മലപ്പുറം തിരൂരിൽ ഒൻപത് മാസം പ്രായമായ കുഞ്ഞിനെ ഒന്നര ലക്ഷം രൂപക്ക് വിറ്റ് മാതാപിതാക്കൾ. കുഞ്ഞിനെ വിറ്റവരും വാങ്ങിയവരും തമിഴ്നാട് സ്വദേശികളാണ്. കുഞ്ഞിനെ രക്ഷിച്ച തിരൂർ പൊലീസ്, അമ്മ കീർത്തന,രണ്ടാനച്ഛൻ ശിവ, കുട്ടിയെ വാങ്ങിയവർ എന്നിവരെ അറസ്റ്റ് ചെയ്തു. കുഞ്ഞിനെ വാങ്ങിയത് വളർത്തുക എന്ന ഉദ്ദേശത്തോടെയാണെന്നാണ് പ്രതികളുടെ വാദം.
കോഴിക്കോട് താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയാണ് കുഞ്ഞിനെ വാങ്ങിയത്. ആദ്യം മൂന്ന് ലക്ഷത്തോളം രൂപ ആവശ്യപ്പെട്ടെങ്കിലും പിന്നാലെ ഒന്നര ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വാങ്ങുകയായിരുന്നു. ഇവർക്ക് വേണ്ടി ഇടനിലക്കാരായി നിന്ന ശെന്തിൽ കുമാർ, പ്രേമലത എന്നീ ദമ്പതികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ച് പേരെയും റിമാൻഡ് ചെയ്തു.
അയൽക്കാരാണ് കുഞ്ഞിനെ കാണുന്നില്ലെന്ന വിവരം ആദ്യം ശ്രദ്ധിക്കുന്നത്. പിന്നാലെ ഇവർ മാതാപിതാക്കളോട് കാര്യം തിരക്കി. മാതാപിതാക്കൾ മറുപടി നൽകാഞ്ഞതോടെയാണ് നാട്ടുകാർ പൊലീസിൽ പരാതി നൽകിയത്.