പാലക്കാട് ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയരായ അധ്യാപകരെ പുറത്താക്കി. രക്ഷകർത്താക്കളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം. പ്രിൻസിപ്പാൾ ഒ.പി. ജോയിസി, എജുക്കേറ്റർമാരായ സ്റ്റെല്ല ബാബു, എ.ടി, തങ്കം എന്നിവരെയാണ് പുറത്താക്കിയത്. സ്കൂളിനെതിരെയുള്ള പരാതികൾ ചർച്ച ചെയ്യാൻ നാളെ വീണ്ടും യോഗം ചേരും. ഇന്നലെയാണ് സെന്റ് ഡൊമിനിക് സ്കൂളിലെ വിദ്യാർഥി ആശിർനന്ദയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
സ്കൂളിൽ നടത്തിയ പരീക്ഷകളിൽ മാർക്ക് കുറഞ്ഞതിനെത്തുടർന്ന് ആശിർനന്ദയെ നിലവിലുള്ള ക്ലാസിൽ നിന്നും മറ്റൊരു ക്ലാസിലേക്ക് മാറ്റിയിരുന്നു. ഇതിൽ മനംനൊന്താണ് ആശിർനന്ദ ജീവനൊടുക്കിയതെന്നാണ് കുടുംബം വ്യക്തമാക്കുന്നത്. ഡൊമിനിക് സ്കൂളിൽ മാനസിക സമ്മർദ്ദമുണ്ടാക്കുന്ന തരത്തിലാണ് അധ്യാപകരുടെ പെരുമാറ്റമെന്നും, ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും വിദ്യാർഥികൾ പറയുന്നുണ്ട്.
ആത്മഹത്യ വാർത്ത പുറത്ത് വന്നതോടെ സെന്റ് ഡൊമിനിക് സ്കൂളിനെതിരെ കൂടുതൽ ആരോപണങ്ങളുമായി രക്ഷകർത്താക്കൾ രംഗത്തെത്തി. ഒൻപതാം ക്ലാസുകാരിയുടെ ആത്മഹത്യക്ക് കാരണക്കാരായവർക്കെതിരെ നടപടിയെടുക്കണമെന്ന് രക്ഷകർത്താക്കൾ നിലപാട് കടുപ്പിച്ചു, എന്നാൽ പരിശോധിച്ച ശേഷം നടപടിയെന്ന് മാനേജ്‌മന്റ് നിലപാടെടുത്തു. ഇതോടെ ഇരുവിഭാഗവും തമ്മിൽ വാക്കേറ്റവും, നേരിയ സംഘർഷവും ഉണ്ടായി.
പൊലീസ് ഇടപെട്ട് സ്ഥിഗതികൾ ശാന്തമാക്കിയെങ്കിലും വീണ്ടും വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. ഒടുവിൽ പൊലീസിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ആരോപണവിധേയരായ അധ്യാപകരെ പുറത്താക്കാൻ തീരുമാനായി. മറ്റു പരാതികൾ പരിഹരിക്കാൻ നാളെ യോഗം ചേരുമെന്നും പൊലീസ് അറിയിച്ചു. ആശിർനന്ദക്ക് നീതി ലഭിക്കുന്നതിന് ശക്തമായ പ്രതിഷേധം ഏറ്റെടുക്കുമെന്ന് വിദ്യാർഥി സംഘടനകളും അറിയിച്ചു. കുടുംബത്തിന്റെ പരാതിയിൽ അധ്യാപകർക്കെതിരെ മറ്റു നിയമനടപടികളിലേക്ക് കടക്കുമെന്നാണ് പൊലീസ് അറിയിക്കുന്നത്. ആശിർനന്ദയുടെ ആത്മഹത്യയെ തുടർന്നുള്ള പ്രതിഷേധം അടുത്ത ദിവസങ്ങളിലും തുടരും.