"കൊച്ചുങ്ങൾ എന്തേലും ആഗ്രഹം പറഞ്ഞാൽ അതങ്ങ് സാധിച്ച് കൊടുത്തേക്കണം"; ചില്ലുപാലത്തിൽ ചിൽ ആയി കുരുന്നുകൾ
പാലക്കാട്: കൊച്ചുങ്ങൾ എന്തേലും ആഗ്രഹം പറഞ്ഞാൽ നമ്മളെക്കൊണ്ട് ആവുന്നതാണേൽ അതങ്ങ് സാധിച്ച് കൊടുക്കണം എന്ന വാക്കുകളെ അർഥവത്താക്കുന്നതാണ് പൂതങ്കോട് ഗവ. എൽപി സ്‌കൂളിലെ ഒരു സംഭവം.
സ്‌കൂളിലെ കുട്ടികൾ വിനോദ യാത്രയുടെ ഭാഗമായി ചില്ലുപ്പാലം കാണാൻ എത്തി. പക്ഷേ പാലത്തിൽ കയറാൻ 50 ഉം 100 രൂപ വേണമെന്ന് അറിഞ്ഞപ്പോൾ കുട്ടികൾക്ക് സങ്കടമായി. അത്രയും പൈസ കയ്യിൽ ഉണ്ടായിരുന്നില്ല. സാറേ ഞങ്ങൾക്കും ഇതുപോലൊരു പാലം വേണെമെന്ന് കുട്ടികൾ പറഞ്ഞപ്പോൾ അവരുടെ സ്കൂളിലും ഒരു മനോഹരമായ ചില്ലു പാലം ഉയർന്നു. അങ്ങനെയാണ് ഈ സ്കൂളും അധ്യാപകരും പാലവും വൈറലായത്.
സമഗ്ര ശിക്ഷ കേരളയിൽ ഉൾപ്പെടുത്തിയാണ് വർണക്കൂടാരത്തിന് 10 ലക്ഷം രൂപ അനുവദിച്ചത്. പാലത്തിലേക്കുള്ള പടികൾ കയറുമ്പോൾ ആദ്യം ചവിട്ടുന്നത്‌പുല്ലിന് മുകളിലാണ്.പിന്നീട് മിനുസമുള്ള ചില്ലിലൂടെ ആഗ്രഹിച്ചത് പോലെ നടക്കാം. സുബീഷ് യാക്കരയെന്ന കലാകാരനാണ് നിർമാണ പ്രവർത്തനങ്ങൾക്ക് പിന്നിൽ ക്ലാസ് മുറികളും അത്ര ഭംഗിയോടുകൂടിയാണ് ഒരുക്കിയിരിക്കുന്നത്.
ആകെ 40 കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നത്. കളിക്കാനായി ഓരോ ക്ലാസിലും ഓരോ സമയം ക്രമീകരിച്ചിട്ടുണ്ട്. മുഴുവൻ സമയവും അധ്യാപകരും കൂടെയുണ്ടാവും. ആഗ്രഹം സഫലമായതിനാൽ കുട്ടികൾ ഇന്ന് ഹാപ്പിയാണ്. സ്വപ്നങ്ങൾ നേടാൻ കൂടെ നിൽക്കുന്ന അധ്യാപകരാണെങ്കിലോ അതിലേറെ ഹാപ്പി.