
പത്തനംതിട്ട: ആറന്മുള വിഎച്ച്എസ്എസ് സ്കൂൾ കെട്ടിടത്തിന്റെ ഫിറ്റ്നസ് റദ്ദാക്കി. ഇന്നലെയാണ് മല്ലപ്പുഴശ്ശേരി പഞ്ചായത്ത് ഫിറ്റ്നസ് റദ്ദാക്കിയ നോട്ടീസ് നല്‍കിയത്. കൊല്ലം തേവലക്കര സ്കൂൾ അപകടത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ പരിശോധനയിലാണ് സ്കൂളിന് ഫിറ്റ്നസ് ഇല്ലായെന്ന് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം കോഴഞ്ചേരി എഇയുടെ നേതൃത്വത്തിലാണ് ഫിറ്റ്നസ് പരിശോധന നടന്നത്. ഇന്ന് രാവിലെ അധികൃതർ എത്തി കെട്ടിടത്തിന് മുന്നില്‍ നോ എന്‍ട്രി ബോർഡ് ഉള്‍പ്പെടെ സ്ഥാപിച്ചു. തുടർന്ന് കുട്ടികളെ മറ്റൊരു ക്ലാസ് മുറിയിലേക്ക് മാറ്റി. വിദ്യാർഥികള്‍ ആ ഭാഗത്തേക്ക് കടക്കാതിരിക്കാനുളള നടപടികളും സ്വീകരിച്ചു. 300ഓളം കുട്ടികള്‍ പഠിക്കുന്ന സ്കൂളാണിത്.
കൊല്ലം തേവലക്കര സ്കൂളില്‍ മിഥുന്‍ മനു എന്ന എട്ടാം ക്ലാസുകാരന്‍ ഷോക്കേറ്റ് മരിച്ചതിനെ തുടർന്നാണ് സംസ്ഥാനത്തെ എല്ലാ സ്കൂളുകളുടെയും അടിയന്തരമായി ഫിറ്റ്നസ് പരിശോധന നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് നിർദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ആറന്മുള വിഎച്ച്എസ്എസ് സ്കൂളിന്റെ പ്രധാന കെട്ടിടത്തിന് ഫിറ്റ്നസ്‍ ഇല്ലാ എന്ന് കണ്ടെത്തിയത്.
നേരത്തെ സ്കൂളുകളിലെ സുരക്ഷാ ഓഡിറ്റിങ് സമയബന്ധിതമായി നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ സ്കൂളുകളില്‍ പരിശോധന നടത്തുന്നുണ്ടോ എന്നറിയാന്‍ വകുപ്പിലെ വിജിലൻസിനെയും ചുമതലപ്പെടുത്തിയിരുന്നു. പരിശോധനാ റിപ്പോർട്ടുകൾ വിലയിരുത്താൻ ആഗസ്റ്റ് 12ന് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരും.