

കൊല്ലം: പെരുമണ്‍-പേഴുംതുരുത്ത് പാലത്തിന്റെ നിര്‍മാണം ഈ സര്‍ക്കാര്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. പാലം നിര്‍മ്മാണം ഇഴയുന്നുവെന്ന ന്യൂസ് മലയാളം വാര്‍ത്തയില്‍ ആണ് മന്ത്രിയുടെ പ്രതികരണം.
മന്ത്രിയെന്ന നിലയില്‍ പ്രത്യേക പരിഗണന നല്കുന്ന പദ്ധതിയാണ് ഇത്. കാല്‍നട യാത്രയ്ക്കായി റെയില്‍വെ പാലത്തിനടുത്തേക്ക് വരുന്ന ഭാഗത്തെ കാടുകള്‍ വെട്ടി യാത്രാ യോഗ്യമാക്കും എന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
'സാങ്കേതികമായി ആവശ്യമുള്ള സമയമല്ലാതെ ഒരു സമയവും പെരുമണ്‍ പാലത്തിന്റെ നിര്‍മിതിക്കായി ഉപയോഗിക്കില്ല. അതുവഴി പോകുമ്പോള്‍ ആദ്യം എന്റെ കണ്ണ് എത്തുന്നത് പെരുമണ്‍ പാലത്തിലാണ്. അത് കൂട്ടിമുട്ടിക്കാനുള്ള നിരന്തര ശ്രമമാണ് ഞങ്ങളുടെ ഒക്കെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. എത്രയും പെട്ടെന്ന് പാലം പണി പൂര്‍ത്തിയാക്കും. നിരന്തരം നിരീക്ഷണത്തിലാണ്,' ബിന്ദു കൃഷ്ണ പറഞ്ഞു.
മണ്‍റോത്തുരുത്ത് - പനയം പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കാനാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പാലം നിര്‍മ്മാണം ആരംഭിച്ചത്. എന്നാല്‍ അഷ്ടമുടിക്കായലിന്റെ നടുവില്‍ കൂട്ടിമുട്ടാതെ നില്‍ക്കുകയാണ് പാലം. 434 മീറ്റര്‍ നീളത്തിലുള്ള പാലം യാഥാര്‍ഥ്യമായാല്‍ വിശാലമായ കായല്‍ പരപ്പുള്ള അഷ്ടമുടിയുടെ വിനോദ സഞ്ചാര രംഗത്തിന് വലിയ പുരോഗതിയായിരിക്കും സമ്മാനിക്കുക.
കാലങ്ങളായി യാത്രാക്ലേശത്താല്‍ ബുദ്ധിമുട്ടുന്ന നാട്ടുകാരുടെ ആവശ്യത്തിനൊടുവിലാണ് 2020ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. വേഗത്തില്‍ പണിതീരുമെന്നായിരുന്നു ജനങ്ങളുടെ പ്രതീക്ഷ. ഇരുകരകളിലും നിന്നും തുടങ്ങിയ നിര്‍മാണം രണ്ടാം പിണറായി സര്‍ക്കാരിനും കൂട്ടിമുട്ടിക്കാനായില്ല. അഷ്ടമുടിക്കായലിന് മുകളില്‍ അതിങ്ങനെ മുഖത്തോട് മുഖം നോക്കി നില്‍ക്കുകയാണ്.
ഇന്നും ജനങ്ങള്‍ പെരുമണ്‍ റയില്‍വെ പാലത്തേയും ജങ്കാര്‍, ബോട്ട് സര്‍വ്വീസുകളേയും ആശ്രയിച്ചാണ് യാത്ര നടത്തുന്നത്. ഡിസൈനിന്റെ മാറ്റവും, എസ്റ്റിമേറ്റ് തുക നിര്‍ണയവും പാലം പണി നീളാന്‍ കാരണമായി. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന പാലത്തിന്റെ നിര്‍മ്മാണ ചുമതല കേരളാ റോഡ് ഫണ്ടിനാണ്. ഒന്നര വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന ഉറപ്പാണ് നിലവില്‍ കരാര്‍ കമ്പനി നല്‍കുന്നത്.