"ഇഡിയുടെ വിചിത്ര നടപടികൾ വീണ മകൾ ആയതുകൊണ്ട്; അന്നും ഇന്നും കൈകൾ ശുദ്ധം"; മനോരമയെ പേരെടുത്ത് വിമര്‍ശിച്ച് പിണറായി വിജയന്‍

ഗവർണർക്കെതിരെ പ്രതികരിക്കാത്തതിനും ഓണ വിപണിയിൽ ഫലപ്രദമായി ഇടപെടാത്തതിനും സർക്കാരിനും വിമർശനം
പിണറായി വിജയന്‍
പിണറായി വിജയന്‍
Published on
Updated on

സിഎംആര്‍എല്‍ കേസില്‍ വീണ ടിക്കെതിരായ ഇഡി ആരോപണങ്ങള്‍ക്ക് കടുത്ത ഭാഷയില്‍ മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. താനോ തന്റെ കുടുംബമോ ഒരു ഹവാല ഇടപാടും നടത്തിയിട്ടില്ല. അന്നും ഇന്നും തന്റെ കൈകൾ ശുദ്ധമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ഇഡി റെയ്ഡ് സംബന്ധിച്ച വാര്‍ത്തകളില്‍ മലയാള മനോരമയെയും ചീഫ് എഡിറ്റർ മാമൻ മാത്യുവിനെയും പേരെടുത്തു പറഞ്ഞായിരുന്നു വിമര്‍ശനം. തനിക്ക് എതിരെയാണെങ്കില്‍ എന്തും എഴുതാം എന്നാണോ എന്നായിരുന്നു മാമൻ മാത്യുവിനോടായുള്ള ചോദ്യം.

'എടോ ഗോപാലകൃഷ്ണാ' എന്ന് തുടങ്ങുന്ന മാതൃഭൂമി പത്രാധിപർക്കെതിരായ പ്രസംഗത്തിനുശേഷം മറ്റൊരു പത്രാധിപർക്കെതിരെ കർക്കശ ഭാഷയിൽ പിണറായി വിജയന്‍ പ്രതികരിക്കുകയായിരുന്നു. എക്സാലോജിക് സാമ്പത്തിക ഇടപാടിൽ റിയാസിന്റെ അക്കൗണ്ടിലേക്ക് വീണ പണം മറിച്ചെന്ന വാർത്ത ഉയർത്തിയാ് പിണറായി മലയാള മനോരമ പത്രാധിപർക്കെതിരെ ആഞ്ഞടിച്ചത്. മനോരമ പത്രാധിപർ മാമൻ മാത്യുവിന്റെ പേരെടുത്ത് പറഞ്ഞായിരുന്നു വിമർശനം. തനിക്ക് എതിരെയാണെങ്കില്‍ എന്തും എഴുതാം എന്നാണോ എന്നും മാമൻ മാത്യുവിനോട് പിണറായി ചോദിച്ചു.

പിണറായി വിജയന്‍
ലേക്കര്‍ ഇന്ത്യ കടലാസ് കമ്പനിയല്ല, നടക്കുന്നത് കുപ്രചരണം; വിശദീകരണവുമായി ഡോ: അനീസ് അറയ്ക്കൽ

ഈ കൈകൾ ശുദ്ധമെന്ന നിയമസഭ പ്രസംഗത്തിന്റെ ചുവടുപിടിച്ചായിരുന്നു മനോരമയ്ക്ക് പിണറായിയുടെ മറുപടി. വിദേശത്തേക്ക് പണം കടത്തി എന്നതടക്കം ഇഡി ഉയർത്തിയ ആരോപണങ്ങൾ പിണറായി തള്ളി. വീണ തന്റെ മകൾ ആയതുകൊണ്ടാണ് ഇഡി വിചിത്രമായ നടപടികൾ തുടരുന്നത്. പക്ഷേ, ഏത് അന്വേഷണത്തോടും സഹകരിക്കും. ചിലയാളുകൾ ദീർഘകാലമായി തനിക്കെതിരെ കൂടിയിട്ടുണ്ട്. ഏതൊക്കെ തരത്തിൽ പെടുത്താൻ പറ്റുമെന്ന് പരിശ്രമിക്കുന്നുണ്ട്. സാധാരണ കേസുകളിൽ ഇഡി വാർത്താക്കുറിപ്പ് ഇറക്കാറുണ്ടോ എന്നും പിണറായി ചോദിച്ചു. ഇഡിയുടെ വാര്‍ത്താക്കുറിപ്പില്‍ തന്റെ പേര് മുന്‍ മുഖ്യമന്ത്രിയെന്ന് പ്രത്യേകം രേഖപ്പെടുത്തിയതിനു പിന്നിലും പ്രത്യേക താല്‍പ്പര്യങ്ങളുണ്ട്. ചില മാധ്യമങ്ങള്‍ക്കും തന്നോട് പ്രത്യേക താല്‍പ്പര്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ ഉപനേതൃസ്ഥാനം ചോദിച്ച് ഇടഞ്ഞു നിൽക്കുന്ന സിപിഐയോടും തെല്ലും അനുഭാവമില്ലാത്ത മറുപടിയാണ് പിണറായി നൽകിയത്. താന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയാല്‍ തീരാവുന്ന പ്രശ്നമാണത് എന്നായിരുന്നു മറുപടി. എ.എൻ. ഷംസീറിന് ലീഗ് മനസാണെന്ന് പറഞ്ഞ വെള്ളാപ്പള്ളി നടേശനെയും പിണറായി തള്ളിപ്പറഞ്ഞു. ഉദ്യോഗസ്ഥരെ വിളിപ്പിച്ച ഗവർണർക്കെതിരെ പ്രതികരിക്കാത്തതിനും ഓണ വിപണിയിൽ ഫലപ്രദമായി ഇടപെടാത്തതിനും സർക്കാരിനെയും പ്രതിപക്ഷ നേതാവ് നിശിതമായ ഭാഷയിൽ വിമർശിച്ചു.

News Malayalam 24x7
newsmalayalam.com