തെരഞ്ഞെടുപ്പിന്റെ സായാഹ്നത്തിൽ വരുന്ന പ്രത്യേക അയ്യപ്പഭക്തി, ആ​ഗോള അയ്യപ്പ സംഗമവുമായി യുഡിഎഫ് സഹകരിക്കില്ല: വി.ഡി. സതീശൻ

"ശബരിമല യുവതീ പ്രവേശനത്തിലെ സത്യവാങ്മൂലമടക്കം പിൻവലിക്കുമോ എന്നുള്ള ചോദ്യങ്ങൾക്ക് സർക്കാർ മറുപടി പറയണം"
വി.ഡി. സതീശൻ
വി.ഡി. സതീശൻSource: Facebook/ V D Satheesan
Published on

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മുന്നിൽ നിർത്തിക്കൊണ്ട് സർക്കാർ നടത്തുന്ന അയ്യപ്പ സംഗമം രാഷ്ട്രീയ മുതലെടുപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അയ്യപ്പ സംഗമം യുഡിഎഫ് ബഹിഷ്കരിക്കില്ല. എന്നാൽ ശബരിമല യുവതീ പ്രവേശനത്തിലെ സത്യവാങ്മൂലമടക്കം പിൻവലിക്കുമോ എന്നുള്ള ചോദ്യങ്ങൾക്ക് സർക്കാർ മറുപടി പറയണം. മറുപടി പറഞ്ഞ ശേഷം സഹകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാമെന്നും വി.ഡി. സതീശൻ പറഞ്ഞു.

വി.ഡി. സതീശൻ
ആഗോള അയ്യപ്പ സംഗമം വർഗീയതയ്ക്ക് എതിരും വിശ്വാസികൾക്ക് അനുകൂലവുമാകും, സർക്കാർ അതുമായി മുന്നോട്ട് പോകും: എം.വി. ​ഗോവിന്ദൻ

ശബരിമലയെ സങ്കീർണ്ണ പ്രശ്നങ്ങളിൽ എത്തിച്ച മുന്നണിയും സർക്കാരുമാണ് എൽഡിഎഫ്. യുഡിഎഫ് സർക്കാർ സുപ്രീം കോടതിയിൽ കൊടുത്ത സത്യവാങ്മൂലം തിരുത്തിയാണ് ആചാരലംഘനം നടത്താൻ ഇടതു സർക്കാർ കൂട്ടുനിന്നത്. എൽഡിഎഫ് സർക്കാർ കൊടുത്ത ആചാരലംഘനം നടത്താൻ സൗകര്യം കൊടുക്കുന്ന സത്യവാങ്മൂലം പിൻവലിക്കാൻ സർക്കാർ തയ്യാറാണോ? നാമജപ ഘോഷയാത്ര ഉൾപ്പെടെ നടത്തിയ സമരങ്ങളുടെ പേരിലെടുത്ത കേസ് പിൻവലിക്കാൻ തയ്യാറാണോ എന്നും സതീശൻ ചോദിച്ചു.

തീർഥാടനം പ്രതിസന്ധിയിൽ ആയത് ഈ സർക്കാർ വന്ന ശേഷമാണ്. ശബരിമല വികസനത്തിന് ചെറുവിരൽ അനക്കാത്ത സർക്കാരാണിപ്പോൾ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ അയ്യപ്പ സംഗമവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനുപിന്നിൽ രാഷ്ട്രീയ അജണ്ടയാണ്. രാഷ്ട്രീയ പ്രചരണം നടത്താൻ സർക്കാർ ജനങ്ങളുടെ പണം വിനിയോഗിക്കുകയാണ്. പത്താമത്തെ വർഷം തെരഞ്ഞെടുപ്പിന്റെ സായാഹ്നത്തിൽ വരുന്ന പ്രത്യേക അയ്യപ്പഭക്തിയാണിതെന്നും വി.ഡി. സതീശൻ വിമർശിച്ചു.

വി.ഡി. സതീശൻ
ആഗോള അയ്യപ്പ സംഗമം സർക്കാരിന്റെ രാഷ്ട്രീയ അജണ്ട; പങ്കെടുക്കില്ലെന്ന് യുഡിഎഫ്

കഴിഞ്ഞ ദിവസം ആഗോള അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിക്കാനെത്തിയ പി.എസ്. പ്രശാന്തിനെ കാണാൻ കൂട്ടക്കാത്തതിലും വി.ഡി. സതീശൻ മറുപടി പറഞ്ഞു. മുൻകൂർ അനുമതി തേടിയിട്ടല്ല ദേവസ്വം പ്രസിഡൻ്റ് കാണാൻ വന്നത്. താൻ കാണാൻ കൂട്ടാക്കിയില്ല എന്ന് പറയുന്നത് മര്യാദക്കേടാണ്. സംഘാടകസമിതിയിൽ പേരുവച്ചതും അനുവാദത്തോടുകൂടി അല്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.

ഏറ്റവും കൂടുതൽ വിലക്കയറ്റമുള്ള ഇന്ത്യയിലെ സംസ്ഥാനം കേരളമാണ്. സംസ്ഥാനത്ത് നിരന്തരമായി റേഷൻ വിതരണം മുടങ്ങുകയാണ്. ഓണക്കാലത്ത് വിലക്കയറ്റം ഇല്ലെന്ന മുഖ്യമന്ത്രിയുടെ വാദം യാഥാർഥ്യങ്ങൾക്ക് നിരക്കാത്തതാണ്. രൂക്ഷമായ കരിഞ്ചന്തയുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com