വ്യക്തിപൂജ ഉള്‍പ്പെടെ ആരോപണങ്ങള്‍, നേതൃത്വത്തിന് അനഭിമതന്‍; സിപിഐഎം തെറ്റ് തിരുത്തുമ്പോള്‍ പി. ജയരാജന്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍

ആര്‍എസ്എസ് വിരുദ്ധ പോരാട്ടത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയെന്ന് ജയരാജനെ വിശേഷിപ്പിച്ച പിബി അംഗം അശോക് ദാവ്ലെയാണ് പേര് നിര്‍ദേശിച്ചത്
പി. ജയരാജന്‍
പി. ജയരാജന്‍
Published on
Updated on

സംസ്ഥാന നേതൃത്വത്തിന് അനഭിമതനായി ഏറെക്കാലം മുഖ്യ ഘടകങ്ങളിൽ നിന്ന് ഒഴിവാക്കി നിർത്തിയ പി. ജയരാജൻ്റെ തിരിച്ചുവരവാണ് സിപിഐഎം വിപുലീകൃത സംസ്ഥാന സമിതിയിൽ ഉണ്ടായ ഒരു സുപ്രധാന തീരുമാനം. കേന്ദ്ര നേതൃത്വത്തിൻ്റെ ഇടപെടലിലൂടെയാണ് സംസ്ഥാന നേതൃത്വത്തിലേക്ക് ജയരാജൻ തിരിച്ചെത്തുന്നത്. ആര്‍എസ്എസ് വിരുദ്ധ പോരാട്ടത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയെന്ന് ജയരാജനെ വിശേഷിപ്പിച്ച പിബി അംഗം അശോക് ദാവ്ലെയാണ് പേര് നിര്‍ദേശിച്ചത്. പിണറായി വിജയന്‍ പിന്തുണച്ചതോടെ ജയരാജന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ അംഗമാകുന്നു.

പ്രവർത്തനമികവും നേതൃശേഷിയും ജനപിന്തുണയും വച്ചളന്നാൽ ഇതിലേറെ മുമ്പേ എത്തേണ്ട പാർട്ടി ഘടകം. പക്ഷേ പലകാരണങ്ങൾ കൊണ്ട് പി. ജയരാജൻ കണ്ണൂർ ജില്ലാ നേതാവായി തുടർന്നു. വ്യക്തിപൂജ പ്രോത്സാഹിപ്പിച്ചു എന്നടക്കം ആരോപണം ചാർത്തി നേതൃത്വത്തിന് അനഭിമതനായി. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരിക്കെ, 2019ൽ വടകര മണ്ഡലത്തിൽ മത്സരിക്കാൻ നിയോഗിച്ചതു പോലും സംഘടനാ പ്രവർത്തനത്തിൽ നിന്ന് മാറ്റിനിർത്താനാണെന്ന വിമർശനം ഉയർന്നു.

പിജെ ആർമിയെന്ന പേരിൽ സ്വയം സംഘടിച്ച പാർട്ടി ആരാധകക്കൂട്ടം കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ ജയരാജന്റെ ഫ്ലക്സുകളുയർത്തി. പാർട്ടിക്ക് മുകളിൽ വ്യക്തി വളരുന്നത് കമ്മ്യൂണിസ്റ്റ് ശൈലിക്ക് ചേർന്നതല്ലെന്ന് ലൈൻ പി. ജയരാജൻ്റെ കാര്യത്തിൽ അണുവിട തെറ്റാതെ പ്രയോഗിക്കപ്പെട്ടു. പാർട്ടി പി. ജയരാജനെ പരസ്യമായി തിരുത്തി, നിയന്ത്രിച്ചു. പിണറായി - എം.വി. ഗോവിന്ദൻ ദ്വന്ദ്വത്തോട് പിന്നെയും പലവട്ടം നേരിട്ടുമല്ലാതെയും ഇടയേണ്ടിവന്നു. ഇപിയുടെ റിസോർട്ട് വിവാദകാലത്ത് വേറിട്ട നിലപാടെടുത്തും ജയരാജന്‍ വ്യത്യസ്തനായി. പാർട്ടി വേദിയിൽ ഉന്നയിച്ച പരാതികൾ പലപ്പോഴും നേതൃത്വം കണ്ടില്ല. വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും ശേഷം സംസ്ഥാന സിപിഐഎമ്മിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവായി തുടരുമ്പോഴും സംസ്ഥാന സമിതിയിലേക്കും ഖാദി ബോർഡ് ചെയർമാൻ സ്ഥാനത്തേക്കും മാത്രം പി.ജ യരാജൻ ഒതുക്കപ്പെട്ടു എന്ന് അണികളും ജനങ്ങളും വിശ്വസിച്ചു.

