സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത 400 കുടുംബങ്ങൾക്ക് ഫ്ലാറ്റ് നിർമിച്ച് നൽകി മാതൃകയായിരിക്കുകയാണ് LDF ഭരിക്കുന്ന മലപ്പുറം പെരിന്തൽമണ്ണ നഗരസഭ. എല്ലാവർക്കും ഭവനം എന്ന ലൈഫ് മിഷൻ പദ്ധതിയിലൂടെ നിർമ്മാണം പൂർത്തിയാക്കിയ ഫ്ലാറ്റിൽ 200 കുടുംബങ്ങൾ താമസം തുടങ്ങി . ഭവനരഹിതരുടെ പാർപ്പിട പ്രശ്നം പരിഹരിച്ച സംസ്ഥാനത്തെ ഏക നഗരസഭ കൂടിയാണ് പെരിന്തൽമണ്ണ.
വർഷങ്ങളായി വാടക വീട്ടിൽ കഴിഞ്ഞിരുന്നവർക്ക് ഇന്ന് സ്വന്തമെന്ന് പറയാൻ ഒരു വീടുണ്ട് . ആ സന്തോഷം ആളുകളുടെ മുഖത്തുണ്ട്. 33 കോടി രൂപ ചെലവഴിച്ചാണ് പെരിന്തൽമണ്ണ നഗരസഭ ലൈഫ് ഭവന പദ്ധതി വഴി ഭവനരഹിതർക്ക് ഫ്ലാറ്റുകൾ നിർമ്മിച്ച് നൽകുന്നത്. 600 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഫ്ലാറ്റ് പൂർണ്ണമായും സെറാമിക് ടൈൽ പതിച്ചതാണ്. രണ്ട് കിടപ്പുമുറികൾ ഉൾപ്പെടെ ഒരു കുടുംബത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളുമുണ്ട്.
ഫ്ലാറ്റ് നിർമാണത്തിന് ആവശ്യമായ 6 ഏക്കർ സ്ഥലം ഒലിങ്കരയിൽ വാങ്ങിയത് നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് 5.48 കോടി രൂപ വിനിയോഗിച്ചാണ്. കെട്ടിട നിർമ്മാണം പൂർണ്ണമായും കുടുംബശ്രീയുടെ മേൽനോട്ടത്തിൽ. 400 ഫ്ലാറ്റുകളുടെ നിർമ്മാണത്തിന് 20 കോടി ലൈഫ് മിഷൻ നൽകി. കേന്ദ്ര ഭവന പദ്ധതിയായ PMAY വിഹിതമായി ലഭിക്കേണ്ട ആറ് കോടി രൂപ ലഭിക്കാത്തത് പ്രതിസന്ധിയായപ്പോൾ സംസ്ഥാന സർക്കാർ 6.89 കോടി രൂപ നൽകി . ഒപ്പം ഗുണഭോക്താക്കളുടെ അമ്പതിനായിരം രൂപ കൂടിയായപ്പോൾ സഫലമായത് 400 കുടുംബങ്ങളുടെ വീടെന്ന സ്വപ്നമാണ്.
ഫ്ലാറ്റുകൾ മാത്രമല്ല സ്വന്തമായി ഭൂമിയുള്ള 1,334 ഭവനരഹിതർക്കും പുതിയ വീടുകൾ നിർമ്മിച്ചു നൽകി. പണമില്ലാത്തതിനാൽ പാതിവഴിയിൽ നിലച്ചുപോയ അൻപതിലേറെ കുടുംബങ്ങളുടെ ഭവന നിർമ്മാണം പൂർത്തിയാക്കാനും നഗരസഭക്ക് കഴിഞ്ഞു. ഭവനരഹിതരില്ലാത്ത നഗരസഭയായി മാറാൻ പെരിന്തൽമണ്ണക്ക് കഴിഞ്ഞപ്പോൾ ലൈഫ് മിഷൻ പുരസ്കാരം നൽകി സർക്കാർ ആദരിച്ചു. പ്രതിസന്ധികൾ മറികടന്ന് ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി നേതൃത്വം നൽകുന്ന ഭരണസമിതി.