കുന്നംകുളം പൊലീസ് മർദനം: "ആരോപണവിധേയരെ സർവീസിൽ നിന്നും പുറത്താക്കണം"; മുഖ്യമന്ത്രിക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ്

ഇപ്പോഴത്തെ ഡിഐജിയുടെ നിലപാട് പ്രതികളെ സംരക്ഷിക്കുന്ന രീതിയാണെന്നും വി.ഡി. സതീശൻ കത്തിൽ ആരോപിച്ചു.
മർദനത്തിൻ്റെ ദൃശ്യങ്ങൾ, വി.ഡി. സതീശൻ
മർദനത്തിൻ്റെ ദൃശ്യങ്ങൾ, വി.ഡി. സതീശൻSource: News Malayalam 24x7
Published on

തൃശൂർ: കുന്നംകുളം പൊലീസ് അതിക്രമത്തിൽ മുഖ്യമന്ത്രിക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കെ.വി. സുജിത്തിനെ മർദിച്ച പൊലീസുകാരെ സർവീസിൽ നിന്ന് പുറത്താക്കണമെന്നാണ് വി.ഡി. സതീശൻ്റെ ആവശ്യം. ഇപ്പോഴത്തെ ഡിഐജിയുടെ നിലപാട് പ്രതികളെ സംരക്ഷിക്കുന്ന രീതിയാണെന്നും വി.ഡി. സതീശൻ കത്തിൽ ആരോപിച്ചു.

സുജിത്തിനെ മർദിച്ച പൊലീസുകാർക്കെതിരെ ക്രിമിനൽ കേസെടുത്ത് തുടർനടപടികൾ സ്വീകരിക്കണമെന്നാണ് വി.ഡി. സതീശൻ കത്തിലൂടെ ആവശ്യപ്പെടുന്നത്. മനുഷ്യനെന്ന പരിഗണ പോലും നല്‍കാതെ മനുഷ്യത്വം തൊട്ടു തീണ്ടാത്ത കാടത്തമാണ് പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ക്യാമറ ഇല്ലാത്ത സ്ഥലത്ത് വച്ചും ക്രൂരമായി മര്‍ദിച്ചിട്ടുണ്ട്. തീവ്രവാദികള്‍ പോലും ചെയ്യാത്ത ക്രൂരതയാണ് ഒരു ചെറുപ്പക്കാരനോട് പൊലീസ് ചെയ്തത്. ഇവരുടെ പ്രവര്‍ത്തി പൊലീസ് സേനയ്ക്ക് മാത്രമല്ല കേരള സമൂഹത്തിനു തന്നെ നാണക്കേടുണ്ടാക്കിയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കത്തിൽ പറയുന്നു.

മർദനത്തിൻ്റെ ദൃശ്യങ്ങൾ, വി.ഡി. സതീശൻ
"എവിടെ കിട്ടിയാലും ഇവന്മാരെ ..."; കസ്റ്റഡി മർദനത്തില്‍ ഉള്‍പ്പെട്ട പൊലീസുകാർക്കെതിരെ ഭീഷണി പോസ്റ്റുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്

കത്തിൻ്റെ പൂർണരൂപം

യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ പൊലീസ് ക്രൂരമായി മര്‍ദിക്കുന്ന, മനസാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. മനുഷ്യനെന്ന പരിഗണ പോലും നല്‍കാതെ മനുഷ്യത്വം തൊട്ടു തീണ്ടാത്ത കാടത്തമാണ് പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ക്യാമറ ഇല്ലാത്ത സ്ഥലത്ത് വച്ചും ക്രൂരമായി മര്‍ദിച്ചിട്ടുണ്ട്. തീവ്രവാദികള്‍ പോലും ചെയ്യാത്ത ക്രൂരതയാണ് ഒരു ചെറുപ്പക്കാരനോട് പൊലീസ് ചെയ്തത്.

ഇവരുടെ പ്രവര്‍ത്തി പൊലീസ് സേനയ്ക്ക് മാത്രമല്ല കേരള സമൂഹത്തിനു തന്നെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. കസ്റ്റഡി മര്‍ദനം മനുഷ്യവകാശ ലംഘനമാണെന്ന് Nilabati Behera v. State of Orissa (1993), ഡി. കെ. ബസു അടക്കമുള്ള വിവിധ കേസുകളില്‍ സുപ്രീം കോടതി പ്രസ്ഥാവിച്ചിട്ടുണ്ട്.

സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തു എന്നതാണ് സുജിത്തിനെതിരെ പൊലീസുകാര്‍ ചുമത്തിയ കുറ്റം. കുന്നംകുളം എസ്.ഐയായിരുന്ന നുഹ്‌മാന്റെ നേതൃത്വത്തിലായിരുന്നു ക്രൂരമര്‍ദനം. സ്റ്റേഷനില്‍ കൊണ്ടു വന്നതു മുതല്‍ മൂന്നിലധികം പൊലീസുകാര്‍ ചേര്‍ന്ന് വളഞ്ഞിട്ട് തല്ലി. കുനിച്ചു നിര്‍ത്തി പുറത്തും മുഖത്തും മര്‍ദ്ദിച്ചു. സുജിത്തിന്റെ കേള്‍വി ശക്തി നഷ്ടമായി. കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച പൊലീസ് നീക്കവും പൊളിഞ്ഞു. 2023-ല്‍ നടന്ന സംഭവത്തിന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ നിയമ പോരാട്ടത്തിനൊടുവിലാണ് വിവരാവകാശ നിയമ പ്രകാരം ലഭ്യമായത്.

പ്രതികളെ രക്ഷിക്കുന്ന നടപടിയാണ് പൊലീസിന്റെ ഭാഗത്തു നിന്നും തുടക്കം മുതൽ ഉണ്ടായത്. മര്‍ദനത്തിന് നേതൃത്വം നല്‍കിയ അഞ്ച് ഉദ്യോഗസ്ഥര്‍ പ്രതിപട്ടികയില്‍ പോലുമില്ല. പ്രതികളെ രക്ഷിക്കാന്‍ മുകളില്‍ നിന്നും ശ്രമമുണ്ടായി. ക്രൈം ഡിറ്റാച്ച്മെന്റ് എ.സി.പിയുടെ റിപ്പോര്‍ട്ട് പൂഴ്ത്തിയാണ് പ്രതികളെ സംരക്ഷിച്ചത്. ഇപ്പോഴത്തെ ഡി.ഐ.ജിയും പ്രതികളെ രക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. വിവരാവകാശ നിയമ പ്രകാരം ഈ ദൃശ്യങ്ങള്‍ കിട്ടിയില്ലായിരുന്നെങ്കില്‍ ഇത്രയും വലിയൊരു ക്രൂരത പുറത്തറിയില്ലായിരുന്നു. കണ്ണില്ലാത്ത ക്രൂരത നടത്തിയ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പുറത്താക്കണം . ഇവർക്കെതിരെ ക്രിമിനൽ കേസെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com