

തിരുവനന്തപുരം: പേരൂർക്കട മാതൃക ജില്ലാ ആശുപത്രിയിലെ സ്ത്രീകളുടെ വാർഡിൽ പൂച്ചകൾ കയറിക്കിടക്കുന്നതിൻ്റെയും ചത്ത എലി കിടക്കുന്നതിൻ്റെയും ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. പേരൂർക്കട ആശുപത്രിയിലെ അനാസ്ഥയിൽ ആശുപത്രിക്കുള്ള എല്ലാ സംവിധാനങ്ങളും സർക്കാർ ഒരുക്കി നൽകിയിട്ടുണ്ടെന്നും മെയിൻ്റനൻസ് നോക്കേണ്ടത് സൂപ്രണ്ട്, ആർ.ഡി.ഒ തുടങ്ങിയവരാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
"വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടനെ ആശുപത്രിയിലേക്ക് സ്പെഷ്യൽ ടീമിനെ അയച്ചു. പൂട്ടിയിട്ട കെട്ടിടമാണിത്. അവിടുത്തെ ബെഡ് മാറ്റാൻ പറഞ്ഞിട്ടുണ്ട്. മെയിൻ്റനൻസ് കഴിഞ്ഞ് പരിശോധന പൂർത്തിയായ ശേഷം മാത്രമേ ഇനി തുറക്കുകയുള്ളൂ. കെട്ടിടത്തിൻ്റെ ഫിറ്റ്നസ് അടക്കം പരിശോധിക്കും," മന്ത്രി കെ. മുരളീധരൻ പറഞ്ഞു.
സംസ്ഥാനത്തെ ആശുപത്രി കെട്ടിടങ്ങൾ പരിശോധിക്കുവാൻ ഡിഎംഒമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇനിയും പ്രശ്നങ്ങൾ കണ്ടെത്തിയാൽ ഉത്തരവാദിത്തത്തിൽ നിന്ന് അവർക്ക് ഒഴിയാൻ കഴിയില്ലെന്നും മന്ത്രി വിഷയത്തിൽ നിലപാട് വ്യക്തമാക്കി.
അതേസമയം, ബോർഡ്-കോർപ്പറേഷൻ വിഭജന കാര്യത്തിൽ തീരുമാനം ഏതാണ്ടെല്ലാം ആയെന്നായിരുന്നു മന്ത്രി കെ. മുരളീധരൻ്റെ പ്രതികരണം. എ ഗ്രൂപ്പ് അതൃപ്തിയെക്കുറിച്ചുള്ള ചോദ്യത്തിന് ഇപ്പോൾ ഗ്രൂപ്പ് ഇല്ലെന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.
എൽപിഎസ്‌ടി സമരനേതാവ് വളർമതിയുടെ അനാരോഗ്യം സംബന്ധിച്ചും മന്ത്രി ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. "എല്ലാ ചികിത്സയും സർക്കാർ ഉറപ്പുവരുത്തുന്നുണ്ട്. മെഡിക്കൽ കോളേജിലേക്ക് മാറാൻ വളർമതി തയ്യാറല്ല. ബലം പ്രയോഗിച്ച് വളർമതിയെ മാറ്റില്ല. ഇന്ന് പ്രത്യേക സംഘത്തെ വളർമതിയെ പരിശോധിക്കാൻ നിയോഗിച്ചിരുന്നു. മികച്ച ചികിത്സ സർക്കാർ ഉറപ്പുവരുത്തും. അതിനായി മുഖ്യമന്ത്രി പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്," എന്നും മന്ത്രി കെ. മുരളീധരൻ വിശദീകരിച്ചു.