പിഎം ശ്രീയില്‍ ഐക്യം നഷ്ടപ്പെട്ട് യുഡിഎഫ്; സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുന്നുവെന്ന് ശിവന്‍കുട്ടി, യു ടേണ്‍ സര്‍ക്കാരെന്ന് ബ്രിട്ടാസ്

പദ്ധതിയില്‍നിന്ന് പിന്നോട്ടില്ലെന്നാണ് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ഇന്നലെ മുന്നണി യോഗത്തിനുശേഷം മാധ്യമങ്ങളെ അറിയിച്ചത്
പിഎം ശ്രീയില്‍ ഐക്യം നഷ്ടപ്പെട്ട് യുഡിഎഫ്; സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുന്നുവെന്ന് ശിവന്‍കുട്ടി, യു ടേണ്‍ സര്‍ക്കാരെന്ന് ബ്രിട്ടാസ്
Published on
Updated on

ഏറെ വിവാദമായ പിഎം ശ്രീ പദ്ധതിയില്‍ ഐക്യം നഷ്ടപ്പെട്ട് യുഡിഎഫ്. പദ്ധതിയില്‍നിന്ന് പിന്നോട്ടില്ലെന്നാണ് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ഇന്നലെ മുന്നണി യോഗത്തിനുശേഷം മാധ്യമങ്ങളെ അറിയിച്ചത്. പിന്മാറിയാല്‍ ഫണ്ട് ലഭിക്കില്ലെന്ന വാദമാണ് അദ്ദേഹം മുന്നോട്ടുവച്ചത്. എന്നാല്‍ യുഡിഎഫ് യോഗത്തില്‍ അത്തരമൊരു ചര്‍ച്ച നടന്നിട്ടില്ലെന്നാണ് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. പിഎം ശ്രീയില്‍ നിലപാട് യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞിട്ടുണ്ടെന്നാണ് ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തലയുടെ വാക്കുകള്‍. ഒപ്പിട്ടത് കഴിഞ്ഞ സര്‍ക്കാരാണെന്ന വാദം തന്നെയാണ് രമേശ് ചെന്നിത്തലയും മുന്നോട്ടുവച്ചത്. അതേസമയം, പിഎം ശ്രീയില്‍ കേരളം പങ്കാളിയല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്. സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും, യുഡിഎഫ് യു ടേണ്‍ സര്‍ക്കാരായെന്ന് ജോണ്‍ ബ്രിട്ടാസ് എംപിയും വിമര്‍ശിച്ചു.

പിന്മാറാന്‍ പറ്റാത്ത ധാരണപത്രത്തിലാണ് എൽഡിഎഫ് സർക്കാർ ഒപ്പുവെച്ചതെന്നായിരിക്കുന്നു പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാൻ മുഖ്യമന്ത്രി വി.ഡി. സതീശനും വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദീനും പറഞ്ഞുവന്ന ന്യായം. പിഎം ശ്രീയില്‍ ഇനി പിന്നോട്ടുപോകാന്‍ കഴിയില്ലെന്ന് ഇന്നലെ യുഎഡിഎഫ് യോഗത്തിനുശേഷം അടൂര്‍ പ്രകാശും മാധ്യമങ്ങളോട് അറിയിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ ഒപ്പിട്ട പദ്ധതിയാണിത്. കരാറില്‍നിന്ന് പിന്മാറാനാവില്ല. ഏതെല്ലാം വിദ്യാലയങ്ങളില്‍ പദ്ധതി നടപ്പാക്കണമെന്ന കാര്യം യുഡിഎഫ് തീരുമാനിക്കും. മന്ത്രിസഭാ ഉപസമിതി റിപ്പോര്‍ട്ട് വന്നതിനു ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ എന്നും അടൂര്‍ പ്രകാശ് അറിയിച്ചു. ഇന്ന് ആ വാക്കുകള്‍ അദ്ദേഹം തിരുത്തി. പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞിട്ടില്ലെന്നായിരുന്നു തിരുത്ത്.

