തിരുവനന്തപുരം: പേരൂർക്കടയിലെ ദലിത് സ്ത്രീയെ മോഷണക്കുറ്റാരോപിച്ച് സ്റ്റേഷനിൽ പിടിച്ചു വെച്ച സംഭവത്തിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം. തിരുവനന്തപുരം എസിഎസ്‌ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. വീട്ടുടമ ഓമന ഡാനിയലിനും എസ്ഐ പ്രസാദിനുമാണ് കോടതി ജാമ്യം അനുവദിച്ചത്.
എസ്‌ടി-എസ്‌സി കമ്മീഷൻ്റെ നിർദേശപ്രകാരമായിരുന്നു വീട്ടുടമയ്ക്കെതിരെ കേസെടുത്തത്. മോഷണക്കുറ്റാരോപണത്തിൽ വീട്ടുടമയ്‌ക്കെതിരെ കേസെടുത്തതിൽ സന്തോഷമെന്ന് ആരോപണവിധേയായ ബന്ദു പറഞ്ഞിരുന്നു.
ഏപ്രിൽ 23നായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. വീട്ടുജോലി കഴിഞ്ഞ് മടങ്ങും വഴി ബിന്ദുവിനെ പേരൂർക്കട സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തികയായിരുന്നു. ജോലി ചെയ്ത വീട്ടിലെ ഉടമയുടെ മാല നഷ്ടപ്പെട്ടെന്ന് പറഞ്ഞായിരുന്നു വിളിച്ചുവരുത്തിയത്. മാല മോഷ്ടിച്ചിട്ടില്ലെന്ന് ബിന്ദു ഉറപ്പിച്ച് പറഞ്ഞിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ തിരിച്ച് ചീത്ത വിളിക്കുകയായിരുന്നു.
പിന്നാലെ കസ്റ്റഡിയിലെടുത്ത ബിന്ദുവിന് ഭക്ഷണമോ വെള്ളമോ നൽകാൻ പൊലീസ് തയ്യാറായില്ല. 20 മണിക്കൂറോളം ബിന്ദുവിനെ കസ്റ്റഡിയിൽ വെച്ചു. കുടുംബത്തെ വിവരം അറിയിക്കാൻ പോലും പൊലീസ് അനുവദിച്ചില്ലെന്നും ബിന്ദു പറഞ്ഞു. പിന്നീട് മാല കിട്ടിയെന്ന വിവരം പോലും ബിന്ദുവിനെ അറിയിച്ചിരുന്നില്ല. പ്രാഥമിക അന്വേഷണത്തിൽ തന്നെ പൊലീസിൻ്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച കണ്ടെത്തിയിരുന്നു. തുടർന്ന് അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.
ഇതിനുപിന്നാലെയാണ് വീട്ടുടമയ്‌ക്കെതിരെ പൊലീസ് നടപടിയെടുത്തിരിക്കുന്നത്. മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പെടെ ഇടപെട്ട സാഹചര്യത്തിൽ ജില്ലയ്ക്ക് പുറത്തുള്ള ഉദ്യോഗസ്ഥനിലേക്ക് അന്വേഷണ ചുമതല എത്തുകയായിരുന്നു.