കേരള ടൂറിസത്തിന് സോഷ്യല്‍ മീഡിയ ക്യാമ്പെയ്‌നിനുള്ള അംഗീകാരം; പുരസ്കാരം ഏറ്റുവാങ്ങി മന്ത്രി പി. എ. മുഹമ്മദ് റിയാസ്

ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കേരള ടൂറിസം നടത്തിയ പരിശ്രമങ്ങള്‍ക്കുള്ള പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ (പാറ്റ) 2025 ലെ ഗോള്‍ഡ് അവാര്‍ഡ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഏറ്റുവാങ്ങി
PATA GOLD award for Kerala Tourism
PATA GOLD award for Kerala Tourism Source; Facebook
Published on

തിരുവനന്തപുരം: ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കേരള ടൂറിസം നടത്തിയ പരിശ്രമങ്ങള്‍ക്കുള്ള പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ (പാറ്റ) 2025 ലെ ഗോള്‍ഡ് അവാര്‍ഡ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഏറ്റുവാങ്ങി.

തായ്‌ലന്‍ഡിലെ ബാങ്കോക്കിലുള്ള ക്വീന്‍ സിരികിറ്റ് നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ പാറ്റ ട്രാവല്‍ മാര്‍ട്ടിനൊപ്പം നടന്ന പാറ്റ ഗോള്‍ഡ് അവാര്‍ഡ്‌സ് 2025 പരിപാടിയില്‍ മക്കാവോ ഗവണ്‍മെന്റ് ടൂറിസം ഓഫീസ് പ്രതിനിധി മരിയ ഹെലെന ദേ സെന്ന ഫെര്‍ണാണ്ടസ്, പാറ്റ ചെയര്‍ പീറ്റര്‍ സെമോണ്‍, പാറ്റ സിഇഒ നൂര്‍ അഹമ്മദ് ഹമീദ് എന്നിവരില്‍ നിന്നാണ് അവാര്‍ഡ് സ്വീകരിച്ചത്. 'മോസ്റ്റ് എന്‍ഗേജിംഗ് സോഷ്യല്‍ മീഡിയ ക്യാമ്പെയ്ന്‍' വിഭാഗത്തിലാണ് പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ (പാറ്റ) 2025 ലെ ഗോള്‍ഡ് അവാര്‍ഡ് ലഭിച്ചത്. ഏഷ്യ-പസഫിക് മേഖലയിലെ മികച്ച ടൂറിസം നേട്ടങ്ങളെ ആദരിക്കാനാണ് ഈ പുരസ്‌കാരം നല്‍കുന്നത്.

കേരളത്തിലെ വിനോദസഞ്ചാര ഡെസ്റ്റിനേഷനുകളുടെ വൈവിധ്യത്തെക്കുറിച്ച് നൂതനവും ട്രെന്‍ഡിംഗുമായ ഓണ്‍ലൈന്‍ ഉള്ളടക്കത്തിലൂടെ ദേശീയ അന്തര്‍ദേശീയ വിനോദസഞ്ചാരികളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് അവാര്‍ഡ് സ്വീകരിച്ച ശേഷം മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു. ആ ദിശയിലുള്ള കേരള ടൂറിസത്തിന്റെ ശ്രമങ്ങള്‍ക്കുള്ള തിളക്കമാര്‍ന്ന അംഗീകാരമാണ് ഈ അവാര്‍ഡ്. കേരളത്തിന് പാറ്റ ഗോള്‍ഡ് അവാര്‍ഡ് മുന്‍പും ലഭിച്ചിട്ടുണ്ട്. സുസ്ഥിരവും എല്ലാവരേയും ഉള്‍ക്കൊള്ളുന്നതുമായ സംസ്ഥാനത്തെ ടൂറിസം മേഖലയുടെ വിജയഗാഥകളാണിവയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, എക്‌സ്, ലിങ്ക്ഡ്ഇന്‍ തുടങ്ങിയ പ്ലാറ്റ് ഫോമുകളിലൂടെ 1.2 ദശലക്ഷത്തിലധികം ആളുകളിലേക്ക് എത്തിച്ചേരാനും 89,700 ലധികം ഇടപെടലുകള്‍ നേടാനും ഈ ക്യാമ്പെയ്‌നിലൂടെ കേരള ടൂറിസത്തിന് സാധിച്ചു. ഉപയോക്താക്കള്‍ തയ്യാറാക്കിയ ഉള്ളടക്കങ്ങള്‍, ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ സഹകരണം, മലയാളത്തനിമയുള്ള നര്‍മ്മം തുടങ്ങിയവയൊക്കെ വൈറല്‍ വിജയത്തിലേക്ക് നയിച്ച ഘടകങ്ങളാണ്. 25 വിദഗ്ധരടങ്ങിയ പാനലാണ് അവാര്‍ഡുകള്‍ക്കര്‍ഹരായവരെ തിരഞ്ഞെടുത്തത്. ബാങ്കോക്കില്‍ നടന്ന ചടങ്ങില്‍ കേരള ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) ശ്രീധന്യ സുരേഷും പങ്കെടുത്തു.

പാറ്റ ട്രാവല്‍ മാര്‍ട്ടിലെ കേരളത്തിന്റെ പവലിയന്‍ തായ്ലന്‍ഡിലെ ഇന്ത്യന്‍ അംബാസഡര്‍ നാഗേഷ് സിംഗ് ഉത്ഘാടനം ചെയ്തു. കൈരളി ആയുര്‍വേദിക് ഹെല്‍ത്ത് റിസോര്‍ട്ട്, ട്രിപ്പ് എന്‍ സ്റ്റേ ഹോളിഡേയ്സ് എന്നിവരുള്‍പ്പെടെയുള്ള വ്യാപാര പങ്കാളികളും പവലിയന്റെ ഭാഗമായി. ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഔട്ട്ബൗണ്ട് ട്രാവല്‍ കമ്പനികള്‍, പ്രമുഖ അന്താരാഷ്ട്ര യാത്രാ പ്രസിദ്ധീകരണങ്ങള്‍ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്കും പവലിയന്‍ വേദിയായി. പരമ്പരാഗത പരസ്യങ്ങളില്‍ നിന്ന് വിഭിന്നമായി കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും സംസ്‌കാരവും പ്രദര്‍ശിപ്പിക്കുകയും ഏഷ്യ-പസഫിക് മേഖലയില്‍ ടൂറിസം മാര്‍ക്കറ്റിംഗിന് ഇതിലൂടെ പുതിയ മാതൃക അവതരിപ്പിക്കാനും സാധിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com