മരുന്നു ക്ഷാമം രൂക്ഷമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ശബ്ദ സന്ദേശം; സർക്കാർ പരാജയത്തിന്റെ ഔദ്യോഗിക കുറ്റസമ്മതമെന്ന് പിണറായി വിജയന്‍

"ചികിത്സ തേടിവരുന്ന സാധാരണ ജനങ്ങൾ പരാതി ഉന്നയിച്ചിരുന്നു, മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു, പക്ഷേ, ആരോഗ്യമന്ത്രി ഇതെല്ലാം നിഷേധിക്കുകയാണ്"
മരുന്നു ക്ഷാമം രൂക്ഷമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ശബ്ദ സന്ദേശം; സർക്കാർ പരാജയത്തിന്റെ ഔദ്യോഗിക കുറ്റസമ്മതമെന്ന് പിണറായി വിജയന്‍
Published on: 
Updated on: 

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നു ക്ഷാമം രൂക്ഷമെന്ന് അംഗീകരിക്കുന്ന ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഓഡിയോ സന്ദേശം പുറത്ത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവരുൾപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പിലെ ഡോ. വി. മീനാക്ഷിയുടെ സന്ദേശമാണ് പുറത്തു വന്നത്. ആരോഗ്യ മേഖലയിലെ പ്രതിസന്ധിയുടെ ഞെട്ടിക്കുന്ന തെളിവാണ് ശബ്ദ സന്ദേശമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. സർക്കാർ പരാജയപ്പെട്ടു എന്നതിന്റെ ഔദ്യോഗിക കുറ്റസമ്മതമാണെന്നും പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.

ആശുപത്രി സൂപ്രണ്ടുമാർ മരുന്ന് എത്രയും വേഗം സംഭരിക്കണമെന്നും ഇല്ലെങ്കിൽ പ്രശ്നമാകുമെന്നുമാണ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സന്ദേശത്തിൽ പറയുന്നത്. ഹോസ്‌പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയില്‍ പൈസയുണ്ടെങ്കില്‍ അങ്ങനെ വാങ്ങണം. മാധ്യമങ്ങള്‍ക്ക് വിവരം നല്‍കരുത്. സൂപ്രണ്ടുമാര്‍ മാധ്യമങ്ങളോടു സംസാരിക്കരുത്. ഇക്കാര്യം ഡിഎംഒമാര്‍ ഉറപ്പാക്കണം. ഏതു മരുന്ന് ഉണ്ട്, ഇല്ല, ഏതൊക്കെ മരുന്നുകളാണ് ലോക്കല്‍ പര്‍ച്ചേസ് ചെയ്യുന്നത് എന്നതുള്‍പ്പെടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്നും ഡോ. വി. മീനാക്ഷി ശബ്ദസന്ദേശത്തില്‍ നിര്‍ദേശിക്കുന്നുണ്ട്.

മരുന്നു ക്ഷാമം രൂക്ഷമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ശബ്ദ സന്ദേശം; സർക്കാർ പരാജയത്തിന്റെ ഔദ്യോഗിക കുറ്റസമ്മതമെന്ന് പിണറായി വിജയന്‍
യാത്രാ സൗകര്യം സ്വീകരിക്കുന്നതും ഉപഹാരം; മുഖ്യമന്ത്രി വി.ഡി. സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് പി. രാജീവ്

മരുന്നു ക്ഷാമത്തെക്കുറിച്ച് പ്രതിപക്ഷം ഉന്നയിച്ച വസ്തുതകള്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിവയ്ക്കുന്നതാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ശബ്ദ സന്ദേശമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. കേരളത്തിലെ പൊതുജനാരോഗ്യ മേഖലയെ യുഡിഎഫ് സർക്കാർ എത്രത്തോളം ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത് എന്നതിന്റെ ഞെട്ടിക്കുന്ന തെളിവാണിത്. ഔദ്യോഗിക ഗ്രൂപ്പിൽ ആരോഗ്യവകുപ്പ് ഡയറക്ടർ നൽകിയ നിർദേശത്തിൽ ആശുപത്രികളിൽ മരുന്നു പ്രതിസന്ധി രൂക്ഷമാണെന്ന് തുറന്നു സമ്മതിക്കുകയാണ്. ഹോസ്‌പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ ഫണ്ടിൽ പണമുണ്ടെങ്കിൽ പ്രാദേശികമായി അതുപയോഗിച്ച് സൂപ്രണ്ടുമാർ അടിയന്തരമായി മരുന്നു വാങ്ങണമെന്നും അല്ലാത്തപക്ഷം വലിയ പ്രശ്നമാകുമെന്നുമാണ് ഡയറക്ടർ മുന്നറിയിപ്പ് നൽകുന്നത്.

ചികിത്സ തേടിവരുന്ന സാധാരണ ജനങ്ങൾ ഈ പരാതി ഉന്നയിച്ചിരുന്നു. ആശുപത്രികളിൽ അവശ്യമരുന്നുകൾ പോലും ലഭ്യമല്ലെന്ന പരാതി മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. വകുപ്പ് മേധാവിയുടെ ശ്രദ്ധയിലും ഇതു വന്നിട്ടുണ്ട്. പക്ഷേ, ആരോഗ്യമന്ത്രി ഇതെല്ലാം പാടേ നിഷേധിക്കുകയാണ്. അടിയന്തരമായി മരുന്നെത്തിക്കാനാവശ്യമായ ഇടപെടൽ നടത്തുന്നതിനു പകരം കണ്ണടച്ച് ഇരുട്ടാക്കുകയാണ് സർക്കാർ. മെഡിക്കൽ സർവീ സസ് കോർപ്പറേഷൻ വഴി സമയബന്ധിതമായി മരുന്ന് സംഭരിച്ച് വിതരണം ചെയ്യുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടു എന്നതിന്റെ ഔദ്യോഗിക കുറ്റസമ്മതമാണ് ആരോഗ്യവകുപ്പ് ഡയറക്ടറിലൂടെ പുറത്തുവന്നിരിക്കുന്നത്. അപ്പോഴും ആശുപത്രി സൂപ്രണ്ടുമാർ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന ഇണ്ടാസിറക്കി പ്രതിസന്ധി മറച്ചുവെക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മരുന്നു ക്ഷാമം പുറത്തറിയാതിരിക്കാൻ ഇരുമ്പുമറ തീർക്കുന്നതിന് പകരം ആശുപത്രികളിൽ മരുന്നെത്തിക്കാനാണ് സർക്കാർ തയ്യാറാകേണ്ടതെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

News Malayalam 24x7
newsmalayalam.com