ചൂരൽമല - മുണ്ടക്കൈ ഉരുൾപൊട്ടലിൽ വീടും കിടപ്പാടവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. പദ്ധതിയുടെ ഭാഗമായുള്ള ടൗൺഷിപ്പിൽ 410 കുടുംബങ്ങൾക്കാണ് വീട് ഒരുക്കുന്നത്. ടൗൺഷിപ്പിന്റെ മാതൃകാ വീടിന്റെ നിര്‍മാണ പ്രവൃത്തി അവസാനഘട്ടത്തിലാണ്.
ഒരു ദിവസം കൊണ്ട് വീടും കിടപ്പാടവും ഉൾപ്പടെ എല്ലാം നഷ്ടമായപ്പോൾ ഇനിയൊരു വീട് എങ്ങനെ സാധ്യമാകും എന്നായിരുന്നു മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതരുടെ മുന്നിൽ ചോദ്യചിഹ്നമായി മാറിയത്. സർക്കാർ ഇവർക്കായി ടൗൺഷിപ്പ് പ്രഖ്യാപിച്ചതോടെ പ്രതീക്ഷയായി. കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ 64 ഹെക്ടർ ഭൂമിയിലാണ് ദുരന്തബാധിതർക്കായി ടൗൺഷിപ്പ് നിർമിക്കുന്നത്. അഞ്ച് സോണുകളായി തിരിച്ചാണ് വീടുകളുടെ നിർമാണം. 410 കുടുംബങ്ങൾക്കാണ് ടൗൺഷിപ്പിൽ വീടുകൾ ഒരുങ്ങുന്നത്. ടൗണ്‍ഷിപ്പിന്റെ തറക്കല്ലിടൽ ചടങ്ങിന് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവുമെല്ലാം എത്തിയിരുന്നു.
ജില്ലയില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴ പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും ടൗണ്‍ഷിപ്പില്‍ ഒരുങ്ങുന്ന മാതൃക വീടിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്. വീടിന്റെ നിലം ഒരുക്കി ടൈല്‍സ് പാകുന്ന പ്രവൃത്തിയും ഇലക്ട്രിക് വർക്കുകളും ആരംഭിച്ചിട്ടുണ്ട്. വീടിന്റ നിർമാണം ജൂലൈ 30ഓടെ പൂര്‍ത്തിയാവുമെന്ന് വയനാട് ജില്ലാ കലക്ടർ മേഘശ്രീ പറഞ്ഞു.
1000 ചതുരശ്രയടിയില്‍ ഒറ്റ നിലയില്‍ പണിയുന്ന വീട്, ഭാവിയില്‍ ഇരുനിലയാക്കാവുന്ന തരത്തിലാണ് അടിത്തറ തയ്യാറാക്കിയിരിക്കുന്നത്. വേഗത്തിൽ നിർമാണം പൂർത്തിയാക്കുന്നതിനോടൊപ്പം വീടിന്റെ ഗുണമേന്മയും ഉറപ്പു വരുത്തുന്നുണ്ട്. ഭൂകമ്പത്തെ അതിജീവിക്കുന്ന തരത്തിലുള്ള പില്ലറുകളിലാണ് വീട് നിർമിക്കുന്നത്. മാതൃകാ വീട് പൂർത്തിയാകുന്നത്തോടെ ചൂരൽമലയിലെ ദുരന്തബാധിതരിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്.