ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

ചെറിയ പെരുന്നാൾ ആശംസകൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും.
ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
Source: Social Media
Published on
Updated on

തിരുവനന്തപുരം: കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കാനിരിക്കെ ആശംസകൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും.

മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസ്താവന

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ഗൾഫ് രാജ്യങ്ങളിലെ പ്രവാസി സമൂഹത്തെ മാനസികമായ അസ്വസ്ഥതയിലേക്കും ആശയക്കുഴപ്പത്തിലേക്കുമാണ് നയിക്കുന്നത്. അതിന്റെ പ്രതിഫലനം ഏറ്റവും വ്യക്തമായി അനുഭവപ്പെടുന്നത് കേരളത്തിലെ പ്രവാസി കുടുംബങ്ങളിലാണ്.

ഈദ് ആഘോഷകാലം എന്നത് സാധാരണയായി പ്രവാസികൾ നാട്ടിലേക്ക് മടങ്ങിയെത്തുന്ന സന്തോഷ നിമിഷങ്ങളാണ്. എന്നാൽ ഇത്തവണ അനേകർക്ക് യാത്ര തന്നെ മുടങ്ങിയിരിക്കുന്നു. ആവശ്യത്തിന് വിമാന സർവീസുകളുടെ അഭാവം പ്രതിസന്ധിയാകുന്നു. ലഭ്യമായ വിമാനങ്ങൾക്കുപോലും അമിതമായ തിരക്കും ടിക്കറ്റ് നിരക്കുകളും സാധാരണക്കാരുടെ കയ്യെത്തുന്നതിന് പുറത്താണ്.

ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
ശവ്വാൽ പിറ കണ്ടു, സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ; ഏവർക്കും ഈദുൽ ഫിത്വർ ആശംസകൾ

അതിലും വലിയ ആശങ്ക, നാട്ടിലെത്തിയാൽ തിരികെ ജോലി സ്ഥലങ്ങളിലേക്കെത്താൻ കഴിയുമോ എന്നതാണ്. യാത്രാ അനിശ്ചിതത്വം കാരണം സമയത്ത് തിരിച്ചെത്താൻ കഴിയാത്ത സാഹചര്യം ഉണ്ടാവുകയാണെങ്കിൽ തൊഴിലിൽ തന്നെ പ്രശ്നങ്ങൾ നേരിടേണ്ടി വരും എന്ന ഭയം പ്രവാസികളിലുണ്ട്. കേരളത്തിലെ പ്രവാസി സമൂഹത്തിന്റെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് അനുപാതികമായ വിമാന സർവീസുകൾ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തി കൂടുതൽ വിമാന സർവീസുകൾ ക്രമീകരിക്കുകയും യാത്രാ സൗകര്യങ്ങൾ സുഗമമാക്കുകയും വേണം.

പ്രവാസികൾ നമ്മുടെ നാടിൻ്റെ അഭേദ്യ ഭാഗമാണ്. അവരുടെ ആശങ്കകൾ പരിഹരിക്കുന്നത് സാമൂഹിക ബാധ്യത എന്നതിനേക്കാൾ എത്രയോ വലിയ ഉത്തരവാദിത്തമാണ്. ഈദ് പോലുള്ള ആഘോഷകാലത്ത് അവരുടെ മനസ്സിൽ ആശ്വാസവും ആത്മവിശ്വാസവും സൃഷ്ടിക്കാൻ ആവശ്യമായ നടപടികൾ അടിയന്തരമായി കൈക്കൊള്ളാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാവണം.

ഏത് പ്രതിസന്ധിയിലും പ്രവാസി സഹോദരങ്ങൾക്കൊപ്പം ഈ നാട് ഉണ്ടാകും. ഈ അസ്വസ്ഥതയുടെ ഘട്ടത്തിൽ പ്രവാസികൾക്ക് സഹായം നൽകാൻ ലോകകേരള സഭാംഗങ്ങളും ഗൾഫ് നാടുകളിലെ പ്രവാസി സംഘടനകളും ഒത്തൊരുമിച്ച് ഇടപെടുന്നത് ഏറ്റവും അഭിനന്ദനാർഹമായ കാര്യമാണ്. അത്തരം ഇടപെടലുകൾ കൂടുതൽ ശക്തിപ്പെടുത്തും എന്ന് പ്രതീക്ഷിക്കുകയാണ്. എല്ലാ പ്രവാസി സഹോദരങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ.

വി.ഡി. സതീശൻ്റെ ആശംസ

കഠിനമായ വ്രതാനുഷ്ഠാനങ്ങളിലൂടെ വിശ്വാസി സമൂഹം ഈദുല്‍ ഫിത്ര്‍ ആഘോഷിക്കുകയാണ്. ആത്മീയവും ശാരീരികവുമായ ശുദ്ധി വരുത്താനുള്ളതായിരുന്നു ഓരോ വിശ്വാസിക്കും നോമ്പ് കാലം.

വ്രതാനുഷ്ഠാനത്തിലൂടെ സ്വയം ശുചീകരണത്തിന് വിധേയമാക്കപ്പെടുന്നതിനൊപ്പം സഹജീവികളെ സഹായിക്കാനുള്ള കാലം കൂടിയായിരുന്നു അത്. ഉള്ളവന്‍ ഇല്ലാത്തവന് കൊടുക്കണമെന്ന് പറയുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന കാരുണ്യത്തിലൂന്നിയ വിശ്വാസമാണ് ഇസ്ലാം മതം. ത്യാഗം, സ്‌നേഹം, നന്ദി എന്നിവയാണ് ഈദുല്‍ ഫിത്ര്‍ ആഘോഷം നല്‍കുന്ന സന്ദേശം. ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്ക് ചെറിയ പെരുന്നാള്‍ ആശംസകള്‍ നേരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com