"ഒന്നാന്തരം വരികളാണ്, ലളിതവും ആകർഷകവുമായി ആദ്യവരികൾ എഴുതാനാവുക വലിയ കാര്യം"; വേടൻ്റെ റാപ് ഗാനത്തെ പ്രശംസിച്ച് മനോജ് കുറൂർ

വയലാറും ഭാസ്കരനും ഒഎൻവിയും വരികൾ എഴുതിയ സ്ഥാനത്ത് എന്നൊക്കെ കേൾക്കുമ്പോൾ ചിരിക്കണോ കരയണോ എന്നൊരു സംശയം വരുന്നുണ്ടെന്നും മനോജ് കുറൂർ
"ഒന്നാന്തരം വരികളാണ്, ലളിതവും ആകർഷകവുമായി ആദ്യവരികൾ എഴുതാനാവുക വലിയ കാര്യം"; വേടൻ്റെ റാപ് ഗാനത്തെ പ്രശംസിച്ച് മനോജ് കുറൂർ
Published on

കൊച്ചി: സംസ്ഥാന ചലചിത്ര പുരസ്കാരം ലഭിച്ചതിന് പിന്നാലെ വേടൻ്റെ റാപ് ഗാനത്തെ പ്രശംസിച്ച് കവിയും നോവലിസ്റ്റുമായ മനോജ് കുറൂർ. ലളിതവും ആകർഷകവുമായി പോയറ്റിക് ആയി പാട്ടിൻ്റെ ആദ്യവരികൾ എഴുതാനാകുന്നത് വലിയ കാര്യമാണെന്നും റാപ് ഗാനത്തിൻ്റെ ചടുലമായ ആലാപനത്തിന് ഇണങ്ങുന്ന മട്ടിലാണ് വേടൻ്റെ മുഴുവൻ വരികളെന്നും മനോജ് കുറൂർ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

മുൻകൂർ ആയി ഒരു കാര്യം: വേടന്റെ പാട്ടിനെപ്പറ്റി മാത്രമാണ് ഈ കുറിപ്പ്.

'വിയർപ്പു തുന്നിയിട്ട കുപ്പായം - അതിൻ

നിറങ്ങൾ മങ്ങുകില്ല കട്ടായം'

ഒന്നാന്തരം വരികളാണ്. എട്ടുപത്തു സിനിമകളിൽ പാട്ടെഴുതിയ അനുഭവത്തിൽനിന്നു പറയട്ടെ, ഇത്ര ലളിതവും ആകർഷകവുമായി, പോയറ്റിക് ആയി പാട്ടിൻ്റെ ആദ്യവരികൾ എഴുതാനാകുന്നത് വലിയ കാര്യമാണ്. റാപ് ഗാനത്തിൻ്റെ ചടുലമായ ആലാപനത്തിന് ഇണങ്ങുന്ന മട്ടിലാണ് മുഴുവൻ വരികളും. സിനിമയുടെ സന്ദർഭത്തിനും മൂഡിനുമനുസരിച്ചാണല്ലൊ അതിൽ ഗാനങ്ങൾ ചേർക്കുന്നത്. റാപ് സംഗീതത്തെപ്പറ്റി, അതിൻ്റെ സംസ്കാരത്തെപ്പറ്റി നേരത്തേതന്നെ കുറേയേറെ എഴുതുകയും പറയുകയും ചെയ്തിട്ടുള്ളതുകൊണ്ട് ആവർത്തിക്കുന്നില്ല. എങ്കിലും ഒരു കാര്യം മാത്രം പറയാം. റാപ്പിന്റെ- ഹിപ് ഹോപ്പിന്റെ- രാഷ്ട്രീയം അണ്ടർ ഗ്രൗണ്ട് കൾച്ചറിന്റെ ഭാഗമായാണ് ലോകമെങ്ങും വികസിച്ചുവന്നത്.

സമൂഹത്തിന്റെ ഒരു നിയമങ്ങളും അത് കൂട്ടാക്കുകയില്ല; ലാവണ്യനിയമങ്ങളും അങ്ങനെത്തന്നെ. അതിൽ ഏതൊക്കെയാണ് നമുക്ക് സ്വീകാര്യമാകുന്നത് എന്നതിനെക്കുറിച്ചു നമ്മളിരുന്ന് വേവലാതി കൊള്ളുക എന്നത് മാത്രമേ നിർവ്വാഹമുള്ളൂ. അത് പൊതുസമൂഹത്തിന്റെ ഭാഗമായി മാറില്ല. പകരം അത് വിധ്വംസകമായ മറ്റു വഴികൾ തേടിക്കൊണ്ടിരിക്കുകതന്നെ ചെയ്യും. ആ സംസ്കാരത്തിന്റെ സവിശേഷതയും അതാണ്. അതിൻ്റെ രാഷ്ട്രീയം പോസിറ്റീവ്/ നെഗറ്റീവ് എന്നു വേർതിരിക്കാനാവാത്തവിധം വളരെ സങ്കീർണമാണ്. പിന്നെ, വയലാറും ഭാസ്കരനും ഒഎൻവിയും വരികൾ എഴുതിയ സ്ഥാനത്ത് എന്നൊക്കെ കേൾക്കുമ്പോൾ ചിരിക്കണോ കരയണോ എന്നൊരു സംശയം വരുന്നുണ്ട്. ഒന്നാമത്, റാപ്പിന് അങ്ങനെയൊരു ഗാനസംസ്കാരമേയല്ല ഉള്ളത്. അതിനെ അതിൻ്റെ വഴിക്കു വിടുകയേ പറ്റൂ.

അനുബന്ധം: ഇപ്പോഴുള്ളതൊന്നും കൊള്ളില്ല എന്നു സ്ഥാപിക്കാൻ മുൻകാലങ്ങളിൽ ജീവിച്ച മഹാന്മാരായ മറ്റു ചിലരെപ്പറ്റി ഗൃഹാതുരത്വംകൊണ്ട ഒരാളോട് എന്റെയൊരു സുഹൃത്തു പറഞ്ഞതിങ്ങനെ: 'അവരൊന്നും ഇനി എന്തായാലും ഇങ്ങോട്ടു വരാൻ ഭാവമുണ്ടെന്നു തോന്നുന്നില്ല. താൻ അങ്ങോട്ടു പോവ്വാ ഭേദം!'

Related Stories

No stories found.
News Malayalam 24x7
newsmalayalam.com