പിഎം ശ്രീ ഫയലുകൾ എകെജി സെൻ്ററിൽ എത്തിച്ചു; ഒപ്പിടാൻ ഉണ്ടായ സാഹചര്യം എം. വി. ഗോവിന്ദൻ വിശദീകരിക്കും

പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട സർക്കാർ തീരുമാനത്തിനെതിരെ അധ്യാപക സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
cpim
Published on

തിരുവനന്തപുരം: കേന്ദ്രസർക്കാരിൻ്റ പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പിട്ടതിന് പിന്നാലെ പ്രതിഷേധം കനക്കുന്നു. പ്രതിഷേധങ്ങൾക്കിടെ പദ്ധതിയിൽ ഒപ്പിടാൻ ഉണ്ടായ സാഹചര്യം സിപിഐഎം വിശദീകരിക്കും. ഇതിനായി പിഎം ശ്രീയുമായി ബന്ധപ്പെട്ട ഫയലുകൾ എകെജി സെൻ്ററിൽ എത്തിച്ചു. പിഎം ശ്രീ വിഷയം ഗൗരവതരം എന്ന് മന്ത്രി കെ. രാജൻ പ്രതികരിച്ചു. ഇപ്പോൾ പ്രതികരിക്കാനില്ലെന്നും പാർട്ടി നിലപാട് പറയുമെന്നും മന്ത്രി അറിയിച്ചു. പ്രതികരിക്കേണ്ട ഘട്ടം വന്നാൽ പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേത്തു.

പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട സർക്കാർ തീരുമാനത്തിനെതിരെ അധ്യാപക സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. തീരുമാനത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നും, പദ്ധതിയിൽ ഒപ്പിട്ടതിലൂടെ ഇടതുപക്ഷ സർക്കാരിൻ്റെ ഇരട്ടത്താപ്പ് വ്യക്തമായെന്നും എഎച്ച്എസ്‌ടിഎ അറിയിച്ചു. സ്കൂളുകളെ സംഘപരിവാർ അജണ്ടകളുടെ പരീക്ഷണശാലയാക്കാൻ നടത്തുന്ന നീക്കം അപലപനീയമെന്നും എഎച്ച്എസ്‌ടിഎ വ്യക്തമാക്കി.

cpim
പിഎം ശ്രീയിൽ വിദ്യാഭ്യാസ വകുപ്പിന് അഭിനന്ദനം; ശിവൻകുട്ടിയെ നേരിൽ കണ്ട് എബിവിപി പ്രവർത്തകർ

നിലപാടില്ലാത്ത സർക്കാരായി പിണറായി സർക്കാർ മാറിയെന്ന് ആര്‍എസ്‌പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പറഞ്ഞു. തലയിൽ മുണ്ടിട്ട് പോയിട്ടാണ് പദ്ധതിയിൽ ഒപ്പിട്ടത്. പ്രതിവർഷം 200 കോടി കിട്ടുന്നതിന് വേണ്ടിയാണ് പദ്ധതിയിൽ ഒപ്പിട്ടത്. അമിത് ഷാ പറയുന്നതേ പിണറായി നടപ്പാക്കൂവെന്നും എം. വി. ഗോവിന്ദന് മറുപടി പറയാൻ പോലും കഴിയുന്നില്ലെന്നും ഷിബു ബേബി ജോൺ കുറ്റപ്പെടുത്തി. ബിനോയ് വിശ്വം കഥയറിയാതെ ആട്ടം കാണുകയാണ് എന്നും, അദ്ദേഹത്തിൻ്റെ നിലപാടില്ലായ്മ സിപിഐയുടെ ചരമഗീതം കുറിക്കും എന്നും ഷിബു ബേബി ജോൺ പറഞ്ഞു.

സിപിഐഎമ്മിൻ്റേത് മുന്നണി മര്യാദയുടെ ലംഘനമെന്ന് പി. സന്തോഷ്‌കുമാർ എംപി പ്രതികരിച്ചു. തമിഴ്‌നാടിനെ കണ്ടു പഠിക്കണമെന്നും, ഗോളി തന്നെ സെൽഫ് ഗോൾ അടിക്കരുത് എന്നും സന്തോഷ്‌കുമാർ എം പി പറഞ്ഞു. എന്നാൽ പിഎം ശ്രീ നടപ്പാക്കുന്നതിലൂടെ മുന്നണിയിൽ ഒരു പ്രശ്നവുമുണ്ടാകില്ലെന്ന് സിപിഐഎം നേതാവ് ഇ. പി. ജയരാജൻ വ്യക്തമാക്കി. എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്ത് പരിഹരിക്കുമെന്നും, ഒന്നും അന്തിമമായ കാര്യം അല്ലെന്നും ജയരാജൻ വ്യക്തമാക്കി. പിഎം ശ്രീയിൽ വിദ്യാഭ്യാസ മന്ത്രി തന്നെ എല്ലാം പറഞ്ഞിട്ടുണ്ടെന്നും, കൂടുതലൊന്നും പറയാനില്ലെന്നും  മന്ത്രി എം. ബി. രാജേഷ് പറഞ്ഞു.

cpim
പിഎം ശ്രീയിൽ ഒപ്പിട്ടത് നയം മാറ്റമല്ല, 5000 കോടി വേണ്ടെന്ന് വയ്ക്കാൻ കേരളത്തിൻ്റെ ധനസ്ഥിതി അനുവദിക്കുന്നില്ല: തോമസ് ഐസക്ക്

പിഎം ശ്രീയിൽ ഒപ്പുവച്ചതോടെ കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ സംഘപരിവാറിന് വിറ്റുവെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ സംഘപരിവാർ രാഷ്ട്രീയത്തിന് തുറന്നു നൽകുന്നു. ഇത് വരും തലമുറയോട് ചെയ്ത പാതകമാണ്. വലിയ ഡീലിൻ്റെ ഭാഗമായാണ് ഇത്തരം നീക്കം നടക്കുന്നതെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി. കർണാടകയിലും തെലുങ്കാനയിലും പദ്ധതിയിൽ സൈൻ ചെയ്തത് കോൺഗ്രസ് സർക്കാർ അല്ലെന്നും, അന്ന് ഭരിച്ചിരുന്നത് ബിജെപി ആണെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയം എൽഡിഎഫിൽ ചർച്ച ചെയ്യുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം. എ. ബേബി പറഞ്ഞതാണ്. എന്നാൽ ഒരു ചർച്ചയും ഉണ്ടായില്ല. വിദ്യാഭ്യാസം എന്നത് സംസ്ഥാനത്തിനും കേന്ദ്രത്തിനും ഒരുപോലെ അവകാശമുള്ളതാണ്. കേരളം സുപ്രീംകോടതിയിൽ പോകണമായിരുന്നു. മുൻപ് ഫണ്ട് തരാതെ കേന്ദ്രം സംസ്ഥാനത്തെ ഞെരുക്കിയപ്പോഴും സുപ്രീം കോടതിയിൽ പോയിരുന്നു. അതായിരുന്നു സ്വീകരിക്കേണ്ട നയം എന്നും ആർജെഡി സെക്രട്ടറി ജനറൽ ഡോ. വർഗീസ് ജോർജ് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com