യോഗത്തില്‍ വിഷയം ചര്‍ച്ചയായപ്പോള്‍ മുസ്ലീം ലീഗ് ഉള്‍പ്പെടെ കക്ഷികളൊന്നും എതിര്‍പ്പ് ഉന്നയിച്ചിരുന്നില്ലെന്ന റിപ്പോര്‍ട്ടുകളും പിന്നാലെ വന്നു. പിഎം ശ്രീയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ മുന്നോട്ടുവച്ച വാദങ്ങള്‍ മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ പി.കെ. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ നേതാക്കള്‍ അംഗീകരിക്കുകയായിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, യോഗത്തില്‍ പിഎം ശ്രീ ചര്‍ച്ചയായില്ലെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മന്ത്രിസഭാ ഉപസമിതി റിപ്പോര്‍ട്ട് വന്നശേഷമേ തീരുമാനമാകൂ. കേന്ദ്രം പറയുന്ന വ്യവസ്ഥകള്‍ ഒരു കാരണവശാലും കേരളത്തില്‍ നടപ്പാകില്ല. വിഷയത്തില്‍ യുഡിഎഫിനും ലീഗിനും ഒരേ അഭിപ്രായമാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

പിഎം ശ്രീയില്‍ ഐക്യം നഷ്ടപ്പെട്ട് യുഡിഎഫ്; സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുന്നുവെന്ന് ശിവന്‍കുട്ടി, യു ടേണ്‍ സര്‍ക്കാരെന്ന് ബ്രിട്ടാസ്
ജനല്‍ ചില്ലുകള്‍ അടിച്ചുപൊട്ടിക്കും... കുടിവെള്ള ടാങ്കിൽ കുളിക്കും; മട്ടാഞ്ചേരി സര്‍ക്കാര്‍ സ്കൂളില്‍ സാമുഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം

പിഎം ശ്രീയില്‍ ഒപ്പിട്ടത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണെന്നും, പിന്മാറാനാവില്ലെന്നുമുള്ള വാദമാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മുന്നോട്ടുവച്ചത്. പദ്ധതി ഒപ്പിട്ട സാഹചര്യത്തില്‍ ഇനി എന്തു വേണമെന്ന ചര്‍ച്ചയാണ് യുഡിഎഫ് യോഗത്തില്‍ നടന്നത്. കരിക്കുലം, സ്കൂളുകളുടെ തിരഞ്ഞെടുപ്പ് എന്നിവയില്‍ സര്‍ക്കാരിന് സ്വാതന്ത്ര്യം വേണം എന്നിങ്ങനെ കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്. ഒപ്പിട്ട പദ്ധതിയില്‍നിന്ന് പിന്മാറിയാല്‍ ഫണ്ട് ലഭിക്കില്ല. പദ്ധതി ഒപ്പിട്ട് കേന്ദ്ര സര്‍ക്കാരില്‍നിന്ന് ഫണ്ട് വാങ്ങിയശേഷം യുഡിഎഫ് സര്‍ക്കാരിന്റെ തലയില്‍ കേറണ്ട എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം, കേരളത്തില്‍ പിഎം ശ്രീ പദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിരുന്നു. ധാരണാപത്രം ഒപ്പുവച്ചതല്ലാതെ, സ്കൂളുകള്‍ തിരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ സംസ്ഥാന സര്‍ക്കാര്‍ പങ്കാളിയായിട്ടില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. കോണ്‍ഗ്രസ് എംപി ജെബി മേത്തറിന്റെ ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരിയാണ് രാജ്യസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. പിഎം ശ്രീ സ്കൂളുകളുടെ പട്ടികയിൽ കേരളത്തിലെ സംസ്ഥാന സർക്കാർ സ്കൂളുകളുടെ എണ്ണം പൂജ്യമാണ്. ‌കേരളത്തിൽ തിരഞ്ഞെടുക്കപ്പെട്ട 47 സ്കൂളുകളും കേന്ദ്ര സർക്കാരിന് കീഴിലുള്ളവയാണ്. എസ്എസ്കെയിലെ റൈറ്റ് ടു എജ്യുക്കേഷൻ വിഹിതമായ 99.27 കോടി രൂപ മാത്രമാണ് കേരളത്തിന് കേന്ദ്രം നൽകിയത്. എം ശ്രീക്കായി പ്രത്യേകം ഫണ്ടുകളൊന്നും നൽകിയിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. പിഎം ശ്രീ പദ്ധതിയില്‍നിന്ന് സംസ്ഥാനങ്ങള്‍ക്ക് പിന്മാറുകയോ ഒപ്പിടാതിരിക്കുകയോ ചെയ്യാമെന്ന് അബ്ദുൽ വഹാബ് എംപിയുടെ ചോദ്യത്തിനും ജയന്ത് ചൗധരിയുടെ മറുപടി നല്‍കിയിരുന്നു.

