കോഴിക്കോട്: കളക്‌ടറേറ്റിൽ അനധികൃത നിയമനം നേടിയവരെ പിരിച്ചുവിടാൻ ഉത്തരവിട്ട് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ. റവന്യൂ വകുപ്പിൽ ഒന്നര വർഷം മുൻപ് നിയമിതരായ അഞ്ച് ടൈപ്പിസ്റ്റുകൾക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. അനധികൃത തസ്തിക മാറ്റം വഴിയാണ് ഈ 5 നിയമനം നടത്തിയതെന്നാണ് ആക്ഷേപത്തെ തുടർന്നാണ് നടപടി.
ജില്ലയിൽ ഒന്നര വർഷം മുൻപാണ് റവന്യൂ എസ്റ്റാബ്ലിഷ്മെൻ്റിൽ 5 പേരെ ക്ലർക്ക് – കം ടൈപ്പിസ്റ്റ് തസ്തികയിൽ പിഎസ്‌സി മുഖേന നിയമിച്ചത്. ക്ലർക്ക് കം ടൈപ്പിസ്റ്റ് തസ്തികയിൽ ജോലിയിൽ പ്രവേശിച്ചവർക്ക് തസ്തിക മാറ്റം വഴി എൽഡി ക്ലർക്കായി പിന്നീട് മാറ്റം കിട്ടണമെങ്കിൽ സർവീസിൽ പ്രവേശിച്ച് അഞ്ച് വർഷം കഴിയണമെന്നാണ് നിയമങ്ങളിലും ചട്ടങ്ങളിലും ഉള്ളത്.
എന്നാൽ ചട്ടലംഘനം നടത്തി 5 ടൈപ്പിസ്റ്റുകളെ അനധികൃതമായി തസ്തിക മാറ്റത്തിലൂടെ ക്ലർക്ക് തസ്തികളിലേക്ക് മാറ്റുകയും ശേഷം ഒഴിവുവന്ന തസ്തികകളിലേക്ക് മറ്റ് അഞ്ച് ടൈപ്പിസ്റ്റുകളെ നിയമിക്കുകയായിരുന്നു. ഈ നിയമനങ്ങളിൽ വൻ തുകയുടെ പണമിടപാട് നടന്നതായി ആരോപണം ഉയർന്നിരുന്നു.
ഇതിനിടെ ഒഴിവുവന്ന 5 തസ്തികളിലേക്ക് റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തുമെന്ന് ആവശ്യപ്പെട്ട റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ അഡ്മിനിസ്ട്രേഷൻ ട്രിബ്യൂണലിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് ട്രിബ്യൂണൽ ഇടപെടൽ ഈ ടൈപ്പിസ്റ്റുകളെ പിരിച്ചു വിട്ട് തസ്തികളിൽ നിലവിൽ പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്നാണ് ട്രിബ്യൂണൽ ഉത്തരവിട്ടത്.