വിമർശകരെ ആക്ഷേപിക്കുന്നത് ജനാധിപത്യവിരുദ്ധം, ആദ്യം പോസിറ്റീവായി പ്രതികരിച്ച രാഹുൽ മാങ്കൂട്ടത്തിൽ പിന്നീട് നിലപാട് മാറ്റി; യൂത്ത് കോൺഗ്രസിനെതിരെ വീണ്ടും പി.ജെ. കുര്യൻ

എസ്എഫ്ഐയെ പുകഴ്ത്തി എന്ന തെറ്റായ നറേറ്റീവ് ഉണ്ടാക്കി തന്നെ സൈബർ അധിക്ഷേപം നടത്തി എന്നും പി.ജെ. കുര്യൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
പി.ജെ. കുര്യൻ
പി.ജെ. കുര്യൻSource: Facebook/ PJ Kurien
Published on

യൂത്ത് കോൺഗ്രസിനെതിരെ വീണ്ടും വിമർശനവുമായി മുതിർന്ന നേതാവ് പി.ജെ. കുര്യൻ. വിമർശനങ്ങളെ സദുദ്ദേശത്തോടെ കാണണം. ആദ്യം പോസിറ്റീവായി പ്രതികരിച്ച രാഹുൽ മാങ്കുട്ടത്തിൽ പിന്നീട് നിലപാട് മാറ്റി. എസ്എഫ്ഐയെ പുകഴ്ത്തി എന്ന തെറ്റായ നറേറ്റീവ് ഉണ്ടാക്കി തന്നെ സൈബർ അധിക്ഷേപം നടത്തി എന്നും പി.ജെ. കുര്യൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

""എസ്എഫ്ഐ യെ പുകഴ്ത്തൽ" ആരോടും പകയില്ലാതെ

----------------------------------------------------------------------------

SFI യെ പുകഴ്ത്തിയെന്നാരോപിച്ച് യൂത്ത് കോൺഗ്രസിലെ ചിലർ നടത്തിയ സൈബർ അറ്റാക്ക് കെട്ടടങ്ങിയല്ലോ? എന്റെ പത്തനംതിട്ട പ്രസംഗത്തിൽ ഞാൻ SFI യെ പുകഴ്ത്തുന്ന ഒരു വാക്കും പറഞ്ഞിട്ടില്ല. ആ പ്രസംഗം പരിശോധിക്കുന്നവർക്ക് അതു മനസ്സിലാക്കാവുന്നതാണ്.

ഞാൻ പ്രസംഗിച്ച സമയത്ത് എല്ലാ ചാനലുകളും അവിടെയുണ്ട്. പുകഴ്ത്തലാണെങ്കിൽ മാധ്യങ്ങൾ അടുത്ത ദിവസം അത് ഉപയോഗിക്കുമായിരുന്നു. പല മണ്ഡലങ്ങളിലും യൂത്ത് കോൺഗ്രസ്‌ കമ്മിറ്റികൾ ഇല്ലായെന്നും, കമ്മിറ്റികൾ ഉണ്ടാക്കാൻ നടപടി, നേതൃത്വം സ്വീകരിക്കണമെന്നാണ് ഞാൻ പറഞ്ഞത്. ഇതേ അഭിപ്രായം ഞാൻ പാർട്ടിയുടെ പല വേദികളിലും പറഞ്ഞിട്ടുണ്ട്. മാത്രമല്ല, ശ്രീ. രാഹുൽ ഗാന്ധിയുടെ അദ്ധ്യക്ഷതയിൽ ഡൽഹി യിൽ നടന്ന എംപി മാരുടെ യോഗത്തിലും ഇതേ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ശ്രീ എ കെ ആന്റണിയും പങ്കെടുത്ത ആ യോഗത്തിൽ ശ്രീ കെ സുധാകരൻ എം പി യും എന്റെ അഭിപ്രായത്തോട് യോജിക്കുകയും ചെയ്തു.

പത്തനംതിട്ടയിലെ കോൺഗ്രസ്‌ നേതാക്കന്മാരുടെ യോഗത്തിന് രണ്ടു ദിവസങ്ങൾക്കു ശേഷം ഞാൻ എസ്എഫ്ഐ യെ പുകഴ്ത്തിയെന്ന് ഒരു തെറ്റായ narrative ഉണ്ടാക്കി സൈബർ അറ്റാക്ക് നടത്തി. പത്രങ്ങളും ചാനലുകളും പരിഗണിക്കാതിരുന്ന കാര്യം ഏറ്റെടുത്തു ആഘോഷിച്ചതിന്റെ benefit ആർക്കാണ്?.

