കേരള രാഷ്ട്രീയത്തിലെ സൗമ്യ വ്യക്തിത്വം; ശതാഭിഷേക നിറവിൽ പി.ജെ. ജോസഫ്

മണ്ണിൽ കാലുറപ്പിച്ച കർഷകൻ കേരള കോൺഗ്രസ് രാഷ്ട്രീയത്തിലെ അതികായനാകുന്നതും, പിന്നീട് വിവിധ വകുപ്പുകളുടെ മന്ത്രിപദവിയിൽ ഇരുന്ന് തന്റേതായ കയ്യൊപ്പ് ചാർത്തുന്നതും കേരളം കണ്ടു...
P.J. Joseph
പി.ജെ. ജോസഫ്Source: News Malayalam 24x7
Published on

കേരള രാഷ്ട്രീയത്തിലെ സൗമ്യ വ്യക്തിത്വം പി.ജെ. ജോസഫ് ഇന്ന് ശതാഭിഷേക നിറവിൽ. മണ്ണിൽ കാലുറപ്പിച്ച കർഷകൻ കേരള കോൺഗ്രസ് രാഷ്ട്രീയത്തിലെ അതികായനാകുന്നതും, പിന്നീട് വിവിധ വകുപ്പുകളുടെ മന്ത്രിപദവിയിൽ ഇരുന്ന് തന്റേതായ കയ്യൊപ്പ് ചാർത്തുന്നതും കേരളം കണ്ടു. 84ാം വയസിലും മനസിൽ യുവത്വം കാത്തു സൂക്ഷിക്കുകയാണ് സംഗീത പ്രേമികൂടിയായ ഔസേപ്പച്ചൻ.

P.J. Joseph
പി.ജെ. ജോസഫ്Source: News Malayalam 24x7

ആയിരം പൂർണ ചന്ദ്രൻമാരുടെ കാഴ്ചയോളം തന്നെ സുന്ദരമാണ് പി.ജെ. ജോസഫിനു സ്വന്തം തൊടുപുഴയും തൊടുപുഴയ്ക്ക് സ്വന്തം പി.ജെ. ജോസഫും. രാഷ്ട്രീയ പാരമ്പര്യം ഇല്ലാതിരുന്ന പുറപ്പുഴ പാലത്തിനാൽ വീട്ടിൽ നിന്ന് 1970ലാണ് പി.ജെ. ജോസഫ് രാഷ്ട്രീയ മണ്ണിലേക്ക് ചുവടുവയ്ക്കുന്നതും നിയമസഭയിലേക്ക് ആദ്യമായി എത്തുന്നതും. അന്നത്തെ കേരള കോൺഗ്രസ് നേതൃത്വം പി.ജെ. ജോസഫിനെ തൊടുപുഴയ്ക്ക് സമ്മാനിക്കുകയായിരുന്നു. പിന്നീട് 1978ൽ 35ാം വയസിൽ കേരളത്തിന്റെ ആഭ്യന്തര വകുപ്പ് മന്ത്രി. കെ.എം. മാണി രാജിവെച്ചതിന് തുടർന്നായിരുന്നു മന്ത്രി പദവി. കേസ് വിജയത്തിന് പിന്നാലെ കെ.എം. മാണി മടങ്ങിയെത്തിയപ്പോൾ പി.ജെ. ജോസഫ് മന്ത്രി പദവി ഒഴിഞ്ഞു നൽകി. എട്ടു മാസം കൊണ്ട് കേരളത്തിന്റെ നിയമവാഴ്ച സംവിധാനത്തിനു ചെറുസംഭാവന നൽകാൻ കഴിഞ്ഞതിൽ തികഞ്ഞ ചാരിതാർഥ്യമെന്ന് പി.ജെ. ജോസഫ് ഓർത്തെടുക്കുന്നു.

P.J. Joseph
പി.ജെ. ജോസഫ്Source: News Malayalam 24x7

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആഭ്യന്തര മന്ത്രി പദവിക്ക് പുറമെ യുഡിഎഫ് എന്ന ഐക്യ ജനാധിപത്യ മുന്നണിയുടെ ആദ്യ കൺവീനർ പദവിയും അലങ്കരിച്ചത് പി.ജെ. ജോസഫാണ്. റവന്യൂ, വിദ്യാഭ്യാസം, പൊതുമരാമത്ത്, ജലസേചനം, രജിസ്ട്രേഷൻ വകുപ്പുകൾ പിൽക്കാലത്ത് പി.ജെ. ജോസഫ് കൈകാര്യം ചെയ്തു. അഞ്ചു മുഖ്യമന്ത്രിമാർക്കൊപ്പം മന്ത്രിയായിരുന്ന പി.ജെ. ജോസഫിന്റെ ഏറ്റവും അടുപ്പക്കാർ ഇ.കെ. നായനാരും, എ.കെ. ആന്റണിയുമാണ്. കേരള കോൺഗ്രസ് രാഷ്ട്രീയത്തിലെ പിളർപ്പിലും യോജിപ്പിലും പി.ജെ. ജോസഫ് ഉറച്ച നിലപാടുകൾ സ്വീകരിച്ചു. കെ.എം. മാണിയുമായുള്ള ഊഷ്മള ബന്ധവും പി.ജെ ഓർത്തെടുക്കുന്നു.

P.J. Joseph
വായിച്ച് ജീവിച്ച്... 78ാം വയസിലും വായനയുടെ ലോകത്ത് സതി ടീച്ചർ!

2023ൽ പ്രിയതമ ഡോ. ശാന്തയുടെയും മകൻ ജോമോന്റെയും വിയോഗവും പി.ജെ. ജോസഫിനെ തെല്ല് ഉലച്ചെങ്കിലും നന്മനിറഞ്ഞ കർഷകന്റെ മനസും സംഗീതം എന്ന മാന്ത്രികതയും പി.ജെ. ജോസഫിന്റെ കരുത്താണ്. 11 തവണ തൊടുപുഴയിൽ അങ്കത്തിനിറങ്ങിയപ്പോൾ ഒരു തവണ മാത്രമാണ് പി.ജെ. ജോസഫ് പരാജയപ്പെട്ടത്. കേരള രാഷ്ട്രീയത്തിലെ ജെന്റിൽമാൻ പട്ടമുള്ള നേതാവ്, ഖദർ ധരിക്കാത്ത ഗാന്ധിയൻ വിശേഷണങ്ങൾ ഏറെയുള്ള പി.ജെ. ജോസഫ് രാഷ്ട്രീയത്തിലെ വേറിട്ട മുഖമായി തുടരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com