പദ്ധതിയെ എതിര്‍ത്തവര്‍ അധികാരത്തിലെത്തിയപ്പോള്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്ന വിമര്‍ശനമാണ് വി. ശിവന്‍കുട്ടി ഉയര്‍ത്തിയത്. പദ്ധതി നടപ്പാക്കും എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ജനങ്ങളെ വഞ്ചിക്കലാണ്. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഒരു സ്കൂൾ പോലും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല എന്നുള്ളത് കേന്ദ്രമന്ത്രിയുടെ മറുപടിയിൽ നിന്നും വ്യക്തമാണ്. എസ്എസ്‌കെ ഫണ്ട് മാത്രമാണ് കേരളത്തിന് ലഭിച്ചത്. പിഎം ശ്രീയില്‍ ഒപ്പിടാത്ത തമിഴ്‌നാടിനും അത് ലഭിച്ചിട്ടുണ്ട്. എന്നാല്‍ അതിനെ പിഎം ശ്രീയുടെ അക്കൗണ്ടില്‍പ്പെടുത്തി യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ്. പിഎം ശ്രീ പദ്ധതിയുടെ കാലാവധി അവസാനിക്കാൻ ഏഴുമാസം മാത്രമാണുള്ളത്. അതുമായി ബന്ധപ്പെട്ട് നിരവധി കടമ്പകളുണ്ട്. ഇതൊന്നും മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും പഠിച്ചിട്ടില്ല. പദ്ധതി മരവിപ്പിക്കുവാൻ സംസ്ഥാന സർക്കാരിന് പൂർണ അധികാരമുണ്ട്. ലഭിക്കാത്ത ഫണ്ടിന്റെ പേരിൽ ജനങ്ങളെ വഞ്ചിക്കുന്ന നിലപാടിൽ നിന്ന് സർക്കാർ പിൻമാറണം. യുഡിഎഫിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഇരട്ടത്താപ്പാണ് പിഎം ശ്രീയിൽ സ്വീകരിച്ചത്. അന്ന് ഉന്നയിച്ച ആരോപണങ്ങൾ വ്യാജമായിരുന്നോ അതോ, ഇപ്പോൾ ബിജെപിയുമായി സമരസപ്പെട്ടു പോകുന്നു എന്നാണോ മനസിലാക്കേണ്ടതെന്നും ശിവന്‍കുട്ടി ചോദിച്ചു.

പിഎം ശ്രീയില്‍ ഐക്യം നഷ്ടപ്പെട്ട് യുഡിഎഫ്; സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുന്നുവെന്ന് ശിവന്‍കുട്ടി, യു ടേണ്‍ സര്‍ക്കാരെന്ന് ബ്രിട്ടാസ്
കാടുപിടിച്ച് നശിച്ച് സംസ്ഥാനത്തെ ആദ്യ സ്പോർട്‍സ് മെഡിസിൻ ഇന്‍സ്റ്റിറ്റ്യൂട്ട്; വര്‍ഷങ്ങളായി തെരുവുനായ്ക്കളുടെ കളിയിടം

