പത്തനംതിട്ട: വാവരെ മുസ്ലീം തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ച ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശ്രീശക്തി ശാന്താനന്ദ മഹർഷിക്കെതിരെ കേസ്. പന്തളം പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്. സംഘപരിവാർ സംഘടനകൾ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തിലായിരുന്നു ശാന്താനന്ദ വിദ്വേഷ പരാമർശം നടത്തിയത്.
കോൺഗ്രസ് മാധ്യമ വക്താവ് അനൂപ് വി.ആർ. ആണ് ശാന്താനന്ദയ്‌ക്കെതിരെ പരാതി നൽകിയത്. വിശ്വാസം വ്രണപ്പെടുത്തൽ മത വിഭാഗങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പരാതി നൽകിയത്. കൂടാതെ ഡിവൈഎഫ്ഐ പന്തളം ബ്ലോക്ക് കമ്മിറ്റിയും വിദ്വേഷ പരാമർശത്തിനെതിരെ പരാതി നൽകിയിരുന്നു.
പന്തളം കൊട്ടാരം കുടുംബാംഗം പ്രദീപ് വർമയും സംഘപരിവാറിൻ്റെ ശബരിമല സംരക്ഷണ സംഗമത്തിനെതിരെ രംഗത്തെത്തിയിരുന്നു. ശബരിമല സംരക്ഷണ സംഗമം വർഗീയ പരിപാടിയായി മാറിയെന്നും, മതസൗഹാർദ്ദം തകർക്കാനും ഹിന്ദു-മുസ്ലിം വിദ്വേഷം വളർത്താനും വേണ്ടിയുള്ള പരിപാടി ആയിപോയി പോയെന്നും പ്രദീപ് വർമ പറഞ്ഞു. ശ്രീരാമദാസ മിഷൻ അധ്യക്ഷൻ നടത്തിയ പ്രസ്താവന ഒരുതരത്തിലും അംഗീകരിക്കാൻ ആകില്ല. ശാന്താനന്ദ മഹർഷിക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും പ്രദീപ് വർമ ന്യൂസ് മലയാളത്തോട് പറഞ്ഞു.