പാലക്കാട്: ലൈംഗീക പീഡന ആരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബിജെപി സംസ്ഥാന നേതൃത്വത്തിന് വിശദീകരണം നൽകി നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ. നഗരസഭയുടെ വികസന പദ്ധതിയായതിനാലാണ് പരിപാടിയില്‍ പങ്കെടുത്തതെന്നാണ് വിശദീകരണം. അല്ലെങ്കില്‍ ക്രെഡിറ്റ് രാഹുലിന് മാത്രം കിട്ടുമായിരുന്നെന്നും വിശദീകരണത്തില്‍ പറയുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പൊതു പരിപാടിയിൽ പങ്കെടുത്തതിൽ പത്രസമ്മേളനം നടത്തി പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിൽ ചെയർപേഴ്സൺ സ്ഥാനം രാജിവയ്ക്കണം എന്നാണ് സി. കൃഷ്ണകുമാർ പക്ഷത്തിന്റെ ആവശ്യം. വീണ് കിട്ടിയ അവസരം മുതലാക്കി എതിർവിഭാഗത്തെ പൂർണമായും വെട്ടിയൊതുക്കാൻ ആണ് കൃഷ്ണകുമാര്‍ വിഭാഗം തീരുമാനിച്ചിരിക്കുന്നത്. എന്നാൽ പരസ്യ പ്രതികരണത്തിന് തയ്യാറാകാതിരുന്ന പ്രമീള ശശിധരൻ സംസ്ഥാന നേതൃത്വത്തിന് വിശദീകരണം നൽകുകയായിരുന്നു.
ഇതോടെ കടുത്ത നടപടികളിലേക്ക് പോകുന്നതില്‍ നിന്ന് സംസ്ഥാന നേതൃത്വം പിന്‍മാറിയേക്കും. എന്നാൽ നടപടി വേണമെന്ന് ജില്ലാ നേതൃത്വം വാശിപിടിക്കുന്ന പശ്ചാത്തലത്തിൽ ചെറിയ നടപടിയെടുത്ത് പ്രശ്നങ്ങൾ പരിഹരിക്കാനാണ് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രമീള ശശിധരനെതിരെ കടുത്ത നടപടി എടുക്കുന്നത് തിരിച്ചടിയാകുമെന്ന് സംസംസ്ഥാന നേതൃത്വത്തിന്‍റെയും നിലപാട്. ബിജെപി നടപടി സ്വീകരിച്ചാൽ പ്രമീള ശശിധരനെ കോൺഗ്രസിൽ എത്തിക്കാനുള്ള നീക്കവും ശക്തമാണ്. പ്രമീളയെ സ്വാഗതം ചെയ്ത് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.