

കണ്ണൂര്‍: വിഴിഞ്ഞം തുറമുഖ എംഡി ദിവ്യ.എസ്. അയ്യരെ മാറ്റിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സിപിഐഎം കണ്ണൂർ ജില്ലാസെക്രട്ടറി കെ.കെ.രാഗേഷിനെ തള്ളി സിപിഐഎം നേതാവ് പി.കെ. ശ്രീമതി. സര്‍ക്കാര്‍ മാറി വരുമ്പോള്‍ ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റാന്‍ അധികാരമുണ്ട്.
ചിലപ്പോള്‍ മാറ്റിയില്ല എന്നും വരാം. മാറ്റവുമായി ബന്ധപ്പെട്ട് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അദ്ദേഹത്തോടു തന്നെ ചോദിക്കണം. എന്താണെന്ന് തനിക്കറിയില്ലെന്നും പി.കെ. ശ്രീമതി പറഞ്ഞു.
ഉദ്യോഗസ്ഥയെ മാറ്റിയതില്‍ അസ്വാഭാവികതയില്ലെന്ന് ശ്രീമതി പറഞ്ഞു. കെ.കെ. രാഗേഷ് വ്യക്തമായി കാര്യം പറയണം. എന്നാലേ എല്ലാവര്‍ക്കും ബോധ്യപ്പെടൂ. ആവിലും ഇല്ല ദുനിയാവിലും ഇല്ല എന്ന മട്ടില്‍ സംസാരിക്കരുതെന്നും അവർ പറഞ്ഞു.
ദിവ്യയെ മാറ്റിയത് വിവാദം വിഷയമാക്കേണ്ട കാര്യമില്ലെന്ന് സിപിഐഎം നേതാവ് കെ.കെ. ശൈലജയും പറഞ്ഞു. ഡീലിൻ്റെ ഭാഗമായിട്ടാണ് ദിവ്യയെ മാറ്റിയെതെന്നായിരുന്നു ആരോപണം. കൂടുതൽ പറയിപ്പക്കരുത് എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന, എന്താണ് ഉദ്ദേശിച്ചത് എന്ന് മുഖ്യമന്ത്രി പറയണമെന്നും കെ.കെ. ശൈലജ ആവശ്യപ്പെട്ടു.