

വയനാട്: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നിർമിച്ച ടൗൺഷിപ്പിലേക്ക് ആദ്യ കുടുംബം താമസം മാറിയതിന് പിന്നാലെ കുടുംബത്തിന് ആശംസ നേർന്ന് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റുമായി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഏറെ വേദനയും നഷ്ടങ്ങളും അതിജീവിച്ച ജീവിതങ്ങളിൽ ഇന്ന് പുതിയൊരു തുടക്കത്തിൻ്റെ സന്തോഷം നിറയുന്നതായി അനുഭവപ്പെട്ടുവെന്ന് പിണറായി ഫേസ്ബുക്കിൽ കുറിച്ചു.
"സുരക്ഷിതമായൊരു വീട് എന്നത് വെറും മതിലുകളും മേൽക്കൂരയും മാത്രമല്ല, പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിൻ്റെ പുതുജീവനുമാണ്". ആ സന്തോഷത്തിൽ ഹൃദയം നിറഞ്ഞ് പങ്കുചേരുന്നു. എല്ലാവർക്കും സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം ആശംസിക്കുന്നു എന്ന് പിണറായി വിജയൻ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെ മാത്രമല്ല പാൽ കാച്ചൽ ചടങ്ങിനിടെ പിണറായി വിജയൻ സർപ്രൈസ് വീഡിയോ കോളിലെത്തിയത് കുടുംബാംഗങ്ങളെ ഞെട്ടിച്ചിരുന്നു. ചൂരൽമല സ്വദേശി വിജയനും കുടുംബവുമാണ് ഇന്ന് പാൽ കാച്ചൽ ചടങ്ങ് നടത്തി ഗൃഹപ്രവേശനം നടത്തിയത്. ഒന്നാം സോണിലെ ഡി-ക്ലസ്റ്റർ 78 ആം നമ്പർ വീട്ടിലേക്കാണ് വിജയനും കുടുംബവും താമസം മാറിയത്. മുഖ്യമന്ത്രിയെ കൂടാതെ മുൻ മന്ത്രി കെ.രാജനും ആശംസകൾ നേർന്നിരുന്നു.
പിണറായി വിജയൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ച കുടുംബങ്ങൾക്കായി സംസ്ഥാന സർക്കാർ കൽപ്പറ്റയിൽ ഒരുക്കിയ ടൗൺഷിപ്പിലെ വീടുകളിൽ ഇന്ന് ചില കുടുംബങ്ങൾ ഗൃഹപ്രവേശനം നടത്തി താമസം ആരംഭിച്ചു.
അവരുമായി ഫോണിൽ സംസാരിക്കാൻ കഴിഞ്ഞു. ഏറെ വേദനയും നഷ്ടങ്ങളും അതിജീവിച്ച ജീവിതങ്ങളിൽ ഇന്ന് പുതിയൊരു തുടക്കത്തിന്റെ സന്തോഷം നിറയുന്നതായി അനുഭവപ്പെട്ടു.
സുരക്ഷിതമായൊരു വീട് എന്നത് വെറും മതിലുകളും മേൽക്കൂരയും മാത്രമല്ല, പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റെയും പുതുജീവനുമാണ്. ആ സന്തോഷത്തിൽ ഹൃദയം നിറഞ്ഞ് പങ്കുചേരുന്നു.
എല്ലാവർക്കും സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം ആശംസിക്കുന്നു.