
പാലക്കാട് മാട്ടുമന്ത പൊതുശ്മാശാനത്തിലെ ജാതി മതില്‍ വിവാദത്തിന് പര്യവസാനം. വലിയപാടം എന്‍എസ്എസ് കരയോഗം തന്നെ ജാതിമതില്‍ പൊളിച്ചു മാറ്റി. നഗരസഭയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് പൊളിച്ചു നീക്കിയത്. ന്യൂസ് മലയാളമാണ് ജാതി മതിലിന് നഗരസഭയുടെ അനുമതിയെന്ന വാര്‍ത്ത ആദ്യം പുറത്തെത്തിച്ചത്.
എന്‍എസ്എസിന് സ്ഥലം അനുവദിച്ചതിന് പിന്നാലെ നിരവധി സമുദായങ്ങള്‍ തങ്ങള്‍ക്കും ഇതുപോലെ മതില്‍ കെട്ടി സ്ഥലം തിരിക്കാന്‍ അനുമതി തരണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ നഗരസഭയ്ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാവുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കെ എന്‍എസ്എസിന് അനുമതി നല്‍കിയതുമായി മുന്നോട്ട് പോകുന്നത് തിരിച്ചടി നല്‍കിയേക്കുമെന്ന ഭയവും അനുമതി റദ്ദാക്കാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നു.
മതില്‍ കെട്ടാന്‍ അനുമതി നല്‍കിയ തീരുമാനം അനീതിയാണെന്ന് വലിയ തോതിലുള്ള വിമര്‍ശനം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. വിവിധ ജാതി മതവിഭാഗങ്ങള്‍ക്ക് പൊതുശ്മശാനത്തില്‍ അതിര് തിരിച്ചുനല്‍കുന്നത് ജാതി സമ്പ്രദായത്തിലേക്കുള്ള തിരിച്ചുപോക്കിന് കാരണമാകുമെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം.
പാലക്കാട് നഗരസഭയുടെ കീഴിലുള്ള പൊതുശ്മശാനത്തിലാണ് എന്‍എസ്എസ് കരയോഗത്തിന് ശവസംസ്‌കാരത്തിന് ഷെഡ്ഡ് നിര്‍മിക്കാനായി അനുവാദം നല്‍കിയിരിക്കുന്നത്. നഗരസഭ ഇതിനായി 20 സെന്റ് സ്ഥലം അളന്നു തിട്ടപ്പെടുത്തി അതിര്‍ത്തി നിശ്ചയിച്ചു നല്‍കി. നിലവില്‍ 20 സെന്റിന് ചുറ്റും അതിര് തിരിക്കുന്ന നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ വിവിധ ജാതി മതവിഭാഗങ്ങള്‍ക്ക് പൊതുശ്മശാനത്തില്‍ അതിരുകള്‍ നിശ്ചയിച്ച് നല്‍കുന്നത് സമൂഹത്തിന് ഗുണകരമല്ലെന്ന് പൊതുപ്രവര്‍ത്തകന്‍ ബോബന്‍ ാട്ടുമന്ത അഭിപ്രായപ്പെട്ടു. ജാതി സമ്പ്രദായത്തിലേക്ക് തിരിച്ചുപോക്കിന് കാരണമാകുമെന്നും മുന്‍സിപ്പാലിറ്റി ഇത്തരം നടപടികള്‍ക്ക് മുന്‍കൈയെടുക്കുന്നത് പുന പരിശോധിക്കണമെന്നും ബോബന്‍ പറയുന്നു.
അതേസമയം അപേക്ഷ നല്‍കിയത് പരിഗണിച്ചാണ് അനുമതി നല്‍കിയതെന്നും യാതൊരു പ്രശ്‌നങ്ങളും അതിലില്ലെന്നുമായിരുന്നു പാലക്കാട് നഗരസഭ അധികാരികള്‍ പറഞ്ഞത്. ശ്മശാന ഭൂമിയില്‍ ബ്രാഹ്‌മണര്‍ക്ക് ചടങ്ങുകള്‍ നിര്‍വഹിക്കാനായി നേരത്തെ നീക്കിവെച്ച മറ്റൊരു ഷെഡും നിലവിലുണ്ട്.