

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് എല്ലാവർഷവും നിരാശയാണ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതീവ നിർഭാഗ്യകരമായ സമീപനമാണ് കേന്ദ്രം കാണിക്കുന്നത്. ബജറ്റ് വരുമ്പോൾ ചില്ലറ ആശ്വാസമുണ്ടാകും എന്ന് പലരും കരുതിയിരുന്നു. എന്നാൽ അവരെയും ബജറ്റ് നിരാശപ്പെടുത്തി. എക്കണോമിക് സർവേയിൽ നേട്ടങ്ങളുടെ പേരിൽ കേരളത്തെ പലതവണ പരാമർശിച്ചിരുന്നു. പക്ഷേ, ബജറ്റ് വന്നപ്പോൾ പരാമർശം പോലുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന് ഇത്തവണയും എയിംസില്ല. കോഴിക്കോട് എയിംസ് സ്ഥാപിക്കാമെന്ന് സംസ്ഥാന സർക്കാർ നിർദേശിച്ചിരുന്നു. കേന്ദ്രത്തിൽ നേതാക്കളെ കാണുമ്പോൾ ഇപ്പൊ കിട്ടും എന്ന മട്ടിലാണ് സംസാരം. എന്നാൽ എല്ലാവർഷവും നിരാശയാണ് ഫലമെന്നും പിണറായി വിജയൻ പറഞ്ഞു. കേരളം സമർപ്പിച്ച റെയിൽവേ പദ്ധതിക്ക് കേന്ദ്രം അംഗീകാരം നൽകാൻ തയ്യാറായില്ല. സ്വാഭാവികമായും അംഗീകാരം നൽകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
റെയിൽ പദ്ധതിയുടെ കാര്യം കേന്ദ്രം തീരുമാനിക്കട്ടെ എന്ന് കരുതിയിരിക്കുമ്പോഴാണ് ഈ ശ്രീധരൻ രംഗത്ത് വരുന്നത്. അദ്ദേഹം തന്നെ വന്ന് കണ്ടിരുന്നു. ഒരു പദ്ധതി കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ടെന്നും കേരളം പറഞ്ഞാൽ അത് അംഗീകരിച്ചു കിട്ടുമെന്നും ശ്രീധരൻ പറഞ്ഞിരുന്നു. ആരു പറഞ്ഞാലും പ്രശ്നമില്ല അതിവേഗത്തിൽ യാത്ര ചെയ്യാനുള്ള സംവിധാനം വേണമെന്ന് മാത്രമേയുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീധരൻ ഇപ്പോൾ ഒരു ഓഫീസ് തുറന്നിട്ടുണ്ട്. പണ്ട് മത്സരിക്കുമ്പോൾ തന്നെ എംഎൽഎ ഓഫീസ് തുറന്ന ആളാണ് ശ്രീധരൻ എന്നും മുഖ്യമന്ത്രി പരിഹസിച്ചു.