

കോഴിക്കോട്: പരമ്പരാഗത കർഷകനും പത്മശ്രീ ജേതാവുമായ ചെറുവയൽ രാമൻ അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് 74ാം വയസിലാണ് അന്ത്യം. പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷകനായിരുന്നു അദ്ദേഹം. 45 ഇനം നെൽവിത്തുകൾ സംരക്ഷിച്ച് കൃഷി ചെയ്തുവരികയായിരുന്നു. തലക്കര ചെറിയ രാമൻ എന്നാണ് പൂർണമായ പേര്.
2026 ഓഗസ്റ്റിൽ കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ ഉമ്മൻചാണ്ടി സ്മാരക സംസ്ഥാന കർഷക അവാർഡ് ജേതാവായിരുന്നു. വിത്തച്ഛൻ എന്നറിയപ്പെടുന്ന രാമൻ അപൂർവയിനം നാടൻ നെൽവിത്തുകൾ സംരക്ഷിക്കുന്നതിലൂടെ ശ്രദ്ധേയനാണ്. 1952 ജൂൺ 6നാണ് ജനനം. 1969ൽ സർക്കാർ ജോലി ലഭിച്ചെങ്കിലും കൃഷിക്കായി അത് വേണ്ടെന്ന് വച്ചു. 2023ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.
1952ൽ വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്തുള്ള എടവക കമ്മനയിലാണ് ജനിച്ചത്. കാർഷിക പരിജ്ഞാനമോ സസ്യശാസ്ത്രമോ പഠിച്ചിട്ടില്ലാത്ത രാമൻ, തൻ്റെ പതിനേഴാം വയസിൽ തന്നെ കൃഷിയിലേക്കിറങ്ങി. വയനാട്ടിലെ പരമ്പരാഗതമായ വൈക്കോലും പുല്ലും മേഞ്ഞ മൺവീട്ടിലാണ് അദ്ദേഹം ജീവിച്ചിരുന്നത്.
വയനാടിൻ്റെ നെല്ലച്ഛൻ എന്ന പേരിൽ പ്രശസ്തനായ അദ്ദേഹം, നൂറ് വർഷങ്ങൾക്ക് മുൻപ് വയനാട്ടിലുണ്ടായിരുന്ന നൂറിലേറെ നാടൻ നെൽവിത്തിനങ്ങളിൽ 45 എണ്ണം കൃഷി ചെയ്തു നിലനിർത്തിയിരുന്നു. ഭാര്യ: ഗീത. മക്കൾ: രമണി, രമേശൻ, രാജേഷ്. മരുമക്കൾ: തങ്കമണി, രജിത, രാജൻ, ഉണ്ണികൃഷ്ണൻ.