പറവൂർ ഹയർ സെക്കൻ്ററി സ്കൂളിന് വിഎസിൻ്റെ പേര് നൽകും; ജി. സുധാകരന് കത്തയച്ച് മന്ത്രി ശിവൻകുട്ടി

പേരിടുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി
വി.എസ്. അച്യുതാനന്ദൻ
വി.എസ്. അച്യുതാനന്ദൻSource: File Photo
Published on

ആലപ്പുഴ: പറവൂർ ഗവ. ഹയർ സെക്കന്‍ററി സ്കൂളിന് അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ പേര് നൽകും. പേരിടുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മുൻ മന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ ജി. സുധാകരന് അയച്ച കത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മന്ത്രി അയച്ച കത്ത് സുധാകരൻ ഫേസ്ബുക്കിൽ പങ്കുവച്ചു. നേരത്തെ സുധാകരൻ പറവൂർ ഹയർ സെക്കൻഡറി സ്കൂളിന് വി.എസിൻ്റെ പേര് നൽകണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് കത്തയച്ചിരുന്നു.

ജി. സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

സഖാവ്: വിഎസ് പഠിച്ച ആലപ്പുഴയിലെ പറവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് അദ്ദേഹത്തിന്റെ പേര് നൽകണമെന്ന ആവശ്യം ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിക്ക് രേഖാമൂലം നൽകിയിരുന്നു.സ: വിഎസ് പിന്നീട് മുഖ്യമന്ത്രിയായതും അദ്ദേഹം പഠിച്ച ഗവൺമെന്റ് യുപി സ്കൂൾ പിന്നീട് ഹൈസ്കൂൾ - ഹയർസെക്കൻഡറി സ്കൂൾ ആയതും ചരിത്രം.

പ്രസ്തുത ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് വിഎസ് അച്യുതാനന്ദന്റെ പേര് നൽകാനുള്ള നടപടികൾ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചു വരുന്ന വിവരം അറിയിച്ചുകൊണ്ട് ബഹു: വിദ്യാഭ്യാസ മന്ത്രി അയച്ച കത്ത് ഇന്നു കിട്ടി.

ബഹു: മന്ത്രിയുടെ ഉത്തരവിൻപ്രകാരം പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തും അയച്ചു തന്നിട്ടുണ്ട്.

ബഹു: വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെയും, വിദ്യാഭ്യാസ സെക്രട്ടറിയെയും, വിദ്യാഭ്യാസ ഡയറക്ടറേയും ഹാർദ്ദമായി നാടിനുവേണ്ടി അഭിനന്ദിക്കുന്നു.

വി.എസ്. അച്യുതാനന്ദൻ
വിഎസ് പഠിച്ച സ്കൂളിന് അദ്ദേഹത്തിന്റെ പേര് നല്‍കണം; വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നല്‍കി ജി. സുധാകരന്‍

നാലര വയസില്‍ അമ്മയെയും പതിനൊന്നാം വയസില്‍ അച്ഛനെയും നഷ്ടപ്പെട്ട വിഎസ് ഏഴാം ക്ലാസ് വരെയാണ് പഠിച്ചിട്ടുള്ളത്. കടുത്ത ദാരിദ്ര്യത്തിലായിരുന്നു വിഎസിന്റെ കുട്ടിക്കാലം. സ്കൂള്‍ പഠനം അവസാനിപ്പിച്ചശേഷം, ചേട്ടന്റെ ജൗളിക്കടയില്‍ സഹായിയായി. പിന്നീടാണ് ആസ്‍പിന്‍വാള്‍ കയര്‍ ഫാക്ടറിയില്‍ എത്തുന്നതും തൊഴിലാളി നേതാവായി പൊതുപ്രവര്‍ത്തന രംഗത്ത് ശ്രദ്ധയൂന്നുന്നതും. നൂറ്റാണ്ട് പിന്നിട്ട ജീവിതത്തില്‍ തൊഴിലാളി നേതാവ്, സിപിഐഎം സംസ്ഥാന സെക്രട്ടറി, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നീ പദവികള്‍ വഹിച്ച വിഎസ് കേരളത്തിലെ ഏറ്റവും ജനകീയ നേതാക്കളില്‍ പ്രഥമസ്ഥാനീയനാണ്. ജൂലൈ 21നായിരുന്നു അന്ത്യം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com