IMPACT | പ്ലസ് ടു മാർക്ക് ലിസ്റ്റുകളിലെ പിഴവ്: രണ്ട് ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം; വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് താക്കീത് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി

ഈ അധ്യയന വർഷം പ്ലസ് ടു പൂർത്തിയാക്കിയ നാലര ലക്ഷത്തോളം വിദ്യാർഥികളിൽ മുപ്പതിനായിരത്തോളം വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകളിലാണ് പിഴവ് കണ്ടെത്തിയത്
വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി
വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിSource: Facebook/ V Sivankutty
Published on

തിരുവനന്തപുരം: പ്ലസ് ടു മാർക്ക് ലിസ്റ്റുകളില്‍ പിഴവ് കണ്ടെത്തിയ സംഭവത്തില്‍ രണ്ട് ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് താക്കീത് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉറപ്പുനല്‍കി. മാർക്ക് ലിസ്റ്റുകളിൽ പിഴവ് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മാസങ്ങൾ പിന്നിട്ടിട്ടും റിപ്പോർട്ട് സമർപ്പിച്ചില്ല എന്ന ന്യൂസ് മലയാളം വാർത്തയിലാണ് മന്ത്രിയുടെ ഇടപെടൽ.

ഈ അധ്യയന വർഷം പ്ലസ് ടു പൂർത്തിയാക്കിയ നാലര ലക്ഷത്തോളം വിദ്യാർഥികളിൽ മുപ്പതിനായിരത്തോളം വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകളിലാണ് പിഴവ് കണ്ടെത്തിയത്. വിദ്യാഭ്യാസമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും റിപ്പോർട്ട് ഇതുവരെ തയ്യാറാക്കിയിട്ടില്ല. സർട്ടിഫിക്കറ്റിൽ നാലാമതായി വരുന്ന വിഷയത്തിലെ ഒന്നാമത്തെയും രണ്ടാമത്തെയും വർഷത്തെ മാർക്കുകളിൽ വ്യത്യസ്ത മാർക്ക് ലഭിച്ചവരാണ് പ്രതിസന്ധി നേരിട്ടത്. ന്യൂസ് മലയാളം വാർത്തയ്ക്ക് പിന്നാലെ ജൂൺ 24ന് മന്ത്രി വി. ശിവൻകുട്ടി ഇടപെട്ട് അന്വേഷണം പ്രഖ്യാപിച്ചു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും റിപ്പോർട്ട് തയ്യാറാക്കിയില്ല.

വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി
പ്ലസ് ടു സർട്ടിഫിക്കറ്റുകളിലെ പിഴവിൽ എങ്ങുമെത്താതെ വിദ്യാഭ്യാസവകുപ്പിൻ്റെ അന്വേഷണം; കുറ്റക്കാരായ ജീവനക്കാരെ സംരക്ഷിക്കാൻ ശ്രമമെന്ന് ആക്ഷേപം

ഹയർസെക്കൻഡറി വിഭാഗം അക്കാദമിക് ജോയിൻ്റ് ഡയറക്ടർ, സംസ്ഥാന ഐടി സെൽ പ്രതിനിധി, സർക്കാർ പ്രസ് പ്രതിനിധി എന്നിവർ അടങ്ങുന്ന സമിതിയ്ക്കായിരുന്നു അന്വേഷണ ചുമതല.

അതീവ രഹസ്യസ്വഭാവമുള്ളതാണ് വിദ്യാർഥികളുടെ മാർക്ക് സർട്ടിഫിക്കറ്റ് അച്ചടി. ഹയർസെക്കൻഡറി പരീക്ഷ വിഭാഗം തയ്യാറാക്കുന്ന മാർക്ക് ലിസ്റ്റുകൾ ടെൻഡർ നേടിയ സ്ഥാപനത്തിന് കൈമാറും. ഇവരാണ് പിന്നീട് അച്ചടിക്കുശേഷം വിദ്യാഭ്യാസ വകുപ്പിന് സർട്ടിഫിക്കറ്റുകൾ കൈമാറുന്നത്. മിക്കവാറും സംസ്ഥാനത്തിന് പുറത്തുള്ള കരാറുകാരാണ് അച്ചടിക്കാർ. സോഫ്റ്റ്‌വെയർ വീഴ്ചയാണ് പിഴവിന് കാരണം എന്നാണ് വിദ്യാഭ്യാസ വകുപ്പ് പ്രാഥമികമായി നൽകിയ മറുപടി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com