
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിഷയവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ബാനറുകള്‍ ഉയര്‍ത്തിയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയുമാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കാതെ പ്രതിപക്ഷം ചോദ്യോത്തരവേളയില്‍ തന്നെ ശബരിമല വിഷയം ഉന്നയിക്കുകയായിരുന്നു.
''അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍'' എന്ന ബാനര്‍ ഉയര്‍ത്തി നടുത്തളത്തില്‍ എത്തി പ്രതിപക്ഷം പ്രതിഷേധിച്ചു. ശബരിമലയിലെ കിലോ കണക്കിന് സ്വര്‍ണമാണ് കവര്‍ന്നെടുത്തെന്നും ചോദ്യോത്തര വേളയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു.
ദേവസ്വം മന്ത്രി രാജിവെക്കണമെന്നും ചോദ്യോത്തര വേളമെന്നും പ്രതിപക്ഷ ആവശ്യപ്പെട്ടു. അതേസമയം പ്രതിപക്ഷ ബഹളത്തിനിടെ ചോദ്യോത്തിന് കെ.എം. ബാലഗോപാല്‍ മറുപടി നല്‍കി. ഒരു സഭയിലും ചോദ്യോത്തര വേളയില്‍ ബഹളം ഉണ്ടാക്കാറില്ല. അടിയന്തര പ്രമേയത്തിന് നോട്ടീസ് കൊടുക്കാന്‍ മറന്നു പോയതാണോ എന്നും മറുപടിക്കിടെ കെ.എന്‍. ബാലഗോപാല്‍ ചോദിച്ചു. പ്രതിപക്ഷ നേതാവ് മറ്റു അംഗങ്ങളെ ഉപദേശിക്കണമെന്നും കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. മന്ത്രിമാരും സീറ്റില്‍ നിന്ന് എഴുന്നേറ്റ് പ്രതിപക്ഷത്തിനെതിരെ പ്രതിഷേധിച്ചു. ഭരണപക്ഷ എംഎല്‍എമാര്‍ പ്രതിപക്ഷത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
അതേസമയം ചോദ്യോത്തര വേള തടസപ്പെടുത്തുന്നത് മാന്യമായ രീതിയല്ലെന്ന് സ്പീക്കര്‍ പറഞ്ഞു. പ്രതിപക്ഷം ചോദ്യോത്തരവേള നടത്താന്‍ അനുവദിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. ഇത് കേരളത്തിലെ ജനങ്ങളോടും സഭാ നടപടികളോടുമുള്ള അനാദരവെന്നും സ്പീക്കര്‍ പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധം ശക്തമായതിന് പിന്നാലെ സഭയുടെ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നുവെന്നും ചോദ്യോത്തര വേളയുടെ അവശേഷിക്കുന്ന ഭാഗം ഒഴിവാക്കുകയാണെന്നും സ്പീക്കര്‍ അറിയിച്ചു.