കോഴിക്കോട്: ബസ് ഡ്രൈവർമാർ തമ്മിലുള്ള സംഘർഷത്തിനിടെ കല്ലേറിൽ ബസിന്റെ ചില്ല് തകർന്ന് യാത്രക്കാരിക്ക് പരിക്കേറ്റു. സമയക്രമത്തെ ചൊല്ലിയുണ്ടായ സംഘർഷമാണ് യാത്രക്കാരിയുടെ കണ്ണിന് പരിക്കേൽക്കാൻ കാരണമായത്. അതിക്രമം നടത്തിയ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് ഉച്ചയ്ക്കാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് സ്വകാര്യ ബസ്സുകളിലെ ഡ്രൈവർമാർ തമ്മിൽ തർക്കം ഉണ്ടായത്. സമയത്തെ ചൊല്ലിയുള്ള തർക്കം പിന്നീട് രണ്ടാം ഗേറ്റിന്റെ പരിസരത്ത് എത്തിയപ്പോൾ ആക്രമണത്തിലേക്ക് കടന്നു.
വെള്ളിമാടുകുന്ന്- മൂഴിക്കൽ ഭാഗത്തേക്ക് പോവുകയായിരുന്ന കടുപ്പയിൽ ബസ്സിലെ ഡ്രൈവർ, മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോവുകയായിരുന്ന മനിർഷ എന്ന ബസിനെ മറികടക്കുകയും കല്ലുപയോഗിച്ച് ബസ്സിന്റെ ചില്ല് എറിഞ്ഞു തകർക്കുകയുമായിരുന്നു. ഈ ആക്രമണത്തിൽ ബസ്സിന്റെ മുൻവശത്തിരുന്ന യാത്രക്കാരിയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു.
പരിക്കേറ്റ യാത്രക്കാരിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ്സിന് നേരെ ആക്രമണം നടത്തിയ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്വകാര്യ ബസ്സുകൾ തമ്മിലുള്ള മത്സരപ്പാച്ചിലും സമയക്രമത്തെ ചൊല്ലിയുള്ള തർക്കങ്ങളും വൻ സംഘർഷങ്ങളിൽ കലാശിക്കുമ്പോൾ യാത്രക്കാരെങ്ങനെ സുരക്ഷിതരായി യാത്ര ചെയ്യുമെന്ന ആശങ്ക കൂടുകയാണ്.
തുടരെത്തുടരെയുണ്ടാകുന്ന ബസ് ജീവനക്കാരുടെ അതിക്രമങ്ങൾ തടയാനും മത്സരയോട്ടത്തിന് കടിഞ്ഞാണിടാനും അധികാരികൾ ഇനിയും വൈകിപ്പിക്കരുതെന്ന ആവശ്യം യാത്രക്കാരുടെ ഭാഗത്തുനിന്ന് ശക്തമായിട്ടുണ്ട്.