സിപിഎം ജനറൽ സെക്രട്ടറി ശ്രീ.എം.വി ഗോവിന്ദനും മന്ത്രി ശ്രീ. സജി ചെറിയാനും കോൺഗ്രസിലെ മുതിർന്ന നേതാവ് എസ്എഫ്ഐ യെ പുകഴ്ത്തിയെന്ന് പ്രസ്താവിച്ചു. അങ്ങനെ പറയുവാനുള്ള material ആരാണ് അവർക്ക് കൊടുത്തത്. ഞാൻ എസ്എഫ്ഐ യെ പുകഴ്ത്തിയെന്ന

തെറ്റായ narrative പ്രചരിപ്പിച്ചവർക്കും ആഘോഷിച്ചവർക്കുമല്ലേ അതിന്റെ ഉത്തവാദിത്വം.

എന്റെ വിമർശനങ്ങളെ അവഗണിക്കുവാനും എതിർക്കുവാനും ആർക്കും അവകാശം ഉണ്ട്. പക്ഷേ ദുരുദ്ദേശപരമാണ് എന്നാരോപിക്കുന്നത് ശരിയാണോ? അങ്ങനെ യൊരു ദുരുദ്ദേശപരമായ വിമർശനം നടത്തേണ്ട ആവശ്യം എനിക്കെന്താണ്? ഇപ്പോഴും സ്ഥാനമാനങ്ങൾ മോഹിക്കാതെ കോൺഗ്രസിൽ അടിയുറച്ചു നിൽക്കുന്ന എന്നെ എന്തിന് അധിക്ഷേപിക്കണം. വിമർശങ്ങളോട് പാർട്ടി നേതൃത്വം എങ്ങനെയാണ് പ്രതികരിച്ചതെന്ന് എന്റെ ചില അനുഭവങ്ങൾ കുറിക്കട്ടെ.

1972 ൽ കെ.പി.സി.സി മെമ്പർ ആയ ഞാൻ പാർട്ടി നേതാക്കന്മാരെ വിമർശിക്കുന്നതും അവർ അത് ഉൾക്കൊള്ളുന്നതും കണ്ടാണ് രാഷ്ട്രീയ പ്രവർത്തനം തുടർന്നത്.

ശ്രീ.എ കെ ആന്റണി കെ.പി.സി.സി പ്രസിഡന്റും ശ്രീ കെ കരുണാകരൻ ആഭ്യന്തര മന്ത്രിയുമായിരുന്ന കാലത്ത് എറണാകുളം മാസ് ഹോട്ടലിൽ നടന്ന കെ പി സി സി യോഗത്തിൽ ശ്രീ. ഫെർണാണ്ടസ് എന്നു പേരുള്ള ഒരു കെ പി സി സി മെമ്പർ ശ്രീ. കരുണാകരനെ നഖശിഖാന്തം വിമർശി ക്കുന്നത് ഞാൻ കണ്ടു. ശ്രീ. കെ.കരുണാകരൻ ആ വിമർശനം ഉൾക്കൊണ്ട് മറുപടി പറഞ്ഞു എന്നു മാത്രമല്ല യോഗം കഴിഞ്ഞപ്പോൾ ശ്രീ കരുണാകരനും ശ്രീഫെർണാണ്ടസും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതാണ് ഞാൻ കണ്ടത്.

1978 മുഖ്യമന്ത്രിയായിരുന്ന ശ്രീ.എ.കെ ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജി വച്ചതിനു ശേഷം നെയ്യാർ ഡാമിൽ നടന്ന കെ.പി.സി. സി യോഗത്തിൽ പാർട്ടിയോട് ആലോചിക്കാതെ രാജി വച്ചതിനു ഞാൻ അദ്ദേഹത്തെ ശക്തമായി വിമർശിച്ചു. ശ്രീ എ.കെ ആന്റണി എനിക്കെതിരെ ഒരക്ഷരവും പറഞ്ഞില്ല എന്നു മാത്രമല്ല അതിനു ശേഷം എന്നോട് കൂടുതൽ സ്നേഹം കാണിക്കുകയാണ് ചെയ്തത്.

ഗുവാഹത്തി AICC സമ്മേളനത്തിൽ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധിയുടെ മുഖത്ത് നോക്കി അടിയന്തിരാവസ്ഥ തുടരുന്നത് തെറ്റാണെന്നും പിൻവലിക്കണമെന്നും ആവശ്യപ്പെട്ടത് യൂത്ത് കോൺഗ്രസ്സിൽ കൂടി വളർന്നു വന്ന ശ്രീ എ കെ ആന്റണിയാണ്. ഇന്ദിരാ ഗാന്ധി എ.കെ ആന്റണി യെ വിമർശിച്ചില്ല മറിച്ച് വിമർശനങ്ങൾ ഉൾകൊണ്ടുകൊണ്ട് അടിയന്തിരാവസ്ഥ പിൻ വലിച്ചു.

