പാലക്കാട്: ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നേഘയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികൾ പൂർത്തിയായി. വടക്കഞ്ചേരി കാരപ്പറ്റ കുന്നുംപള്ളി നേഘ സുബ്രഹ്‌മണ്യന്‍ (25) ആണ് ആലത്തൂര്‍ തോണിപ്പാടത്തെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തൂങ്ങിമരണമാണെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. കൂടുതല്‍ കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ചു വരികയാണ്. നേഘയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. നേഘയുടെ ഭര്‍ത്താവ് നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.
കഴിഞ്ഞ ദിവസം രാത്രിയാണ് നേഘയെ അവശനിലയില്‍ ആശുപത്രിയില്‍ എത്തിച്ചത്. രാത്രി 12.20 ഓടെയാണ് നേഘ കുഴഞ്ഞുവീണുവെന്ന് ഭര്‍തൃവീട്ടുകാര്‍ അറിയിക്കുന്നത്. തുടര്‍ന്ന് നേഘയുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
മരണത്തില്‍ അസ്വാഭാവികത തോന്നിയതിനാല്‍ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. നേഘയുടെ കഴുത്തില്‍ പാടും കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കുടുംബം ആരോപണമുന്നയിച്ചത്. നേഘയെ മുമ്പും ഭര്‍ത്താവ് ഉപദ്രവിച്ചിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. ആറ് വര്‍ഷം മുമ്പാണ് നേഘയും പ്രദീപും വിവാഹിതരാകുന്നത്.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)