

തിരുവനന്തപുരം: അന്ത്യോദയ അന്ന യോജന പദ്ധതിക്കെതിരെ പ്രതിപക്ഷനേതാവ് പിണറായി വിജയൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. ഗുണഭോക്തൃ മാനദണ്ഡം മാറ്റുന്നതിനെതിരെയാണ് വിമർശനം. വ്യക്തിഗത അടിസ്ഥാനത്തിലുള്ള റേഷൻ വിതരണം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പിണറായി വിജയൻ ആരോപിച്ചു.
ഫുഡ് സെക്യൂരിറ്റി നിയമത്തെ അട്ടിമറിക്കാനാണ് കേന്ദ്രസർക്കാരിൻ്റെ നീക്കം. പുതിയ ഭേദഗതി നിർദ്ദേശം കുടുംബങ്ങൾക്ക് ലഭിക്കുന്ന ഭക്ഷ്യധാനത്തിൽ കുറവ് വരുത്തും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ മുഴുവൻ ഭക്ഷ്യധ്യാനം വെട്ടി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കം. ഭേദഗതി അടിയന്തരമായി പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.
പിണറായി വിജയൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
നാഷണൽ ഫുഡ് സെക്യൂരിറ്റി ആക്റ്റിൽ അന്ത്യോദയ അന്നയോജന (AAY) പദ്ധതിയുടെ ഗുണഭോക്തൃ മാനദണ്ഡം കുടുംബത്തിന് പകരം വ്യക്തിഗത അടിസ്ഥാനത്തിലാക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പാവപ്പെട്ടവരുടെ റേഷൻ വിഹിതം ഘട്ടംഘട്ടമായി വെട്ടിക്കുറയ്ക്കാനും ഫുഡ് സെക്യൂരിറ്റി നിയമത്തെ തന്നെ അട്ടിമറിക്കാനുമുള്ള കേന്ദ്രത്തിന്റെ ഗൂഢശ്രമമാണ് ഈ ഭേദഗതി നിർദേശത്തിൽ കാണുന്നത്.
ഒരാൾക്ക് 7 കിലോഗ്രാം എന്ന പുതിയ ഭേദഗതി നിർദേശം വഴി നിലവിൽ ഒരു കുടുംബത്തിന് ഉറപ്പുനൽകുന്ന 35 കിലോഗ്രാം ഭക്ഷ്യധാന്യം, ചെറിയ കുടുംബങ്ങൾക്ക് വലിയ തോതിൽ നഷ്ടമാകുന്ന നിലയാണ്. അതേസമയം കുടുംബാംഗങ്ങളുടെ എണ്ണം എത്രതന്നെയായാലും അവർക്ക് ലഭിക്കുന്ന ആകെ വിഹിതം പ്രതിമാസം 35 കിലോഗ്രാം ആയി പരിമിതപ്പെടുത്തിയിരിക്കുകയുമാണ്.
കുടുംബാസൂത്രണവും ജനസംഖ്യാ നിയന്ത്രണവും മികച്ച രീതിയിൽ നടപ്പാക്കിയ കേരളം പോലുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ശിക്ഷിക്കുന്ന രീതിയിലാണ് കേന്ദ്രത്തിന്റെ ഈ പുതിയ നീക്കം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ മൊത്തം ഭക്ഷ്യധാന്യ വിഹിതം ഇല്ലാതാക്കാനാണ് കേന്ദ്രം നോക്കുന്നത്. 2011 ലെ സെൻസസ് പ്രകാരമുള്ള ഗുണഭോക്തൃ പട്ടിക പുതുക്കി അർഹരായ ലക്ഷക്കണക്കിന് ആളുകളെ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനു പകരം കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് വഴങ്ങി റേഷൻ സംവിധാനത്തെ തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.
സാധാരണക്കാരന്റെ റേഷൻ അവകാശം കവർന്നെടുക്കുന്ന ഈ ഭേദഗതി അടിയന്തരമായി പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാവണം. കേന്ദ്രത്തിനെതിരെ ജനദ്രോഹ നടപടിക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർന്നുവരേണ്ടതുമുണ്ട്. ഈ വിഷയത്തിൽ കേരളത്തിന്റെ ശക്തമായ പ്രതിഷേധം അറിയിക്കാനും റേഷൻ അവകാശം സംരക്ഷിക്കാനും സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണം.