ഓപ്പറേഷൻ നുംഖോറിലൂടെ 36 വാഹനങ്ങൾ പിടിച്ചെടുത്തെന്ന് കസ്റ്റംസ്. ഭൂട്ടാനിൽ നിന്ന് കാറുകൾ കടത്തുന്ന സംഘത്തെ കണ്ടെത്തി. ഭൂട്ടാനിൽ നിന്ന് കടത്തിയതിൽ ഇരുന്നൂറോളം കാറുകൾ കേരളത്തിലുണ്ട്. വ്യാജരേഖ ചമച്ചാണ് വണ്ടി എത്തിച്ചത്. വാഹനങ്ങൾക്ക് ഇൻഷുറൻസോ ഫിറ്റ്നസോ ഇല്ല. ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ച വാഹനങ്ങൾ കടത്തിക്കൊണ്ട് വരുന്നതിന് പിന്നാൽ വൻ റാക്കറ്റെന്നും കസ്റ്റംസ് കമ്മീഷണർ ടി. ടിജു വിശദീകരിച്ചു.
സെക്കന്റ് ഹാൻഡ് കാർ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ അനുമതിയില്ല. ഭൂട്ടാനിലേക്ക് വാഹനങ്ങൾ എത്തിച്ചു ഇന്ത്യയിലേക്ക് കടത്തുക ആയിരുന്നു രീതി. ഇന്ത്യൻ കറൻസിയും വിദേശ കറൻസിയും ഭൂട്ടാനിൽ ബിസിനസിനായി കൊണ്ടുവന്നു. വ്യാജ രേഖകൾ ഉണ്ടാക്കിയാണ് വണ്ടികൾ എത്തിച്ചത്. ഇന്ത്യൻ ആർമിയുടെ പേര് ദുരുപയോഗം ചെയ്തു. രേഖകൾക്കായി പരിവാഹൻ വെബ്സൈറ്റിൽ പോലും കൃത്രിമം കാണിച്ചുവെന്നും കസ്റ്റംസ് കമ്മീഷണർ പറഞ്ഞു.
ഇന്ത്യ - ഭൂട്ടാൻ ബോർഡറിലൂടെ ഈ വാഹനങ്ങളിൽ സ്വർണവും മയക്കുമരുന്നും കൊണ്ടുവരുന്നു. കാർ വാങ്ങിയതും വിറ്റതും നിയമ വിരുദ്ധമായ മാർഗത്തിലൂടെയാണ്. 90 % വണ്ടികളും വ്യാജ രേഖ ഉപയോഗിച്ചാണ് കടത്തിയത്. വൻ നികുതി വെട്ടിപ്പും കണ്ടെത്തി. വണ്ടികൾക്ക് ഇൻഷുറൻസോ ഫിറ്റ്നസോ ഇല്ല. മാസങ്ങൾ കഴിഞ്ഞിട്ടും കേരളത്തിൽ ആരുടെയും പേരിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടില്ല. ജിഎസ്ടി, ഇൻകം ടാക്സ്, എൻഫോസ്‌മെന്റ് പ്രശ്നങ്ങൾ കണ്ടെത്തി. തീവ്രവാദ ഫണ്ടിങ്ങിന് ഉപയോഗിച്ചോ എന്ന് പരിശോധിക്കുന്നു. മറ്റു സംസ്ഥാനങ്ങളിലും ഇത്തരം വാഹനങ്ങൾ ഉണ്ടാകും. രണ്ട് വർഷമായി ഇത്തരം ഇടപാടുകൾ നടക്കുന്നു. സമ്പന്നർക്ക് ആണ് വാഹനം കൈമാറിയതെന്നും കസ്റ്റംസ് കമ്മീഷണർ പറഞ്ഞു.
സിനിമാതാരങ്ങളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ ദുൽഖർ സൽമാൻ, അമിത് ചക്കാലയ്ക്കൽ, പൃഥ്വിരാജ് എന്നിവരുടെ വീടുകളിൽ റെയ്ഡ് നടത്തിയെന്ന് കസ്റ്റംസ് അറിയിച്ചു. ദുൽഖർ സൽമാന്റെ രണ്ട് വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തു. പൃഥ്വിരാജിൻ്റെ വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തിട്ടില്ല. എംവിഡി, എടിഎസ് എന്നിവർ പരിശോധനയിൽ സഹകരിച്ചു. ഉടമകൾ നേരിട്ട് ഹാജരാകേണ്ടി വരും. രേഖകൾ കൃത്യം അല്ലെങ്കിൽ കള്ളക്കടത്ത് എന്ന നിലയിൽ വാഹനങ്ങൾ പിടിച്ചെടുക്കും. കസ്റ്റംസ് നിയമം അനുസരിച്ചുള്ള പരിധി നോക്കിയേ അറസ്റ്റ് ഉണ്ടകുമോ എന്ന് പറയാൻ ആകൂവെന്ന് കസ്റ്റംസ് കമ്മീഷണർ അറിയിച്ചു.
കോയമ്പത്തൂർ കേന്ദ്രമാക്കിയ സംഘം ആണ് ഇതിന് പിന്നിൽ. പ്രഥമ ദൃഷ്ട്യാ ഭൂട്ടനിൽ നിന്ന് കൊണ്ടവന്നതാണ് എന്ന് ബോധ്യപ്പെട്ടതിനാൽ ആണ് വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തത്. ഭൂട്ടാൻ സൈന്യത്തിന്റെതാണോ എന്ന് വ്യക്തമല്ല. ബന്ധപ്പെട്ട ഏജൻസികൾക്ക് വിവരം കൈമാറും. ഭൂട്ടാനിലേക്ക് വാഹനം ഇറക്കുമതി ചെയ്യാൻ തീരുവ കുറവാണ്. കേസ് അന്വേഷണത്തിന് ആവശ്യമെങ്കിൽ എൻഐഎ സഹായവും തേടുമെന്നും ടി. ടിജു വിശദീകരിച്ചു.