

തിരുവനന്തപുരം: സിപിഐഎം നേതാവ് ടി.ഐ. മധുസൂദനൻ്റെ കൊലവിളി പ്രസംഗത്തെ ന്യായീകരിച്ച് പിണറായി വിജയൻ. മധുസൂദനൻ പ്രസംഗിച്ചത് ആർഎസ്എസിന് എതിരെ ആണെന്നും, കോൺഗ്രസുകാർ ശ്രമിക്കുന്നത് ആർഎസ്എസിനെ ന്യായീകരിക്കാൻ ആണെന്നും പിണറായി പറഞ്ഞു. സിപിഐഎമ്മിനെ കൊലയാളി സംഘമായി ചിത്രീകരിക്കാൻ ഉള്ള നീക്കമാണ് നടക്കുന്നത് എന്നും പിണറായി പറഞ്ഞു.
ചോരക്ക് പകരം ചോദിക്കുമെന്ന മുഖ്യമന്ത്രിയുടെ കണ്ണൂരിലെ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനമാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. ഭയമോ പക്ഷപാതമോ ഇല്ലാതെ പ്രവർത്തിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രിയാണ് ഇങ്ങനെ പ്രസംഗിക്കുന്നത്. സർക്കാർ അധികാരത്തിൽ വരുന്നത് പ്രതികാരം ചെയ്യാനാണോ എന്നും പിണറായി ചോദിച്ചു.
പാർട്ടിയെ സോഷ്യൽ മീഡിയയിലൂടെ വിമർശിക്കുന്നവർക്കെതിരെ ഭീഷണിയുടെ സ്വരത്തിലായിരുന്നു മധുസൂദനൻ്റെ പ്രസംഗം. കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞുതന്നെ തീർക്കുമെന്നും അതിന് പാർട്ടിക്ക് മടിയില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. സോഷ്യൽ മീഡിയയിൽ പാർട്ടിയെ ആക്ഷേപിക്കുന്നവർക്ക് കിട്ടേണ്ടത് കിട്ടിയിട്ടുണ്ടാകുമെന്നും തെരുവിലിറങ്ങിയാൽ അതിൻ്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും മധുസൂദനൻ പറഞ്ഞിരുന്നു. മധുസൂദനന്റെ കൊലവിളി പ്രസംഗത്തിനെതിരെ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ രൂക്ഷവിമർശനമുയർന്നിരുന്നു. അനാവശ്യമായ പരാമർശമാണ് മധുസൂദനൻ നടത്തിയതെന്നാണ് യോഗത്തിൽ നേതാക്കൾ വിമർശിച്ചത്.
പ്രസംഗത്തിൽ പയ്യന്നൂർ പൊലീസ് കേസെടുത്തിരുന്നു. കലാപാഹ്വാനം, ക്രിമിനൽ ഭീഷണി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലായിരുന്നു പൊലീസ് നടപടി. കൂടാതെ, മധുസൂദനനെതിരെ പയ്യന്നൂരിൽ കൊല്ലപ്പെട്ട കെ.എസ്.യു പ്രവർത്തകൻ സജിത് ലാലിന്റെ സഹോദരൻ അജിത് ലാലും പരാതി നൽകിയിരുന്നു.
അതേസമയം, മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഡിവൈഎഫ്ഐയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. യൂത്ത് കോൺഗ്രസുകാരുടെ ചോരയിൽ ഉണ്ടായ സർക്കാർ ആണിതെന്നും ആ ചോരയ്ക്ക് പകരം ചോദിക്കുമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസംഗത്തിനെതിരെയാണ് പരാതി നൽകിയത്. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സലാണ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.