"അനീതിക്ക് മുന്നിൽ തല കുനിക്കാത്ത നേതാവ്, ധൈര്യത്തിന്റെ പ്രതീകം"; സി. സദാനന്ദനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി

അതേസമയം ഒരു മേഖലയിലും പ്രാവീണ്യമില്ലാത്ത ബിജെപി പ്രവർത്തകനെ നാമനിർദേശം ചെയ്തത് അധാർമികമാണെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു
C sadanandan, Narendra Modi, സി സദാനന്ദൻ, നരേന്ദ്ര മോദി
നരേന്ദ്ര മോദി, സി. സദാനന്ദൻsource: X/ @narendramodi, @SadanandanMash
Published on

രാജ്യസഭയിലേക്കുള്ള നോമിനേഷൻ ലഭിച്ചതിന് പിന്നാലെ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി. സദാനന്ദനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സി. സദാനന്ദൻ ധൈര്യത്തിന്റെ പ്രതീകമാണെന്നും അനീതിക്ക് മുന്നിൽ തല കുനിക്കാത്ത നേതാവെന്നും നരേന്ദ്ര മോദി എക്സിൽ കുറിച്ചു. കെ. സുരേന്ദ്രനെ രാജ്യസഭയിലേക്ക് പരിഗണിക്കുന്നു എന്ന വാർത്തകൾക്കിടെയാണ് സദാനന്ദൻ മാസ്റ്റർക്ക് നറുക്ക് വീണത്.

സദാനന്ദൻ മാസ്റ്ററെന്ന് അഭിസംബോധന ചെയ്താണ് മോദിയുടെ കുറിപ്പ്. " അനീതിക്ക് മുന്നിൽ തലകുനിക്കാതിരിക്കാനുള്ള ധൈര്യത്തിന്റെയും പ്രതിരൂപമാണ് സി. സദാനന്ദൻ മാസ്റ്ററുടെ ജീവിതം. ദേശീയ വികസനത്തിനായുള്ള അദ്ദേഹത്തിന്റെ ആവേശത്തെ തടയാൻ അക്രമത്തിനും ഭീഷണിക്കും കഴിഞ്ഞില്ല. അധ്യാപകൻ, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിലും അദ്ദേഹത്തിന്റെ ശ്രമങ്ങൾ പ്രശംസനീയമാണ്. യുവജന ശാക്തീകരണത്തിൽ അതീവ അഭിനിവേശമുള്ളയാളാണ് അദ്ദേഹം," മോദി ആശംസ കുറിപ്പിൽ പറഞ്ഞു.

സി. സദാനന്ദനെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തത് സ്വാഗതം ചെയ്യുന്നെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യനും അഭിപ്രായപ്പെട്ടു. കേരളത്തിലെ ബിജെപിയെ എങ്ങനെയാണ് അടിച്ചമർത്തുന്നത് എന്നത് ഇനി രാജ്യം ചർച്ച ചെയ്യും. രാജ്യവും സർക്കാരും ജനങ്ങൾക്ക് കൂടെയുണ്ടെന്നാണ് അദ്ദേഹത്തിൻ്റെ നോമിനേഷനിലൂടെ വ്യക്തമാകുന്നതെന്നും ജോർജ് കുര്യൻ പറഞ്ഞു.

അതേസമയം സി. സദാനന്ദനെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തതിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ഏതെങ്കിലും മേഖലയിൽ പ്രാവീണ്യമുള്ള ആളെയാണ് സാധാരണഗതിയിൽ എംപി സ്ഥാനത്തേക്ക് നാമനിർദേശം ചെയ്യാറെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഒന്നുമല്ലാത്ത ഒരു ബിജെപി പ്രവർത്തകനെ നാമനിർദേശം ചെയ്തത് അധാർമികമാണെന്നും രാഷ്ട്രപതി ഇങ്ങനെ ചെയ്ത ചരിത്രമില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

C sadanandan, Narendra Modi, സി സദാനന്ദൻ, നരേന്ദ്ര മോദി
ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി. സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്; കേന്ദ്രം കേരളത്തോട് കാണിക്കുന്ന താൽപ്പര്യത്തിൻ്റെ ആവിഷ്കാരമെന്ന് ആദ്യ പ്രതികരണം

