കൊച്ചി: നടൻ ദുൽഖർ സൽമാനെ വിടാതെ കസ്റ്റംസ്. ഓപ്പറേഷൻ നുംഖോറിൻ്റെ ഭാഗമായി ദുൽഖറിൻ്റെ ഉടമസ്ഥതയിലുള്ള മറ്റൊരു വാഹനം കൂടി പിടികൂടി. കൊച്ചിയിലുള്ള ഫ്ലാറ്റിൽ നിന്നാണ് ദുൽഖര്‍ സൽമാന്‍റെ നിസാൻ പട്രോൾ കാര്‍ കസ്റ്റംസ് കണ്ടെത്തിയത്. രേഖകളിൽ വാഹനത്തിന്‍റെ ഫസ്റ്റ് ഓണര്‍ ഇന്ത്യൻ ആര്‍മി എന്നാണുള്ളത്.
ദുൽഖറിന്‍റെ രണ്ട് ലാൻഡ് റോവർ വാഹനങ്ങളും രണ്ട് നിസാൻ പട്രോൾ വാഹനങ്ങളുമാണ് നിലവിൽ കസ്റ്റംസിന്‍റെ സംശയനിഴലിലുള്ളത്. ഇതിൽ ഒരു ലാന്‍ഡ് റോവര്‍ നേരത്തെ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. തമിഴ്നാട് രജിസ്‌ട്രേഷൻ ലാൻഡ് റോവർ ഡിഫൻഡറാണ് (TN 01 AS 0155) കസ്റ്റഡിയിലെടുത്തത്. കാറിന്റെ മൂന്നാമത്തെ ഓണറാണ് ദുൽഖർ സൽമാനെന്നാണ് വിവരം. രണ്ട് നിസാൻ പട്രോള്‍ കാറുകളിൽ ഒരെണ്ണമാണ് ഇപ്പോള്‍ കണ്ടെത്തിയത്.
അതേസമയം, ഭൂട്ടാൻ വാഹനതട്ടിപ്പുമായി ബന്ധപ്പെട്ട കസ്റ്റംസ് നടപടിയെ ചോദ്യം ചെയ്ത് ദുൽഖർ സൽമാൻ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ദുൽഖറിൻ്റെ ലാന്‍ഡ് റോവര്‍ വാഹനം പിടിച്ചെടുത്തത് ചോദ്യം ചെയ്താണ് ഹര്‍ജി സമർപ്പിച്ചത്. എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്ന് ദുല്‍ഖര്‍ ഹർജിയിൽ പറയുന്നു.
ഭൂട്ടാന്‍ ആര്‍മിയും മറ്റും ഉപേക്ഷിച്ചതും വിന്റേജ് കാറ്റഗറിയില്‍ പെടുന്നതുമായ വാഹനങ്ങളാണ് നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് എത്തിക്കുന്നത്. ഇതിനെത്തുടർന്നാണ് കസ്റ്റംസ് ഇക്കാര്യത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയത്. ഭൂട്ടാനില്‍ നിന്ന് സൈന്യം ലേലം ചെയ്ത എസ്യുവികളും മറ്റും ഇടനിലക്കാര്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങുകയും ഇവ ഹിമാചല്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്ത ശേഷം ഉയര്‍ന്ന വിലയ്ക്ക് മറ്റ് സംസ്ഥാനങ്ങളിലേക്ക് വില്‍ക്കുകയായിരുന്നു.
ഇത്തരത്തില്‍ വാഹനങ്ങൾ എത്തിക്കാൻ ഇന്ത്യയിൽ ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്. ഈ ഏജന്റുമാരെ കേന്ദ്രീകരിച്ച് കസ്റ്റംസ് കുറേകാലങ്ങളായി അന്വേഷണം നടത്തുകയായിരുന്നു. ഈ അന്വേഷണത്തിലാണ് ഉപഭോക്താക്കൾ ആരൊക്കെയാണെന്ന് കണ്ടെത്തിയത്. കേരളത്തിലെ ഏതാനും സിനിമ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും വ്യവസായികളും ഇത്തരത്തില്‍ നിയമവിരുദ്ധമായി കടത്തി കൊണ്ടുവന്നിട്ടുള്ള വാഹനങ്ങള്‍ വാങ്ങിയിട്ടുണ്ടെന്ന് നേരത്തെ തന്നെ കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു.