

വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് ആത്മസംതൃപ്തിയടയുന്ന മുഖ്യമന്ത്രി സ്വയം പരിഹാസ്യനാകരുതെന്ന് മുന്‍ വ്യവസായ മന്ത്രി പി. രാജീവ്. ടാറ്റയുടെ 10,000 കോടി പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞ വാദങ്ങളെ തെളിവുസഹിതം പൊളിച്ചടുക്കിക്കൊണ്ടാണ് രാജീവിന്റെ വാക്കുകള്‍.
മുഖ്യമന്ത്രി വി.ഡി. സതീശനെ സമീപിച്ചത് ഹൈദരാബാദ് ആസ്ഥാനമായുള്ള ആർസ്റ്റൻ എഞ്ചിനീയറിങ് ലിമിറ്റഡ് കമ്പനിയുടെ സിഇഒ ശശാങ്ക് എസ്. ഝാ ആണ്. ആർസ്റ്റന്റെ ഷെയറുകൾ ടാറ്റ വാങ്ങിയതോടെ അവര്‍ സബ്‌സിഡിയറി കമ്പനിയായി മാറി. കമ്പനിയുമായി എൽഡിഎഫ് സർക്കാർ ചർച്ച നടത്തുകയും, നിക്ഷേപ സംഗമത്തിൽ വെച്ച് മലബാർ സിമന്റ്സുമായി പരസ്പര സമ്മതപത്രം ഒപ്പു വയ്ക്കുകയും ചെയ്തിരുന്നു. ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ ഉത്തരവാണ് പുതിയതായി തീരുമാനമെടുത്തു എന്ന പേരില്‍ മുഖ്യമന്ത്രി അവതരിപ്പിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ പോര്‍ട്ട് ട്രസ്റ്റുമായി ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്ന് സ്ഥലം മാറ്റി അനുവദിച്ചു. അവിടെ പ്രാരംഭനടപടികളും തുടങ്ങി. ഈ വസ്തുതകള്‍ എന്തിനാണ് മറച്ചുവയ്ക്കുന്നതെന്നും രാജീവ് ചോദിച്ചു. ചിത്രങ്ങളും, ഉത്തരവിന്റെ രേഖകളും ഉള്‍പ്പെടെ ഫേസ്ബുക്കിലായിരുന്നു രാജീവിന്റെ പ്രതികരണം.
കുറിപ്പിന്റെ പൂര്‍ണരൂപം
'വാർത്ത വന്നതെന്താ? ടാറ്റ ഈ ഗവൺമെന്റുമായി സംസാരിച്ചില്ലെന്നാണ്. ടാറ്റയുടെ കമ്പനി വന്ന് ഞാനുമായി സംസാരിക്കുന്നതിന്റെ ചിത്രം വരെ പുറത്തുവിട്ടു’ ഇതാണ് ഇന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചത്. എന്നാൽ, എന്തായിരുന്നു വിവാദം? അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ടാറ്റ ഷിപ്പ് ബിൽഡിങ് മേഖലയിൽ താൽപ്പര്യം പ്രകടിപ്പിച്ചെന്നും പതിനായിരം കോടി രൂപ മുടക്കാൻ പോകുകയാണെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സ്വാഭാവികമായും കേരളം അതേറ്റെടുത്തു. മാധ്യമങ്ങൾ സവിശേഷ പ്രാധാന്യത്തോടെ വാർത്ത കൊടുത്തു. താനങ്ങനെയല്ല പറഞ്ഞതെന്ന ചെറിയ തിരുത്തുപോലും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുമുണ്ടായില്ല. വാർത്ത കണ്ട് തങ്ങൾ അമ്പരന്നുപോയെന്നും അങ്ങനെമൊരു നിക്ഷേപ പദ്ധതി തങ്ങൾ ആലോചിച്ചിട്ടുപോലുമില്ലെന്ന് ടാറ്റയുടെ ഉയർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കിയത് ഇക്കണോമിക് ടൈംസ് പ്രസിദ്ധീകരിച്ചപ്പോൾ മുഖ്യമന്ത്രി മാത്രമല്ല കേരളവും അപഹാസ്യമായി. അപ്പോഴാണ് വിശദീകരണവുമായി വന്നത്. അതും പാളിപ്പോയി.
ഇനി വന്ന് കണ്ടത് ആരാണ്? ഈ രണ്ടു ചിത്രങ്ങൾ നോക്കൂ. രണ്ടിലും ഒരേ പോലെകാണുന്ന രണ്ടുപേരിൽ ഒരാളാണ് ആർസ്റ്റൻ എഞ്ചിനിയറിങ് ലിമിറ്റഡ് കമ്പനിയുടെ സിഇഒ ശശാങ്ക് എസ് ഝാ. ആർസ്റ്റൻ ഹൈദരാബാദിലെ ഒരു കമ്പനിയാണ്. ഇവരുടെ ഷെയറുകൾ ടാറ്റ വാങ്ങിയതോടെ അവർ സബ്‌സിഡയറി കമ്പനിയായി മാറി. ഇവരുമായി എൽഡിഎഫ് സർക്കാർ ചർച്ച നടത്തുകയും നിക്ഷേപ സംഗമത്തിൽ വെച്ച് മലബാർ സിമന്റ്സുമായി എംഒയും ഒപ്പുവെച്ചു. ആ കമ്പനി പ്രതിനിധികൾ സ്വാഭാവികമായും പുതിയ സർക്കാരുമായി courtesy visit നടത്തും. എന്നാൽ, ’.ഒരു കാര്യം തീരുമാനമെടുക്കാതെ കിടക്കുന്നുണ്ടായിരുന്നു. അക്കാര്യത്തിൽ തീരുമാനമെടുത്തു’ എന്ന ഇന്നത്തെ പ്രസ്താവനയും തെറ്റ്. ചിത്രത്തിൽ കാണുന്ന സർക്കാർ ഉത്തരവ് ഫെബ്രുവരിയിൽ പുറത്തിറങ്ങിയതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടുസ്ഥാപനങ്ങളും തമ്മിൽ വിശദമായ ധാരണപത്രത്തിൽ ഒപ്പുവെയ്ക്കുന്ന ചിത്രമാണ് ഒടുവിലുള്ളത്. എൽഡിഎഫ് സർക്കാർ പോർട്ട് ട്രസ്‌റ്റുമായി ചർച്ച നടത്തിയതിനെ തുടർന്ന് സ്ഥലം മാറ്റി അനുവദിച്ച ഉത്തരവിന്റെ കോപ്പിയും ഇതിനൊപ്പമുണ്ട്. ഇതിനെ തുടർന്ന് അവിടെ പ്രാരംഭ നടപടികളും തുടങ്ങി.
ഈ വസ്തുതകൾ എന്തിനാണ് മറച്ചുവെയ്ക്കുന്നത്. നിക്ഷേപ അന്തരീക്ഷത്തെ ദുർബലപ്പെടുത്തുംവിധം നുണപറയുന്നത് കേരളത്തിനെതിരാണെന്ന് നാട് തിരിച്ചറിയും. കഴിഞ്ഞ സർക്കാർ തുടങ്ങിയ കാര്യം തുടർച്ചയിൽ തങ്ങൾ മുന്നോട്ടുപോകുമെന്ന് വ്യവസായമന്ത്രി പറഞ്ഞത് ശരി. വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് ആത്മസംതൃപ്തിയടയുന്ന മുഖ്യമന്ത്രി സ്വയം പരിഹാസ്യനാകരുത്.