പി. ജയരാജന്‍
പാര്‍ട്ടി അസാധാരണ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് അസാധാരണ തീരുമാനങ്ങള്‍; പാര്‍ട്ടിയുടെ ഭാവിക്ക് പുതു തലമുറ വേണം: എം.എ. ബേബി

27 വർഷം മുൻപ് ഒരു തിരുവോണ നാളിൽ ആർഎസ്എസ് വീടുകയറി വെട്ടിയരിഞ്ഞതാണ് ഇടതുകൈയ്യിലെ പെരുവിരൽ. കണ്ണൂരിലെ നിരന്തര രാഷ്ട്രീയ സംഘർഷങ്ങളുടെ ഒരു പകുതിയിൽ ഏറെക്കാലം പി. ജയരാജൻ്റെ പേരും ഉയർന്നുകേട്ടു. ശേഷം കുടിപ്പക രാഷ്ട്രീയത്തിൻ്റെ കനൽ കെടുത്താനും നേതൃപരമായ പങ്ക് വഹിച്ചു. എക്കാലവും ആൾക്കൂട്ടത്തിൻ്റെ നേതാവായിരുന്ന പി. ജയരാജൻ എന്നും അവരിലൊരാളായ സാധാരണക്കാരനായിരുന്നു. പൊളിറ്റിക്കൽ ഇസ്ലാമിനെപ്പറ്റിയും ശ്രീനാരായണ പ്രസ്ഥാനത്തെപ്പറ്റിയും ദ്രാവിഡ സംസ്കാരത്തെപ്പറ്റിയുമൊക്കെയുള്ള ആഴത്തിലുള്ള പഠനത്തിലായിരുന്നു അടുത്ത കാലത്ത്. സജീവ രാഷ്ട്രീയത്തിനൊപ്പം സാംസ്കാരികപ്രവർത്തനവും എഴുത്തുമെല്ലാമായി മറ്റൊരു പാതയിലും ഊന്നിത്തുടങ്ങിയ ഘട്ടത്തിലാണ് പാർട്ടി സുപ്രധാന ചുമതല ജയരാജനെ ഏൽപ്പിക്കുന്നത്. അടുത്തിടെ പൊളിറ്റിക്കൽ ഇസ്ലാമിനെപ്പറ്റി എഴുതിയ പുസ്തകം പ്രകാശനം ചെയ്തത് പിണറായി വിജയനായിരുന്നു. അന്നേ മഞ്ഞുരുകുന്നുവെന്ന തോന്നലുണ്ടായി. ഇന്ന് പിബി അംഗം അശോക് ധാവ്ലെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പി. ജയരാജനെ നിർദേശിച്ചപ്പോൾ പിന്തുണച്ചതും പിണറായി.

അങ്ങനെ, കൊടും പരാജയത്തിന്റെ മുറിവുണക്കാൻ പാർട്ടി കായകൽപവിധി തേടുന്ന ഘട്ടത്തിൽ, സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ഘടകത്തിലേക്ക് പി. ജയരാജനെയും നിയോഗിക്കുന്നു. വർഷങ്ങളായി ഉയർന്ന ഭാരവാഹിത്വങ്ങളിൽ നിന്ന് മാറ്റിനിർത്തപ്പെട്ട ജയരാജന്റെ തിരിച്ചുവരവ് സിപിഐഎം സംഘടനാസംവിധാനത്തിലും അണികളിലും ഉണ്ടാക്കുന്ന ഉണർവ് ചെറുതാകില്ല.

News Malayalam 24x7
newsmalayalam.com