്റിന് ലഭിക്കുന്ന അതേ വെയിറ്റേജ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പ്രകാരം നൽകണം. യുജിസിയും ഇക്വലൻസി ആവശ്യമില്ല എന്ന് നിഷ്‌കർഷിക്കുന്നുണ്ട്. നിരവധി കോടതി ഉത്തരവുകളും ഇതുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. ഓപ്പൺ യൂണിവേഴ്സിറ്റി കോഴ്സുകൾ എല്ലാം യുജിസി അംഗീകാരം ഉള്ളതാണെന്നും റെക്കഗ്നിഷൻ തടസങ്ങൾ ഉണ്ടാവരുതെന്നും എല്ലാ യൂണിവേഴ്സിറ്റി രജിസ്ട്രാർമാർക്കും കത്ത് അയച്ചിട്ടുണ്ടെന്നും വിസി വ്യക്തമാക്കി.
എല്ലാ സർവകലാശാലകളുടെയും വൈസ് ചാൻസിലർമാർ പങ്കെടുത്ത, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെ ഗവേണിങ്ങ് ബോഡി മീറ്റിംഗിൽ ഈ വിഷയം ചർച്ച ചെയ്യുകയും കേരളത്തിലുള്ള യൂണിവേഴ്സിറ്റികൾ ഇക്വലൻസി സർട്ടിഫിക്കറ്റ് ആവശ്യപ്പെടില്ല എന്ന് തീരുമാനിക്കുകയും ചെയ്തിട്ടുള്ളതാണ്. ഇത് സംബന്ധിച്ച ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെ ഉത്തരവ് ഉടൻ പുറത്തിറങ്ങും. എന്നിട്ടും ഇത്തരത്തിൽ വിദ്യാർഥികളെ ദ്രോഹിക്കുന്ന നടപടികൾ ചില സർവകലാശാലകൾ എടുക്കുന്നത് ഖേദകരമാണ്, ഡോ. ജഗതി രാജ് വി.പി.
യൂണിവേഴ്സിറ്റികൾ സ്വയംഭരണ സ്ഥാപനങ്ങൾ ആയതുകൊണ്ട് തന്നെ അതാത് യൂണിവേഴ്സിറ്റികൾ ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇറക്കുകയാണ് ചെയ്യേണ്ടതെന്നും എന്ന് വൈസ് ചാൻസിലർ ചൂണ്ടിക്കാട്ടി. ഈ വിഷയം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ഇത് സംബന്ധിച്ച കത്തുകൾ ഗവർണർക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും, ഹയർ എഡ്യൂക്കേഷൻ കൗൺസിലിനുമടക്കം നൽകിയിട്ടുണ്ട് എന്നും ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന പഠിതാക്കൾക്ക് ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു ആശങ്കയും വേണ്ട എന്നു വൈസ് ചാൻസിലർ കൂട്ടിച്ചേർത്തു.