ശ്രീ.രാജീവ് ഗാന്ധി പ്രധാന മന്ത്രിയായിരുന്നപ്പോളുള്ള എന്റെ ഒരു അനുഭവം പറയട്ടെ. 1988 ശ്രീ. വി പി സിങ്ങിനെ പുറത്താക്കണമെന്ന അജണ്ട കോൺഗ്രസ്സിന്റെ പാർലമെന്ററി പാർട്ടി എക്സിക്യൂട്ടീവിൽ അവതരിപ്പിച്ചു. എക്സിക്യൂട്ടീവിലെ ഒരു തിരഞ്ഞെടുക്കപ്പെട്ട അംഗമായിരുന്നു ഞാൻ. എക്സിക്യൂട്ടീവിലെ 27 ൽ 25 അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചു. ഞാനും ഗുജറാത്തിൽ നിന്നുള്ള ശ്രീ മേത്തയും പ്രമേയത്തെ എതിർത്തു. ശ്രീ. വി. പി സിങ്ങിനെ പുറത്താക്കാൻ പാടില്ലെന്നും അത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നും ഞാൻ വാദിച്ചു. എന്റെ പേരിൽ അച്ചടക്ക നടപടി എടുക്കുമെന്നും പല എം പി മാരും പറഞ്ഞു. ഒന്നും ഉണ്ടായില്ല. പൊതു തെരഞ്ഞെടുപ്പ് കഴിഞ്ഞ് ശ്രീ. വി പി സിംഗ് പ്രധാന മന്ത്രിയായി ശ്രീ.രാജീവ് ഗാന്ധി പ്രതിപക്ഷ നേതാവുമായി. എന്നെ ക്കാളും സീനിയറും പ്രഗത്ഭരുമായ നിരവധി എം പി മാർ ഉണ്ടായിട്ടും ജൂനിയർ എം പി യായ എന്നെ പാർട്ടിയുടെ ചീഫ് വിപ്പ് ആയി ശ്രീ.രാജീവ് ഗാന്ധി നിയമിച്ചു. ഇതായിരുന്നു സത്യസന്ധമായ വിമർശനത്തോടുള്ള ശ്രീ. രാജീവ് ഗാന്ധിയുടെ സമീപനം. ( ഈ സംഭവം ഡി സി ബുക്ക്‌സ് പബ്ലിഷ് ചെയ്ത പി ജെ കുര്യൻ അനുഭവങ്ങൾ എന്ന പുസ്തകത്തിൽ മുൻ മന്ത്രി ശ്രീ. ഗുലാബ് നബി ആസാദും, മുൻ ലോക്‌ സഭ സെക്രട്ടറി ജനറൽ ശ്രീ.പി. ഡി. റ്റി. ആചാരിയും അവരുടെ ലേഖനങ്ങളിൽ വിവരിച്ചിട്ടുണ്ട് ).

വിമർശനങ്ങളും വ്യത്യസ്ത അഭിപ്രായങ്ങളും പാർട്ടിയ്ക്ക് ഗുണം ചെയ്യുമെന്നാണ് എന്റെ അഭിപ്രായം. വിമർശനങ്ങളെ സദുദ്ദേശത്തോടെ കാണുകയും വിയോജിപ്പ് തുറന്നു പറയുകയും ചെയ്യാം. പക്ഷേ വിമർശകരെ ആക്ഷേപിക്കുന്നത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്. ഞാൻ പ്രസംഗിച്ച യോഗത്തിൽ എന്റെ പ്രസംഗത്തോട് പോസിറ്റീവ് ആയി പ്രതികരിച്ച യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ പിന്നീട് എന്റെ വിമർശനത്തെ സദുദ്ദേശപരമായി കാണാൻ "സൗകര്യം" ഇല്ല എന്നു പറഞ്ഞു. ഇങ്ങനെ നേതാക്കൾ നിലപാടെടുത്താൽ ഈ പാർട്ടിയുടെ സ്ഥിതി എന്താകും. Voltair എന്ന മഹാൻ പറഞ്ഞിട്ടുണ്ട്. "I will oppose your view but till death I will fight for your right to express your view". ഇതാണ് ജനാധിപത്യത്തിന്റെ അന്ത:സത്ത.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com