യുഡിഎഫ് സര്‍ക്കാര്‍ യു ടേണ്‍ സര്‍ക്കാരായി മാറിയിരിക്കുന്നുവെന്നായിരുന്നു ജോണ്‍ ബ്രിട്ടാസ് എംപിയുടെ വിമര്‍ശനം. പിഎം ശ്രീയില്‍ യുഡിഎഫ് നേതാക്കളുടെ പ്രതികരണങ്ങളെല്ലാം അവരെ തിരിഞ്ഞുകൊത്തുന്നില്ലേ എന്ന് ചോദ്യം ഉയര്‍ത്തുന്നുണ്ട്. വി.ഡി. സതീശന്റെ കാപട്യത്തിന്റെ മൂടുപടം വലിച്ചുകീറാന്‍വേണ്ടി അബ്ദുല്‍ വഹാബും, ജെബി മേത്തറും രംഗത്തുവരുമെന്ന് പ്രതീക്ഷിച്ചില്ല. പിഎം ശ്രീയില്‍നിന്ന് പിന്മാറാമെന്ന് കേന്ദ്രമന്ത്രി തന്നെ എംപിമാര്‍ക്ക് മറുപടി നല്‍കി. പിഎം ശ്രീയുമായി മുന്നോട്ടുപോകണമെന്നുണ്ടെങ്കില്‍, ഞങ്ങളെടുത്ത നിലപാട് തെറ്റിപ്പോയി, വീഴ്ച പറ്റിയെന്ന് അവര്‍ കേരള സമൂഹത്തോട് പറയണം. അല്ലെങ്കില്‍ മുന്നോട്ടുപോകാന്‍ ഞങ്ങള്‍ക്ക് സമ്മര്‍ദമുണ്ട്. ബിജെപി പറഞ്ഞാല്‍ കേള്‍ക്കാതിരിക്കാന്‍ പറ്റില്ല. അതുകൊണ്ട് കേരള സമൂഹത്തോട് മാപ്പ് അപേക്ഷിക്കുന്നു എന്ന് പറഞ്ഞ് അവര്‍ക്ക് മുന്നോട്ടുപോകാമായിരുന്നു. ഇങ്ങനെ പച്ചക്കള്ളം പറഞ്ഞ് ജനങ്ങളുടെ മുന്നില്‍ ഇളിഭ്യരാകേണ്ടതില്ലായിരുന്നു. എന്തെങ്കിലും ഉളുപ്പുണ്ടെങ്കില്‍ മുസ്ലീം ലീഗ് ഈ പരിപാടി അവസാനിപ്പിക്കണമെന്നും ജോണ്‍ ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.

പിഎം ശ്രീ സംബന്ധിച്ച ചര്‍ച്ചകള്‍ യുഡിഎഫില്‍ തുടരുമെന്നു തന്നെയാണ് സൂചന. മുന്‍ സര്‍ക്കാരിനെ പഴിചാരി മുന്നോട്ടുപോകാനാകില്ലെന്ന് കേന്ദ്രമന്ത്രിയുടെ മറുപടിയോടെ വ്യക്തമായ സ്ഥിതിക്ക്, പ്രതിരോധത്തിന് പുതിയ മാര്‍ഗങ്ങള്‍ മുന്നണിക്ക് കണ്ടെത്തേണ്ടിവരും. ലീഗ് നേതാക്കളില്‍ ഒരു വിഭാഗം ഇപ്പോഴും പദ്ധതിക്ക് എതിരാണ്. പ്രതിപക്ഷത്തായിരുന്നപ്പോള്‍ സ്വീകരിച്ച നിലപാടില്‍നിന്ന് വ്യതിചലിക്കുന്നത് സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഇല്ലാതാക്കുമെന്ന അഭിപ്രായവും കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നുതന്നെ ഉയരുന്നുമുണ്ട്. യുഡിഎഫിലെ ഇത്തരം അഭിപ്രായഭിന്നതയും നിലപാടില്ലായ്മയും മുന്‍നിര്‍ത്തി ആക്രമണം കടുപ്പിക്കാനാണ് ഇടതുപക്ഷത്തിന്റെയും നീക്കം.

News Malayalam 24x7
newsmalayalam.com