

തൃശൂര്‍: പൂരം വെടിക്കെട്ട് നടത്തണമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ്. സാമ്പിള്‍ വെടിക്കെട്ട് ഒഴിവാക്കണമെന്നാണ് പറഞ്ഞതെന്നും പ്രധാന വെടിക്കെട്ട് നടത്തണമെന്നാണ് ജനവികാരമെന്നും രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. അമിതമായി വെടിമരുന്ന് സൂക്ഷിച്ചു എന്നത് തെറ്റാണെന്നും രാജേഷ് പറഞ്ഞു.
"സാമ്പിള്‍ വെടിക്കെട്ട് ഒഴിവാക്കുക, പ്രധാന വെടിക്കെട്ടും പകല്‍പ്പൂരം കഴിഞ്ഞിട്ടുള്ള വെടിക്കെട്ടും നടത്തുമെന്നാണ് പറഞ്ഞത്. ഇത് നടത്തണം എന്ന വികാരമാണ് ഇന്നലെ വന്നത്. അത് അറിയിക്കും. പെസോയുടെ നിര്‍ദേശ പ്രകാരമാണ് ലൈസന്‍സി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തീര്‍ത്തും നിയമപ്രകാരമാണ് നടത്തുന്നത്. അമിതമായി വെടിക്കെട്ട് സാധനങ്ങള്‍ കണ്ടെടുത്തു എന്ന് പറഞ്ഞാണ് നിലവില്‍ സീല്‍ ചെയ്തിരിക്കുന്നത്. പക്ഷെ 6000 കിലോ വരെ അവര്‍ക്ക് കയ്യില്‍ വയ്ക്കാന്‍ നിയമപരമായി സാധിക്കും," രാജേഷ് പറഞ്ഞു.
പാറമേക്കാവിനെതിരായ നടപടിയില്‍ നിന്നും പാലക്കാട് കളക്ടറും കമ്മീഷണറും പിന്മാറണം. പെസോ നിര്‍ദേശപ്രകാരമാണ് എല്ലാം ചെയ്തത്. അല്ലെങ്കില്‍ നിയമപരമായി നേരിടുമെന്നും രാജേഷ് പറഞ്ഞു. പാറമേക്കാവ് പടക്കനിര്‍മാണശാല ഉടമയ്‌ക്കെതിരെ കൊല്ലങ്കോട് പൊലീസ് ആണ് കേസെടുത്തത്. മുതലമട വെള്ളാരംകടവിലെ പടക്കനിര്‍മാണശാലയുടെ ലൈസന്‍സിയായ കോട്ടയം സ്വദേശി ബിനോയ് ജേക്കബിനെതിരെയാണ് കൊല്ലങ്കോട് പൊലീസ് കേസെടുത്തത്.
ലൈസന്‍സില്‍ അനുവദിച്ചതിനെക്കാള്‍ കൂടുതല്‍ പടക്കങ്ങളും വെടിമരുന്നും സൂക്ഷിക്കുന്നതായി ചിറ്റൂര്‍ തഹസില്‍ദാര്‍ അറിയിച്ചു. ചിറ്റൂര്‍ ഡിവൈഎസ്പിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്. നിലവില്‍ പടക്കനിര്‍മാണശാല പൊലീസ് സീല്‍ ചെയ്തിട്ടുണ്ട്. തുടര്‍പരിശോധനകള്‍ നടത്തുമെന്ന് പാലക്കാട് ജില്ലാ കളക്ടര്‍ അറിയിച്ചു.
50 കിലോയുടെ വെടിമരുന്ന് സൂക്ഷിക്കാന്‍ അനുമതിയുള്ള പടക്ക നിര്‍മാണ ലൈസന്‍സി ബിനോയ് 500 കിലോയില്‍ അധികം വെടിമരുന്ന് അനധികൃതമായി സൂക്ഷിച്ചുവെന്ന് പരിശോധനയില്‍ കണ്ടെത്തിയതോടെയാണ് പൊലീസ് കേസെടുത്തത്.
തിരുവമ്പാടി ദേവസ്വത്തിന്റെ പടക്കനിര്‍മാണശാലയില്‍ സ്ഫോടനമുണ്ടായതിന് പിന്നാലെയാണ് പാലക്കാട് ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം റവന്യൂ വകുപ്പും പൊലീസും പരിശോധന നടത്തിയത്. കോടതിയുടെ നിര്‍ദേശപ്രകാരം പടക്കനിര്‍മാണ ശാലയിലുള്ള വെടിമരുന്നുകളും മറ്റും നിര്‍വീര്യമാക്കാനും നിര്‍ദേശം നല്‍കിയതായും ജില്ലാ കളക്ടര്‍ എം. എസ് മാധവിക്കുട്ടി അറിയിച്ചു. ഇന്ന് രാവിലെയാണ് ചിറ്റൂര്‍ തഹസില്‍ദാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ മുതലമടയില്‍ പ്രവര്‍ത്തിക്കുന്ന പാറമേക്കാവ് ദേവസ്വത്തിന്റെ പടക്കനിര്‍മാണശാലയ്ക്ക് സ്റ്റോപ് മെമ്മോ നല്‍കിയത്.