

തിരുവനന്തപുരം: കണ്ണൂരിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിൻ്റെ മൃതദേഹത്തോട് കാണിച്ചത് ക്രൂരതയും അനാദരവുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഫ്രീസർ ആംബുലൻസ് പോലും നൽകാൻ സർക്കാർ തയ്യാറായില്ല. കുടുംബത്തിന് ആംബുലൻസ് വാടകയ്ക്ക് എടുത്താണ് മൃതദേഹം മാറ്റേണ്ടി വന്നത്.
ഇത് നെറികേടിൻ്റെയും കെടുകാര്യസ്ഥതയുടെയും തെളിവാണ്. രക്തസാക്ഷിത്വത്തോടുള്ള അവഹേളനമാണ് ഉണ്ടായതെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.
പ്രതിപക്ഷനേതാവ് പിണറായി വിജയൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
പ്രളയജലത്തിൽ അകപ്പെട്ട ആളെ സ്വന്തം ജീവൻ നൽകി രക്ഷിച്ച രാജേഷ്, ത്യാഗത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും ഉജ്ജ്വല പ്രതീകമാണ്. ധീരനായ ആ ചെറുപ്പക്കാരന്റെ മൃതദേഹത്തോട് ഭരണസംവിധാനങ്ങൾ കാണിച്ചത് അങ്ങേയറ്റത്തെ ക്രൂരതയും അനാദരവുമാണ്. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽനിന്ന് തിരുവനന്തപുരത്തെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകാൻ ഒരു ഫ്രീസർ ആംബുലൻസ് പോലും നൽകാൻ സർക്കാരോ ബന്ധപ്പെട്ട വകുപ്പുകളോ തയ്യാറായില്ല.
വഴിമധ്യേ ചാവക്കാട്ടുവെച്ച് ബന്ധുക്കൾക്ക് മറ്റൊരു ഫ്രീസർ ആംബുലൻസ് വാടകയ്‌ക്കെടുത്ത് മൃതദേഹം മാറ്റേണ്ടിവന്നു. ഉത്തരവാദപ്പെട്ടവരുടെ നെറികേടിന്റെയും കെടുകാര്യസ്ഥതയുടെയും തെളിവാണ് ഈ സംഭവം. ഇത്തരം മനോഭാവവും നടപടികളും ആവർത്തിച്ചു കൂടാത്തതാണ്. ത്യാഗനിർഭരമായ രക്തസാക്ഷിത്വത്തോടുള്ള അവഹേളനമാണ് ഉണ്ടായിക്കുന്നത്. രാജേഷിന്റെ ബന്ധുക്കളോട് സാമാന്യ മനുഷ്യത്വമെങ്കിലും കാണിക്കാൻ സർക്കാരിനായില്ല എന്നതാണ് സത്യം.
ആരോഗ്യ - റവന്യൂ വകുപ്പുകളുടെ ഈ അനാസ്ഥയ്ക്ക് ഭരണ നേതൃത്വം തന്നെ മറുപടി പറയണം. മനുഷ്യത്വരഹിതമായ ഈ അനാസ്ഥയ്ക്ക് ഉത്തരവാദികളായവർക്കെതിരെ അടിയന്തരമായി കർശന നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം.