തിരുവനന്തപുരം: സീറ്റ് വിഭജനം നീളുന്നതിലെ അതൃപ്തി രാഹുൽ ഗാന്ധിയെ നേരിട്ട് അറിയിക്കാനുള്ള ഡൽഹി യാത്ര മാറ്റി മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. യുഡിഎഫ് നേതാക്കളുടെ അഭ്യർഥനയെ തുടർന്നാണ് തീരുമാനം.
രാഹുൽ ഗാന്ധിയുമായി കേരളത്തിൽ കൂടിക്കാഴ്ച നടത്താമെന്ന് ധാരണയായതോടെയാണ് യാത്ര ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ഈ മാസം ഇരുപത്തിയഞ്ചിന് കേരളത്തിൽ വച്ച് കുഞ്ഞാലിക്കുട്ടി രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. വയനാട് ദുരന്തബാധിതർക്ക് കോൺഗ്രസ് നിർമിച്ചുനൽകുന്ന വീടുകളുടെ തറക്കല്ലിടൽ ചടങ്ങിനായാണ് രാഹുൽ ഗാന്ധി കേരളത്തിലെത്തുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായുള്ള സീറ്റ് ചർച്ച നീണ്ട് പോകുന്നതിൽ ലീഗിന് അതൃപ്തിയുണ്ടായിരുന്നു. ഇത് ഹൈക്കമാൻഡിനെ നേരിട്ട് ധരിപ്പിക്കാനും അതുമായി ബന്ധപ്പെട്ട ചർച്ചകൾക്കുമായിരുന്നു കുഞ്ഞാലിക്കുട്ടി ഡൽഹി യാത്ര നിശ്ചയിച്ചിരുന്നത്.