കണ്ണൂരിലെ പ്രമുഖ ആർഎസ്എസ് നേതാവ് കൂടിയായ സി. സദാനന്ദനെ രാഷ്ട്രപതിയാണ് രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തത്. സിപിഐഎം-ആർഎസ്എസ് സംഘർഷത്തിൽ സി. സദാനന്ദൻ്റെ ഇരുകാലുകളും നഷ്ടപ്പെട്ടിരുന്നു. പാർട്ടി തന്ന അംഗീകാരമാണിതെന്നും കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന താൽപ്പര്യത്തിൻ്റെ ആവിഷ്കാരമാണിതെന്നും സി. സദാനന്ദൻ പ്രതികരിച്ചു.

പ്രധാനമന്ത്രി രണ്ട് ദിവസം മുൻപ് സൂചന നൽകിയിരുന്നുവെന്നും ഇന്ന് സംസ്ഥാന അധ്യക്ഷൻ നേരിട്ട് വിവരം അറിയിച്ചതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജില്ലയിൽ പ്രതിസന്ധി നേരിട്ട് പ്രവർത്തിക്കുന്ന പാർട്ടി പ്രവർത്തകർക്കുള്ള അംഗീകാരമാണിത്. പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്തം അംഗീകാരമായി കരുതുന്നുവെന്നും സദാനന്ദൻ പറഞ്ഞു.

1994 ജനുവരി 25ന് രാത്രി 8.30ന് ബസിൽ നിന്നിറങ്ങി വീട്ടിലേക്ക് നടക്കവെ റോഡിൽ തള്ളിയിട്ട് രണ്ട് കാലുകളും വെട്ടിമാറ്റുകയായിരുന്നു. ആർഎസ്എസ് ജില്ലാ സർകാര്യവാഹക് ആയിരുന്നപ്പോഴായിരുന്നു ഈ ആക്രമണം. ഇതിന്റെ പ്രതികാരമായിരുന്നു എസ്എഫ്‌ഐ നേതാവ് കെ.വി. സുധീഷ് കൊലപാതകം. മുപ്പതാമത്തെ വയസ്സിലാണ് രണ്ട് കാലുകളും നഷ്ടമാക്കുന്നത്.

ഒരു ഇടതുപക്ഷ കുടുംബത്തിലാണ് ജനനം. വിരമിച്ച അധ്യാപകനായിരുന്ന അച്ഛൻ കുഞ്ഞിരാമൻ നമ്പ്യാർ ഇടതുപക്ഷ അനുഭാവിയായിരുന്നു. മൂത്ത സഹോദരനും അന്ന് സജീവ സിപിഐ (എം) പ്രവർത്തകനായിരുന്നു. 1999 മുതൽ തൃശൂരിലെ പേരാമംഗലം ശ്രീ ദുർഗ്ഗ വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ സാമൂഹ്യശാസ്ത്ര വിഭാഗം അധ്യാപകനാണ്.

C sadanandan, Narendra Modi, സി സദാനന്ദൻ, നരേന്ദ്ര മോദി
"കേരളത്തിലെ ബിജെപി നേതാക്കൾ ഒരുമിച്ച് പോകണം, മുൻ സംസ്ഥാന അധ്യക്ഷൻമാരുടെ അഭിപ്രായവും പരിഗണിക്കണം"; നിർദേശവുമായി അമിത് ഷാ

നാഷണൽ ടീച്ചേഴ്‌സ് യൂണിയൻ്റെ കേരള സംസ്ഥാന വൈസ് പ്രസിഡന്റ്, അതിന്റെ മുഖപത്രമായ 'ദേശീയ അധ്യാപക വാർത്ത'യുടെ എഡിറ്റർ, ആർ.എസ്.എസിന്റെ ബൗദ്ധിക വിഭാഗമായ ഭാരതീയ വിചാര കേന്ദ്രത്തിന്റെ സജീവ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായിരുന്നു. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ അദ്ദേഹത്തിൻ്റെ പ്രചാരണത്തിനെത്തിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com