

വഖഫ് ബോർഡ് വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ നടത്തിക്കൊണ്ടിരിക്കുന്നത് സംഘപരിവാർ സേവയെന്ന് പിണറായി വിജയന്റെ നിശിത വിമർശനം. വഖഫ് ബോർഡിൽ അമുസ്ലീങ്ങളെ തിരുകി കയറ്റാനുള്ള ഭേദഗതിയെ അനുകൂലിക്കുന്ന സംസ്ഥാന സർക്കാർ നിലപാട് സംഘപരിവാറിനോടുള്ള നിരുപാധികമായ കീഴടങ്ങലാണെന്ന് പിണറായി പറഞ്ഞു. സതീശൻ ഖദറിട്ട മോദിയും എൻ.ഷംസുദ്ദീൻ മുണ്ടുടുത്ത അമിത് ഷായുമാണെന്ന് കെ.ടി. ജലീൽ ദേശാഭിമാനി പത്രത്തിൽ എഴുതിയ ലേഖനത്തിൽ പരിഹസിച്ചു. ബിജെപിക്കെതിരെയുള്ള പോരാട്ടം പിണറായി വിജയനിൽ നിന്ന് പഠിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നായിരുന്നു മന്ത്രി. എൻ. ഷംസുദ്ദീൻ്റെ മറുപടി.
വഖഫ് ബോർഡിൻ്റെ ഘടന സംബന്ധിച്ച് ഒരു നൂറ്റാണ്ടിലേറെ തുടർന്ന് വന്ന സമ്പ്രദായമാണ് ബിജെപി അധികാരത്തിൽ വന്നപ്പോൾ പൊടുന്നനെ മാറ്റിയത്. അമുസ്ലീങ്ങളെ കൂടി ബോർഡിൽ തിരുകി കയറ്റാൻ കേന്ദ്ര സർക്കാർ നിയമ ഭേദഗതി കൊണ്ടുവന്നു. അതിനോട് യോജിച്ചു പോകുന്ന വി.ഡി. സതീശൻ സർക്കാരിന്റെ നയവും നിലപാടും സംഘപരിവാർ അജണ്ടക്ക് മുന്നിലുള്ള നഗ്നമായ കീഴടങ്ങലാണ്. അതിനോട് വിയോജിക്കൽ എങ്ങനെ വർഗീയ വാദം പ്രചരിപ്പിക്കലാകുമെന്ന് പിണറായി വിജയന്‍ ചോദിച്ചു.
ഭേദഗതി അതേപോലെ അംഗീകരിച്ചു നടപ്പാക്കുകയല്ല എൽഡിഎഫ് സർക്കാർ ചെയ്തത്. അതിനെതിരെ നിയമ പോരാട്ടം നടത്തുകയാണ്. എൽഡിഎഫ് നടത്തിയത് അമുസ്ലീങ്ങളെ ഉൾപ്പെടുത്തിയുള്ള പുനസംഘടനയല്ല. എന്നാൽ ആ വസ്തുതയെ കണ്ണടച്ച് ഇരുട്ടാക്കുകയാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ ചെയ്യുന്നത്. അമുസ്ലീങ്ങൾ ബോർഡിൽ വേണ്ട എന്ന് പറയുന്നവരൊക്കെ വർഗീയവാദികളാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സംഘപരിവാറിന്റെ നാവ് കടമെടുത്താണ് സതീശൻ സംസാരിക്കുന്നതെന്നും പിണറായി വിമര്‍ശിച്ചു.
ദേശാഭിമാനി പത്രത്തിലെ എഡിറ്റ് പേജിലെഴുതിയ ലേഖനത്തില്‍ ഡോ. കെ.ടി. ജലീലും, സതീശനും സർക്കാരിനുമെതിരെ കഠിന വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഓഗസ്റ്റ് മാസം 25ന് സുപ്രീം കോടതി വഖഫ് ബോർഡ് കേസ് കേൾക്കാൻ പോകുന്നതേയുള്ളൂ. ബോർഡിൽ രണ്ട് അമുസ്ലീങ്ങളെ ഉൾപ്പെടുത്തുന്നതിൻ്റെ നിയമസാധുതയാണ് കോടതി പരിശോധിക്കുന്നത്. ആ വിധി വരുംവരെ രണ്ട് പേരുടെ ഒഴിവ് നികത്താതിരിക്കുക എന്ന നയം തമിഴ്‌നാട് സർക്കാരും കേരളത്തിലെ മുൻ എൽഡിഎഫ് സർക്കാരും സ്വീകരിച്ചു. എന്നാൽ വിധി വരുംമുമ്പ് തന്നെ ഷോൺ ജോർജിനേയും കെ. സുരേന്ദ്രനേയും വഖഫ് ബോർഡിൽ തിരുകി കയറ്റാൻ ശ്രമിക്കുന്ന വി.ഡി. സതീശൻ ഖദറിട്ട മോദിയും അതിന് ഒത്താശ ചെയ്യുന്ന എൻ. ഷംസുദ്ദീൻ മുണ്ടുടുത്ത അമിത് ഷായും ആണെന്നാണ് ജലീലിൻ്റെ വിമർശനം.
ഇക്കാര്യത്തിൽ മുസ്ലിം ലീഗീനോടെങ്കിലും അന്വേഷിച്ച് മുഖ്യമന്ത്രിക്ക് വ്യക്തത വരുത്താമായിരുന്നില്ലേ എന്നും പിണറായി ചോദിച്ചു. പക്ഷേ മുസ്ലിം ലീഗ് സ്വീകരിച്ചതും വഞ്ചനാപരമായ നിലപാടാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേസമയം, ബിജെപിക്കെതിരെയായ പോരാട്ടം പിണറായി വിജയനിൽ നിന്ന് പഠിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ എൻ ഷംസുദ്ദീൻ്റെ പ്രതികരണം. മതസംഘടനകളിൽ ആശയക്കുഴപ്പം ഉണ്ടാക്കാനാണ് സിപിഐഎമ്മിന്റെയും പിണറായി വിജയന്റേയും ശ്രമം. തമിഴ്‌നാട് സർക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതിയുടെ അന്തിമ വിധി കാക്കുകയാണ് കേരള സർക്കാരും. അതുവരെ തീരുമാനം നീട്ടിക്കൊണ്ടു പോകാൻ ആണ് സർക്കാര്‍ ആഗ്രഹിക്കുന്നത്. മതസംഘടനാ നേതാക്കളെ കാര്യങ്ങൾ സർക്കാർ ബോധ്യപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.