പാലാ നഗരസഭയെ മായ രാഹുല്‍ നയിക്കും; കോണ്‍ഗ്രസ് വിമതരെ കൂടെക്കൂട്ടി ഭരണം പിടിച്ച് എല്‍ഡിഎഫ്

16 വോട്ടോടെയാണ് മായയുടെ ജയം. യു‍ഡിഎഫ് സ്ഥാനാർഥി റിയ ബിനോ ചീരാംകുഴിക്ക് 10 വോട്ട് മാത്രമാണ് നേടാനായത്.
മായ രാഹുല്‍
മായ രാഹുല്‍
Published on
Updated on

അവിശ്വാസ പ്രമേയത്തിലൂടെ യുഡിഎഫിന് നഷ്ടമായ ഭരണം പാലാ നഗരസഭയെ വിമത കൗണ്‍സിലര്‍ മായ രാഹുല്‍ നയിക്കും. ഇന്ന് നടന്ന ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ 16 വോട്ടോടെയാണ് മായയുടെ ജയം. യു‍ഡിഎഫ് സ്ഥാനാർഥി റിയ ബിനോ ചീരാംകുഴിക്ക് 10 വോട്ട് മാത്രമാണ് നേടാനായത്. എല്‍ഡിഎഫ് പിന്തുണയിലാണ് കോണ്‍ഗ്രസ് വിമതരുടെ നേട്ടം. രണ്ടാം ടേമിലും ജയിച്ച മായ 19ാം വാര്‍ഡിനെയാണ് പ്രതിനിധീകരിക്കുന്നത്. എട്ടാം വാര്‍ഡ് കൗണ്‍സിലറാണ് റിയ. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തിലൂടെയാണ് മുൻ ചെയർപേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടം പുറത്തായത്.

പുളിക്കക്കണ്ടം കുടുംബത്തിനെതിരെ ഒരുവിഭാഗം കോൺഗ്രസ് കൗൺസിലർമാർ നിലപാടെടുത്തതോടെയാണ് നഗരസഭ ഭരണത്തിൽ പൊട്ടിത്തെറി ഉണ്ടായത്. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ നാല് കോൺഗ്രസ് കൗൺസിലർമാര്‍ പിന്തുണച്ചതോടെയാണ് ദിയ ബിനു പുളിക്കക്കണ്ടത്തിന് സ്ഥാനം നഷ്ടമായത്. ഇന്നു നടന്ന ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍, അഞ്ച് കോണ്‍ഗ്രസ് വിമതരില്‍ നാലുപേരും പ്രതിപക്ഷമായ എല്‍ഡിഎഫിലെ 12 അംഗങ്ങളും മായയെ പിന്തുണച്ചു. വിമത അംഗമായിരുന്ന ലിസിക്കുട്ടി മാത്യു കോൺഗ്രസ് പക്ഷത്തേക്ക് തിരികെ പോയിരുന്നു. നിലവില്‍ എല്‍ഡിഎഫ്, വിമത കൗണ്‍സിലര്‍മാര്‍, സ്വതന്ത്ര കൗണ്‍സിലമാര്‍ എന്നിവരുള്‍പ്പെട്ട നഗര വികസ മുന്നണിയാണ് നഗരസഭ ഭരിക്കുന്നത്.

മായ രാഹുല്‍
പാലായിലെ ചെയർപേഴ്‌സണ്‍ കസേര ആര്‍ക്ക്? എല്‍ഡിഎഫ് പിന്തുണയുള്ള കോണ്‍ഗ്രസ് വിമത മായ രാഹുലും യുഡിഎഫിന്റെ റിയ ബിനോയും നേര്‍ക്കുനേര്‍

26 അംഗ നഗരസഭയിൽ 17 വോട്ടിനായിരുന്നു എല്‍ഡിഎഫ് അവിശ്വാസ പ്രമേയം പാസായത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിപ്പ് ലംഘിച്ചായിരുന്നു നാല് കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രമേയത്തെ പിന്തുണച്ചത്. ടോണി തൈപ്പറമ്പിൽ, ബിജു മാത്യൂസ്, രജിത പ്രകാശ്, ലിസി കുട്ടി മാത്യു എന്നിവരാണ് വിപ്പ് ലംഘിച്ച് വോട്ട് ചെയ്തത്. ഇവരെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. അവിശ്വാസ പ്രമേയത്തെ പിന്തുണച്ച കൗൺസിലർമാർക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം കോട്ടയം ഡിസിസി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നൽകിയിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com