"മതവിശ്വാസികൾക്ക് കമ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കാൻ ഒരു തടസവുമില്ല"; സത്താർ പന്തല്ലൂരിന് മറുപടിയുമായി പി. ജയരാജൻ

സത്താർ പന്തല്ലൂരിൻ്റെ പ്രസ്താവന പ്രബുദ്ധമായ രാഷ്ട്രീയ മണ്ഡലത്തിൽ വിലപോകില്ലെന്നും പി. ജയരാജൻ പറഞ്ഞു.
P Jayarajan
Published on
Updated on

കണ്ണൂർ: മതവിശ്വാസികൾക്ക് കമ്മ്യൂണിസ്റ്റാകാൻ കഴിയില്ലെന്ന എസ്കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂരിൻ്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഐഎം നേതാവ് പി. ജയരാജൻ. സത്താർ പന്തല്ലൂരിൻ്റെ പ്രസ്താവന പ്രബുദ്ധമായ രാഷ്ട്രീയ മണ്ഡലത്തിൽ വിലപോകില്ല. ഒരു യഥാർഥ വിശ്വാസിക്ക് കമ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കാൻ ഒരു തടസവുമില്ലെന്ന് പി. ജയരാജൻ ചൂണ്ടിക്കാട്ടി.

ഇസ്ലാംമത വിശ്വാസപ്രകാരം പലിശ കൊടുക്കാനും വാങ്ങാനും പാടില്ലെന്നിരിക്കെ, ലീഗ് നേതാക്കൾ സഹകരണ ബാങ്കുകളിൽ പ്രസിഡൻ്റായി ഇരിക്കുന്നത് വിശ്വാസത്തിന് എതിരല്ലേയെന്നും പി. ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. മതാചാരം അനുഷ്ഠിച്ചു ജീവിക്കുന്ന ഒരാൾക്ക് പാർട്ടി അംഗത്വം പറ്റില്ലെന്ന ഒരു വ്യവസ്ഥയും സിപിഐഎം ഭരണഘടനയിൽ ഇല്ലെന്നും ജയരാജൻ വ്യക്തമാക്കി.

ന്യൂസ് മലയാളത്തിൽ അതിഥിയായെത്തിയ കെ.ടി. ജലീലിലും ഭാര്യ ഫാത്തിമക്കുട്ടിയും വിശ്വാസികൾക്ക് കമ്മ്യൂണിസ്റ്റാകാമെന്ന് പറഞ്ഞതിന് എതിരെയായിരുന്നു സത്താർ പന്തല്ലൂരിൻ്റെ പ്രതികരണം. കമ്യൂണിസ്റ്റ് മാർകിസ്റ്റ് ഐഡിയോളജി എന്നത് അരിക്കും തുണിക്കും വേണ്ടി നടത്തുന്ന കേവല രാഷ്ട്രീയ പ്രവർത്തനമല്ല. അത് പരസ്യമായി മതത്തോട് ഏറ്റുമുട്ടുന്നു എന്നത് ഒരു വസ്തുതയാണ് എന്ന് സത്താർ പന്തല്ലൂർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന് ഒരിക്കലും മതത്തെ ഉൾക്കൊള്ളാനും കഴിയില്ല. മതത്തിന് കമ്മ്യൂണിസ്റ്റ് ഐഡിയോളജിയെയും. ഒന്ന് ദൈവത്തെ തള്ളിപ്പറയുകയും മറ്റൊന്ന് ദൈവാസ്തിക്യത്തെ അംഗീകരിക്കുകയും ചെയ്യുന്നു എന്നത് തന്നെ കാരണം. കേവല ഭൗതിക താത്പര്യങ്ങൾക്ക് വേണ്ടി ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ മാറിമാറി പ്രവർത്തിക്കുന്നത് പോലെയല്ലല്ലോ ഇത് എന്നും സത്താർ പന്തല്ലൂർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

News Malayalam 24x7
newsmalayalam.com